'കമ്മിറ്റി' ടീമിൽ സ്‌പെയിൻ-ഫ്രാൻസ് ആധിപത്യം; ഫിഫ ലോകകപ്പ് ഇലവനിൽ മെസ്സിയും എംബാപ്പെയും ഹാളണ്ടും
ലോകകപ്പിലുടനീളം മികച്ചുനിന്ന സ്പാനിഷ് പ്രതിരോധ താരം പൗ കുബാർസിക്ക് ടീമിൽ ഇടംലഭിച്ചില്ല

ന്യൂയോർക്ക്: ലോകകപ്പിന് പിന്നാലെ ഫിഫ പ്രഖ്യാപിച്ച ലോകകപ്പ് ഇലവനിൽ കിരീടം ചൂടിയ സ്‌പെയിൻ ടീമിൽ നിന്ന് മൂന്ന് താരങ്ങൾ. ഫ്രാൻസ് നിരയിൽ നിന്നും മൂന്ന് പേർ ഫിഫ ലോകകപ്പ് ടീം ഓഫ്ദി ടൂർണമെന്റിൽ ഇടംപിടിച്ചു. ഫൈനലിസ്റ്റായ അർജന്റീനയിൽ നിന്ന് ലയണൽ മെസ്സി ഉൾപ്പെടെ രണ്ട് പേരാണ് ഉൾപ്പെട്ടത്. ഡിഫൻസീവ് മിഡ്ഫീൽഡറായ സ്പാനിഷ് നായകൻ റോഡ്രി, ലെഫ്റ്റ് വിങ്ബാക് കുകുറേയ്യ, റൈറ്റ് വിങ് ബാക് പെഡ്രോ പോറോ എന്നിവരാണ് ചാമ്പ്യൻ ടീമിൽ നിന്ന് സ്ഥാനമുറപ്പിച്ചത്. ലോകകപ്പിലെ ഗോൾഡൻ ബോൾ പുരസ്‌കാരം ലഭിച്ചത് റോഡ്രിക്കായിരുന്നു. ഇതിന് പിന്നാലെയാണ് ലോക ഇലവനിലേക്കും താരത്തെ തെരഞ്ഞെടുത്തത്.
മുന്നേറ്റനിരയിൽ ലയണൽ മെസ്സിക്കും നോർവെ താരം എർലിങ് ഹാളണ്ടിനുമൊപ്പമാണ് കിലിയൻ എംബാപ്പെയെ ഉൾപ്പെടുത്തിയത്. ലോകകപ്പിൽ 10 ഗോളുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് എംബാപ്പെയായിരുന്നു. എട്ട് ഗോളുമായി തൊട്ടുപിന്നിലായിരുന്നു മെസ്സി. ഹാളണ്ടിന്റെ ചിറകിലേറിയാണ് നോർവെ ലോകകപ്പ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ലോകകപ്പിൽ കൂടുതൽ അസിസ്റ്റുമായി തിളങ്ങിയ ഫ്രഞ്ച് താരം മൈക്കൽ ഒലീസെയും ഗോളും അസിസ്റ്റുമായി ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടായ ജൂഡ് ബെല്ലിങ്ഹാമുമാണ് റോഡ്രിക്കൊപ്പം മധ്യനിരയിൽ സ്ഥാനം നേടിയത്.
സെൻട്രൽ ഡിഫൻസിൽ ലിസാൻഡ്രോ മാർട്ടിനസ്-ഉപമെകാനോ എന്നിവരെയാണ് തെരഞ്ഞെടുത്തത്. അതേസമയം, ലോകകപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സ്പാനിഷ് കൗമാരതാരം പൗ കുബാർസിയ്ക്ക് പ്രതിരോധ നിരയിൽ ഇടംലഭിച്ചില്ല. ടൂർണമെന്റിലെ യങ് പ്ലെയറായി തെരഞ്ഞെടുത്തതും കുബാർസിയെയായിരുന്നു. കേപ് വെർദെക്കായി തകർപ്പൻ പ്രകടനം പുറത്തെടുത്ത വൊസീഞ്ഞയെ ലോക ഇലവനിലെ ഗോൾകീപ്പറായി തെരഞ്ഞെടുത്തു. ഗോൾഡൻ ഗ്ലോവ് നേടിയ ഉനൈ സിമോണിനെയടക്കം മറികടന്നാണ് വെറ്ററൻ ഗോൾകീപ്പർ ഇടംപിടിച്ചത്.
Adjust Story Font
16

