Quantcast

നോർവെ മുതൽ ഗാരി ലിനേക്കർ വരെ; ഇസ്രായേൽ നരനായാട്ടിനെതിരെ ​കൈകോർത്ത് ഫുട്ബോൾ ലോകം

MediaOne Logo

Sports Desk

  • Published:

    15 Sept 2025 6:16 PM IST

നോർവെ മുതൽ ഗാരി ലിനേക്കർ വരെ; ഇസ്രായേൽ നരനായാട്ടിനെതിരെ ​കൈകോർത്ത് ഫുട്ബോൾ ലോകം
X

ജനീവ: മഞ്ഞുമൂടികിടക്കുന്ന പാതിരാസൂര്യന്റെ നാടായ നോർവെയിൽ നിന്നും ചുട്ടുപൊള്ളുന്ന ഗസ മരുഭൂമിയിലേക്ക് 3,611 കിലോമീറ്ററിന്റെ ദൂരമുണ്ട്. അതിനിടയിൽ വൻകരകളും ഭാഷകളും ദേശങ്ങളുമെല്ലാം മാറുന്നു. പക്ഷേ മാനവികതയുടെ മഞ്ഞുപുരണ്ട തണുത്ത കൈകൊണ്ട് ഗസയെ നോർവെ പുണരുകയാണ്.

ലോകകപ്പ് യോഗ്യതക്കായി ഫിഫ നറുക്കിട്ടപ്പോൾ നോർവെയും ഇസ്രായേലും വന്നുവീണത് ഒരേ ഗ്രൂപ്പിലാണ്. പക്ഷേ ഗസയിലെ മനുഷ്യക്കുരുതി ഇസ്രായേൽ തുടരുന്നതിനിടയിൽ നോർവെ ഒരു പ്രഖ്യാപനം നടത്തി. ഒക്ടോബർ 11ന് നടക്കുന്ന ഇസ്രായേലുമായുള്ള മത്സരത്തിലെ എല്ലാ വരുമാനവും ഗസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുമെന്നാണ് നോർവെ ഫുട്ബോൾ ഫെഡറേഷന്റെ പ്രഖ്യാപനം. ഇസ്രായേലിന്റെ ഈ നരനായാട്ട് കണ്ടിരിക്കാനാകില്ല എന്ന സന്ദേശവും പ്രതിഷേധവുമാണ് നോർവെ ഫുട്ബോൾ ഫെഡറേഷൻ നൽകിയത്. പതിവ് പോലെ ഇസോയലിനെ ഈ തീരുമാനം ചൊടിപ്പിച്ചിട്ടുമുണ്ട്.

എന്നാൽ നോർവെയുടേത് ഒറ്റപ്പെട്ട ശബ്ദമല്ല. ഇതേ ഗ്രൂപ്പിൽ കളിക്കുന്ന ഇറ്റലി ഇസ്രായേലിനെതിരെ അതിശക്തമായി രംഗത്തുണ്ട്. ഇസ്രായേലിനെ അന്താരാഷ്ട്ര മത്സരത്തിൽ നിന്നും വിലക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയൻ സോക്കർ കോച്ചസ് അസോസിയേഷൻ ഫുട്ബോൾ ഫെഡറേഷന് കത്തുതന്നെ നൽകി. ദൈനം ദിനം ഇസ്രോയേൽ നടത്തുന്ന കൂട്ടക്കുരുതികളിലും അത്ലറ്റുകളെ കശാപ്പ് ചെയ്യുന്നതിലും പ്രതിഷേധിച്ചായിരുന്നു ഈ ഈ നടപടി. പക്ഷേ റഷ്യയെ ബാൻ ചെയ്യാൻ കാണിച്ച തിടുക്കം ഫിഫക്ക് ഇക്കാര്യത്തിൽ ഇല്ല എന്ന് എല്ലാവർക്കുമറിയാം. അസൂറിപ്പടയുടെ കോച്ചും മുൻ ഇറ്റാലിയൻ താരവരുമായ ഗന്നാരോ ഗട്ടൂസോയും കൂട്ടക്കുരുതിക്കെതിരെയാണ് തന്റെ മനസ്സെന്ന് പ്രഖ്യാപിച്ചു. ഫിഫയും യുവേഫയും ഇസ്രായേലിനെതിരെ കനത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അയർലാലൻ്ഡ ഫുട്ബോൾ ഫെഡറേഷനും രംഗത്തെത്തി.

