ഐഎസ്എല്ലിൽ ക്ലൈമാക്സ് ഡേ; കിരീടപോരാട്ടത്തിലെ ടീമുകളുടെ സാധ്യതകൾ ഇങ്ങനെ

മുംബൈ : ഐഎസ്എൽ പന്ത്രണ്ടാം സീസണിന് ഇന്ന് തിരശീല വീഴും. അവസാന മാച്ച് ഡേയിൽ കിരീടപോരാട്ടത്തിൽ സജീവമായി നിൽക്കുന്ന അഞ്ച് ടീമുകളും ഒരേ സമയം കളത്തിലിറങ്ങും. മുംബൈ സിറ്റി, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, പഞ്ചാബ് എഫ്‌സി, ജംഷഡ്‌പ്പൂർ എഫ്‌സി എന്നീ ടീമുകളാണ് ടൈറ്റിൽ റേസിലുള്ളത്. ഈസ്റ്റ് ബംഗാൾ ഇന്റർ കാശിയേയും മോഹൻ ബഗാൻ സ്പോർട്ടിങ് ഡൽഹിയേയും നേരിടും. ജംഷഡ്‌പൂരിന് ഒഡീഷയും മുംബൈ സിറ്റി, പഞ്ചാബ് ടീമുകൾ പര്സപരവും ഏറ്റുമുട്ടും.
പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഈസ്റ്റ് ബംഗാളിന് ജയത്തോടെ അനായാസം കിരീടത്തിലെത്താം. എന്നാൽ ഈസ്റ്റ് ബംഗാൾ പോയിന്റ് കൈവിടുകയാണെങ്കിൽ മോഹൻ ബഗാൻ ഉൾപ്പടെ മറ്റ് നാല് ടീമുകൾക്കും മുന്നിൽ കിരീട സാധ്യത തെളിയും. ഈസ്റ്റ് ബംഗാൾ പോയിന്റ് കൈവിടുകയും മോഹൻ ബഗാൻ സ്പോർട്ടിങ് ഡൽഹിയെ പരാജയപ്പെടുത്തുകയും ചെയ്‌താൽ അവർക്ക് ജേതാക്കളാവാം. മുംബൈ, ജംഷഡ്‌പ്പൂർ, പഞ്ചാബ് ടീമുകളുടെ സാധ്യതകൾ അവരുടെ വിജയത്തിനുമപ്പുറം മറ്റു മത്സരഫലങ്ങൾ കൂടി ആശ്രയിച്ചിരിക്കും. പഞ്ചാബ്, മുംബൈ ടീമുകൾക്ക് 22 പോയിന്റ് വീതവും ജംഷഡ്പൂരിന് 21 പോയിന്റുമാണുള്ളത്.
ഗോൾഡൻ ബൂട്ട് റേസിലും വാശിയേറിയ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. 10 ഗോളുമായി ഈസ്റ്റ് ബംഗാളിന്റെ യൂസുഫ് എസ്സേജാരി ഒന്നാമതും 9 ഗോളുമായി മോഹൻ ബഗാന്റെ ജാമി മക്ലാറൻ തൊട്ട് പിന്നിലുമുണ്ട്. 7 ഗോളുമായി പഞ്ചാബിന്റെ എഫിയോങ് എൻസുങ്സി പട്ടികയിൽ മൂന്നാമനായുണ്ട്.
Adjust Story Font
16

