Quantcast

'ഫിനിഷിങ്ങിൽ പോരായ്മയുണ്ട്, മറികടക്കും': ബ്ലാസ്‌റ്റേഴ്‌സ് കോച്ച്

പ്രതിരോധത്തിൽ സിപോവിച്ച്-ലെസ്‌കോവിച്ച് സഖ്യം മികച്ച പ്രകടനം നടത്തുന്നത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമാണ്.

MediaOne Logo

Web Desk

  • Updated:

    2021-12-05 11:35:10.0

Published:

5 Dec 2021 11:31 AM GMT

ഫിനിഷിങ്ങിൽ പോരായ്മയുണ്ട്, മറികടക്കും: ബ്ലാസ്‌റ്റേഴ്‌സ് കോച്ച്
X

പനാജി: ഫിനിഷിങ്ങിലും ഫൈനൽ തേഡിൽ തീരുമാനമെടുക്കുന്നതിലും പോരായ്മകളുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച്. നിരന്തര പരിശീലനത്തിലൂടെ അതു മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്എല്ലിൽ ഒഡിഷ എഫ്‌സിയെ നേരിടുന്നതിന് മുമ്പോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോച്ച്.

'ആക്രമണ ഫുട്‌ബോൾ പുറത്തെടുക്കുമ്പോൾ എതിരാളികൾക്ക് ചില സാധ്യതകളുണ്ടാകും. ചിലപ്പോൾ ഗോളുകൾ വഴങ്ങേണ്ടി വരും. അപ്പോൾ പ്രതിരോധം എന്തു ദുർബലമാണ് എന്ന് ആളുകൾ പറയും. പ്രതിരോധ ഫുട്‌ബോൾ കളിക്കുമ്പോൾ ക്രിയേറ്റീവ് അവസരങ്ങൾ കുറയും. ഗോളൊന്നുമില്ലല്ലോ അപ്പോൾ എല്ലാവരും പറയും. ഇതാണ് ഫുട്‌ബോൾ. ആക്രമണത്തിനും പ്രതിരോധത്തിനുമിടയിൽ സന്തുലിതാവസ്ഥ കണ്ടെത്തുകയാണ് വേണ്ടത്. അവസരങ്ങൾ മുതലാക്കണം. ഗോൾ വഴങ്ങാതിരിക്കുയും വേണം.' - വുകോമനോവിച്ച് പറഞ്ഞു.

സെറ്റ് പീസുകളിൽ നിന്ന ധാരാളം ഗോൾ നേടിയ ഒഡിഷ എഫ്‌സിക്കെതിരെ പ്രത്യേക തന്ത്രം ഒരുക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നന്നായി നടത്തിയിട്ടുണ്ട് എന്നായിരുന്നു കോച്ചിന്റെ മറുപടി. 'സെറ്റ് പീസുകളിൽ മാത്രമല്ല, മറ്റു പല വശങ്ങളിലും പരിശീലനം നടത്തിയിട്ടുണ്ട്. ഒഡീഷയ്‌ക്കെതിരെ പ്രീ സീസൺ സൗഹൃദ മത്സരം കളിച്ചിരുന്നു. അവരുടെ ചില മികവിനെ കുറിച്ച് അറിയാം. ഒരു ടീമെന്ന നിലയിൽ സെറ്റ് പീസുകളെ പ്രതിരോധിക്കാൻ സജ്ജമാണ്. അതു മാത്രമല്ല. ഒരു വശം മാത്രമാണത്. ഓരോ കളിയിലും എതിരാളികൾക്കെതിരെ മികച്ച രീതിയിലാണ് ടീമിനെ ഒരുക്കുന്നത്' - അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിനിഷിങ്ങിലെ പോരായ്മകളെ കുറിച്ചും വുകോമനോവിച്ച് സംസാരിച്ചു. 'എടികെ മോഹൻ ബഗാനെതിരെ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവച്ചത്. അവസരങ്ങൾ ഉണ്ടാക്കുകയും രണ്ട് ഗോൾ നേടുകയും ചെയ്തു. എന്നാൽ നാലു ഗോൾ വഴങ്ങേണ്ടി വന്നു. നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ ഞങ്ങൾക്കായിരുന്നു ആധിപത്യം. ആ കളി ജയിക്കേണ്ടതായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. ഫിനിഷിങ്ങിലെ പോരായ്മകളാണ് മത്സരം നഷ്ടപ്പെടുത്തിയത്. അവസാനത്തെ പാസിലും മികവുള്ള ഫിനിഷിങ്ങിലും തീരുമാനമെടുക്കുന്നതിലും ഇനിയും മെച്ചപ്പെടാനുണ്ട്'- കോച്ച് പറഞ്ഞു.

മൂന്നു മത്സരങ്ങളിൽ ഒരു തോൽവിയും രണ്ടു സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. ആകെ രണ്ടു പോയിന്റ്. എന്നാൽ കളിച്ച രണ്ടു കളികളും ജയിച്ചാണ് ഒഡിഷയുടെ വരവ്. ബംഗളൂരുവിന്റെയും ഈസ്റ്റ് ബംഗാളിന്റെയും വലയിൽ ഒഡിഷ അടിച്ചു കൂട്ടിയത് ഒമ്പത് ഗോളുകളാണ്.

പ്രതിരോധത്തിൽ സിപോവിച്ച്-ലെസ്‌കോവിച്ച് സഖ്യം മികച്ച പ്രകടനം നടത്തുന്നത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമാണ്. രണ്ടു പേരുടെയും ഉയരക്കൂടുതൽ ഒഡിഷയുടെ സെറ്റ്പീസുകളെ പ്രതിരോധിക്കുമെന്നാണ് പ്രതീക്ഷ. സെറ്റ് പീസുകളിൽ നിന്ന് നിരവധി ഗോളുകൾ കണ്ടെത്തിയ ടീമാണ് ഒഡിഷ. മിഡ്ഫീൽഡും മുന്നേറ്റ നിരയും ഫൈനൽ തേഡിൽ കളി മറക്കുന്നത് കേരളത്തിന് തലവേദനയാണ്.

Summary: Kerala Blasters coach Ivan Vukomanovich says there are flaws in the finish and decision making in the final third. He said that it can be overcome through continuous training. The coach was speaking at a press conference ahead of Odisha FC's clash in the ISL.

TAGS :

Next Story