ഫുട്ബോൾ ലോകത്ത് നിന്നും ഇസ്രായേലിനെതിരെ ശബ്ദങ്ങൾ വേറെയും ഉയർന്നിട്ടുണ്ട്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ വെച്ച് ഓണണറി ഡോക്ടറേറ്റ് ഏറ്റുവാങ്ങിക്കൊണ്ട് സിറ്റിയുടെ ഐതിഹാസിക പരിശീലകൻ പെപ് ഗ്വാർഡിയോള നടത്തിയത് ഐതിഹാസികമായ ഒരു പ്രഖ്യാപനമായിരുന്നു. ഗസയിലെ കുഞ്ഞുങ്ങളിൽ സ്വന്തംകുട്ടികളെ കണ്ട ഗ്വാർഡിയോളയുടെ വാക്കുകൾ ഒരു മനുഷ്യാവകാശ പ്രഖ്യാപനമായി മാറി. ഗാരി ലിനേക്കറും എറിക് കണ്ടോണയും അടക്കമുള്ള ഐതിഹാസിക ഫുട്ബോൾ താരങ്ങളും ഗസക്ക് സോളിഡാരിറ്റിയുമായി കൈകോർത്തു. ഫലസ്തീൻ ഐക്യദാർഢ്യവുമായി നിരന്തരം രംഗത്തെത്താറുള്ള ലിനേക്കർ ഗസ്സയിലെ ഫുട്ബോൾ അക്കാദമിയിലെ പത്ത് കുട്ടിക​ളെ കൊന്നത് ചൂണ്ടിക്കാട്ടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ, ‘ഫിഫക്കും യുവേഫക്കും ഇസ്രായേലിനെതിരെ നടപടിയെടുക്കാൻ ഇ​ത്രയൊന്നും പോരേ?

തീർന്നില്ല, പാരിസിൽ പി.എസ്.ജിയുടെയും സ്കോട്‍ലാൻഡിൽ സെൽറ്റിക്കിന്റെയും നോർവേയിൽ ബോഡോ ഗ്ലിംതിന്റെയും ഇംഗ്ലണ്ടിൽ ലിവർപൂളിന്റെയും ഗ്യാലറികളിലും ഐക്യദാർഢ്യത്തിന്റെ ഫലസ്തീൻ പതാകകൾ പാറിപ്പറന്നു. മുഹമ്മദ് സലാഹും വില്യം സലിബയും കരിം ബെൻസമയും റാഫേൽ ലിയാവോയും റാഫേൽ ലിയാവോയും ഒസ്മാനെ ഡെംബലയെും അടക്കമുള്ള ഫുട്ബോളർമാരുടെ നീണ്ടനിരയും കൂട്ടക്കുരുതിക്കെതിരെ വിരലുയർത്തി. ഈ പ്രതിഷേധങ്ങളോട് അധികം മുഖം തിരിക്കാൻ ഫുട്ബോൾ അധികാരികൾക്കുമായില്ല. ഒടുവിൽ കുട്ടികളെ കൊല്ലുന്നത് നിർത്തണമെന്ന് യുവേഫക്ക് സ്റ്റേഡിയത്തിൽ ബാനർ തൂക്കേണ്ടിവന്നു. യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ രണ്ട് ഫലസ്തീൻ അഭയാർത്ഥികുട്ടികൾ യുവേഫ പ്രസിഡന്റിന്റെ കൈകളിൽ പിടിച്ച് മൈതാനത്തേക്ക് വന്നതും വാർത്തയായി.

TAGS :

Next Story