ലോകകപ്പിൽ പിടിവിട്ട് സെൽഫ് ഗോൾ; ഇത്തവണ ചരിത്രം തിരുത്തുമോ?
2018 റഷ്യൻ ലോകകപ്പിൽ പിറന്ന 12 സെൽഫ് ഗോളുകളാണ് ഇതുവരെ ഏറ്റവും കൂടുതൽ

അറ്റലാന്റ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പുരോഗമിക്കവെ ചരിത്രം തിരിത്തുമെന്ന സൂചന നൽകി സെൽഫ് ഗോൾ. പത്തുദിവസത്തിനിടെ എട്ട് സെൽഫ് ഗോളുകളാണ് ഇതുവരെ വലയിൽ കയറിയത്. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ആകെ വന്നത് രണ്ട് സെൽഫ് ഗോൾ മാത്രമായിരുന്നു. 12 ഗോളുകൾ പിറന്ന 2018 റഷ്യൻ ലോകകപ്പാണ് സെൽഫ് ഗോളിൽ റെക്കോർഡിട്ടത്.
അതേസമയം, 33 ദിവസം കൊണ്ട് 100 ഗോൾ എന്ന ചരിത്ര നേട്ടം നേരത്തെ ഈ ലോകകപ്പിൽ തിരുത്തിയിരുന്നു. ഇത്തവണ 48 ടീമുകളും 104 മത്സരങ്ങളുമുള്ളതിനാൽ വരും ആഴ്ചകളിൽ സെൽഫ് ഗോൾ റെക്കോർഡ് തകരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഞായറാഴ്ച സ്‌പെയിനിനെതിരായ മത്സരത്തിൽ കുകുറേയ്യയുടെ ഷോട്ട് തടുത്ത സൗദി അറേബ്യൻ ഡിഫെൻഡർ ഹസൻ അൽ തംബക്തി പന്ത് സ്വന്തം വലയിലാക്കിയതാണ് അവസാനമായി വന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും എതിരാളികളുടെ ഓൺ ഗോളിന്റെ ആനുകൂല്യം ലഭിച്ച ടീമാണ് യുഎസ്എ. പരഗ്വെയ്ക്കെതിരായ യുഎസിന്റെ 4-1 വിജയത്തിനിടെ പരാഗ്വെ താരം ഡാമിയൻ ബൊബാദില്ല ഓൺ ഗോൾ വഴങ്ങി. ഓസ്ട്രേലിയക്കെതിരായ യുഎസിന്റെ 2-0 വിജയത്തിൽ ഓസീസ് താരം കാമറൂൺ ബർഗെസും സ്വന്തം വലയിൽ പന്തെത്തിച്ചിരുന്നു. സ്വിറ്റ്സർലൻഡ് ഡിഫെൻഡർ മിറോ മുഹൈം വഴങ്ങിയ ഓൺ ഗോളിലൂടെയാണ് ആദ്യ മത്സരത്തിൽ ഖത്തർ സമനില പിടിച്ചത്. കാനഡക്കെതിരായ മത്സരത്തിൽ ഖത്തറിന്റെ മുഹമ്മദ് മനായ്ക്ക് പിഴയ്ക്കുകയും ചെയ്തിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ആകെ 62 സെൽഫ് ഗോളുകളാണ് പിറന്നിട്ടുള്ളത്. 1930 ലെ ആദ്യ ലോകകപ്പിൽ ഒരേയൊരു സെൽഫ് ഗോളാണ് വന്നത്. ചരിത്രത്തിൽ അഞ്ച് ലോകകപ്പ് പതിപ്പുകൾ ഒരു ഓൺ ഗോൾ പോലും ഇല്ലാതെ അവസാനിച്ചിട്ടുമുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേത് 1990ലായിരുന്നു.
Adjust Story Font
16

