Quantcast

വീണ്ടും ഏഷ്യന്‍ കരുത്ത്; ആവേശപ്പോരില്‍ യുറുഗ്വായിയെ സമനിലയില്‍ പൂട്ടി ദ.കൊറിയ

തുടക്കത്തിൽ ദക്ഷിണ കൊറിയ ആധിപത്യം പുലർത്തിയ മത്സരത്തിൽ യുറുഗ്വായ് ശക്തമായി തിരിച്ചുവന്നെങ്കിലും ഇരുടീമിനും ഒരുഘട്ടത്തിലും ലക്ഷ്യം കാണാനായില്ല

MediaOne Logo

Web Desk

  • Updated:

    2022-11-24 15:48:47.0

Published:

24 Nov 2022 1:59 PM GMT

വീണ്ടും ഏഷ്യന്‍ കരുത്ത്; ആവേശപ്പോരില്‍ യുറുഗ്വായിയെ സമനിലയില്‍ പൂട്ടി ദ.കൊറിയ
X

ദോഹ: ഒരിക്കൽകൂടി ഫുട്‌ബോൾ കരുത്തന്മാരെ വിറപ്പിച്ച് ഏഷ്യൻ സംഘം. അൽജനൂബ് സ്റ്റേഡിയത്തിൽ അവസാന മിനിറ്റ് വരെ ആവേശം വാനോളം കത്തിനിന്ന യുറുഗ്വായിയെ ദക്ഷിണ കൊറിയ സമനിലയിൽ പൂട്ടി. മത്സരത്തിന്റെ പലഘട്ടങ്ങളിലും ആധിപത്യം തുടർന്ന കൊറിയൻപടയ്ക്കു മുന്നിൽ സുവാരസും ന്യൂനസും കവാനിയും അടങ്ങുന്ന കരുത്തന്മാരുടെ സംഘം പതറുന്നതും കാണാമായിരുന്നു. എന്നാൽ, ശക്തമായി തിരിച്ചുവന്ന ലാറ്റിനമേരിക്കൻ സംഘത്തിനു പക്ഷെ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യം കാണാനുമായില്ല.

ദോഹയിൽ മറ്റൊരു ഏഷ്യൻ അട്ടിമറിയുണ്ടാകുമോ എന്ന് ആരാധകർ ഉറ്റുനോക്കിയ മത്സരത്തിൽ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. പ്രതീക്ഷിച്ചതിലും മികച്ച മത്സരമാണ് ആരാധകർക്കായി യുറുഗ്വായിയും ദക്ഷിണ കൊറിയയും കാത്തുവച്ചത്. ആദ്യ പകുതി അവസാനിക്കുംവരെ ഇഞ്ചോടിഞ്ച് പോരാടിനിൽക്കുകയാണ് ഇരുടീമുകളും. പല ഘട്ടങ്ങളിലായി തുറന്നുവന്ന അവസരങ്ങൾ മുതലെടുക്കാൻ രണ്ടു ടീമുകൾക്കുമായില്ല.

ആദ്യ മിനിറ്റ് മുതൽ ആക്രമിച്ചുകളിക്കുന്ന കൊറിയൻ സംഘത്തെയാണ് ജനൂബിൽ കണ്ടത്. ആദ്യ പകുതിയുടെ പാതി പിന്നിടുമ്പോഴും ഗ്രൗണ്ടിൽ ആധിപത്യം ഉറപ്പിച്ച ദക്ഷിണ കൊറിയയ്ക്കു മുന്നിൽ കരുത്തരായ യുറുഗ്വായ് മുന്നേറ്റനിര ഉഴറുന്നതും കാണാനായി.

17-ാം മിനിറ്റിൽ ലോങ് ബോൾ സ്വീകരിക്കാൻ ഓടിയെത്തിയ യുറുഗ്വായിയുടെ മധ്യനിര താരം ഫെഡറിക്കോ വെൽവെർദെയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ഇതിനുശേഷമാണ് യുറുഗ്വായ് മത്സരത്തിൽ ഒന്നുകൂടി ഉണർന്നുകളിച്ചത്. 21-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം യുറുഗ്വെയ്ക്ക് മുതലെടുക്കാനായില്ല. മുന്നേറ്റ താരം ഡാർവിൻ ന്യൂനസിന് ലക്ഷ്യം കണ്ടെത്തുന്നതിൽ പിഴച്ചു.

35-ാം മിനിറ്റിൽ ലഭിച്ച മികച്ചൊരു അവസരം കൊറിയയുടെ ഹവാങ് യൂയി പാഴാക്കി. മത്സരത്തിൽ കൊറിയയ്ക്ക് ലഭിച്ച ആദ്യത്തെ നേരിട്ടുള്ള അവസരമായിരുന്നു ഇത്. സുവർണാവസരമാണ് ഹവാങ് വിട്ടുകളഞ്ഞത്. തുടർന്നങ്ങോട്ട് ബെന്റാക്കറും വെൽവെർദയും ചേർന്ന് മൈതാനത്തിലൂടെ നിറഞ്ഞുകളിക്കുകയായിരുന്നു. പന്ത് സ്വീകരിച്ചും മധ്യനിരയിൽ ടീമിനു വേണ്ടി അവസരങ്ങൾ സൃഷ്ടിച്ചും കൂട്ടുകെട്ട് മുന്നേറി. ഇതിനിടെയ 40-ാം മിനിറ്റിൽ കൊറിയയുടെ ഹവാങ് ഇൻ ബിയോം ലോങ് റേഞ്ച് ഷോട്ടിലൂടെ ഭാഗ്യപരീക്ഷണത്തിനു മുതിർന്നെങ്കിലും ഫലം കണ്ടില്ല.

ദക്ഷിണ കൊറിയ പന്ത് നിയന്ത്രണത്തിലാക്കിയ നിമിഷങ്ങൾക്കു പിന്നാലെ യുറുഗ്വായ് നടത്തിയ കൗണ്ടർ അറ്റാക്ക് കണ്ടു അവസാന നിമിഷം. 44-ാം മിനിറ്റിൽ യുറുഗ്വായ് പ്രതിരോധ താരം ഡിയോഗോ ഗോഡിന്റെ തകർപ്പൻ ഹെഡർ. ഗോളെന്നുറപ്പിച്ച നിമിഷം! പക്ഷെ പന്ത് കൊറിയൻ ബാറിലിടിച്ച് തെറിച്ചു.

ആവേശകരമായ ആദ്യ പകുതിക്കുശേഷം അൽപം മന്ദഗതിയിലാണ് രണ്ടാം പകുതി തുടങ്ങിയത്. അനാവശ്യമായി ലോങ് ബോൾ കളിച്ചും പന്ത് കൈയിൽവച്ചും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ഇരുടീമും ശ്രമിക്കുന്നതു കണ്ടില്ല. വീണ്ടും കൊറിയ ആധിപത്യം പുലർത്തുന്നതാണ് പിന്നീട് കണ്ടത്. കൗണ്ടർ അറ്റാക്കിലൂടെ ഗോൾ കണ്ടെത്താനുള്ള യുറുഗ്വായ് ശ്രമവും വിജയിച്ചില്ല.

64-ാം മിനിറ്റിൽ സൂപ്പർ താരം ലൂയി സുവാരസിനെ യുറുഗ്വായ് പിൻവലിച്ചു. പകരമെത്തിയത് എഡിൻസൻ കവാനി. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും നിറഞ്ഞുകളിക്കുന്ന കാഴ്ചയാണ് കണ്ടത്.

71-ാം മിനിറ്റിൽ കൊറിയയ്ക്കു മുന്നിൽ ഒരു അർധാവസരം തുറന്നുകിട്ടി. സൺ ഹിയൂങ് മിൻ തൊടുത്തുവിട്ട മികച്ചൊരു ക്രോസ്ഫീൽഡ് പാസിൽ മറുവശത്ത് ഹവാങ് യൂയി ജോയുടെ കാലിലെത്തും മുൻപ് സെർജിയോ റോഷറ്റ് ക്ലിയർ ചെയ്തുകളഞ്ഞു.

81-ാം മിനിറ്റിൽ യുറുഗ്വായ്ക്ക് വീണ്ടും അവസരം. ഡാർവിൻ ന്യൂനസിന്റെ കിടിലൻ ഷോട്ട് കൊറിയൻ ബാറിനെ ചുംബിച്ചാണ് കടന്നുപോയത്. 90-ാം മിനിറ്റിൽ വീണ്ടും യുറുഗ്വേയുടെ കിടിലൻ നീക്കം. വാൽവെർദെയുടെ തീയുണ്ട കണക്കെയുള്ള ലോങ് റേഞ്ചറും പക്ഷെ ബാറിനിടിച്ച് പുറത്തേക്ക് തെറിച്ചു.

തൊട്ടടുത്ത നിമിഷം സൺ ഹ്യൂങ് മിന്നിലൂടെ ദക്ഷിണ കൊറിയയുടെ പ്രത്യാക്രമണം. സണിന്റെ ലോങ് റേഞ്ചർ യുറുഗ്വായ് ഗോൾബാറിനെ ചുംബിച്ചു പറന്നു. അധിക സമയത്ത് അവസാന നിമിഷം ലഭിച്ച കോർണർ അവസരം മുതലെടുക്കാൻ യുറുഗ്വായ്ക്കായില്ല.

Summary: Uruguay vs South Korea, FIFA World Cup 2022 Updates

TAGS :

Next Story