Quantcast

'ആ തീരുമാനം തെറ്റായിരുന്നു'; മനസ്സു തുറന്ന് കരോലിസ് സ്‌കിൻകിസ്

കോച്ച് ഇവാന്‍ വുകുമനോവിച്ചിന്റെ കരാർ കലാവധി പുതുക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കിൻകിസ് കൃത്യമായ ഉത്തരം നൽകിയില്ല.

MediaOne Logo

Web Desk

  • Published:

    3 April 2022 7:02 AM GMT

ആ തീരുമാനം തെറ്റായിരുന്നു; മനസ്സു തുറന്ന് കരോലിസ് സ്‌കിൻകിസ്
X

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തു വീണു കിടന്നിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ തൊട്ടടുത്ത വർഷം ഫൈനലിലെത്തിച്ചതിന്റെ ക്രഡിറ്റ് യഥാർത്ഥത്തിൽ ആർക്കാണ്? കളത്തിനുള്ളിൽ അത് ടീമിനുള്ളതാണ് എങ്കിൽ കുമ്മായവരയ്ക്കപ്പുറം അത് കോച്ച് ഇവാൻ വുകുമനോവിച്ചിനുള്ളതാണ്. കളത്തിനും കുമ്മായവരയ്ക്കും അപ്പുറത്ത് ആ ക്രഡിറ്റിന് അർഹതയുള്ള ഒരാളുണ്ട്- ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ്. അക്ഷരാർത്ഥത്തിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പർ സ്റ്റാർ.

അടുത്ത സീസണിൽ പുതിയ ബ്ലാസ്റ്റേഴ്‌സിനെ ആരാധകർക്ക് കാണാമെന്നും അതിനുള്ള വിശദപദ്ധതി തയ്യാറാണെന്നും സ്‌കിൻകിസ് പറയുന്നു. കായിക മാധ്യമമായ ഇഎസ്പിഎന്നിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'2020-21 സീസണിൽ തയ്യാറെടുപ്പിന് വേണ്ടി ഞങ്ങൾക്ക് വേണ്ടത്ര സമയം കിട്ടിയില്ല. സീസൺ ആരംഭിക്കുന്നതിന് നാലാഴ്ച മുമ്പു മാത്രമാണ് നമ്മൾ വന്നത്. ആദ്യ കളിക്ക് മൂന്നാഴ്ച മുമ്പാണ് വിദേശ കളിക്കാരെത്തിയത്. എല്ലാം തിടുക്കത്തിലായിരുന്നു. ടീം സജ്ജമായിരുന്നില്ല. അത് പ്രകടനത്തിൽ പ്രതിഫലിക്കുകയും ചെയ്തു. അതു കൊണ്ടാണ് കഴിഞ്ഞ പ്രീ സീസൺ നേരത്തെ ആരംഭിച്ചത്. ചിലർക്ക് അത് വിചിത്രമായി തോന്നിയിരിക്കാം. എന്നാൽ സീസണുകൾക്കിടയിലെ വലിയ കാലതാമസം കളിക്കാരുടെ ഫിറ്റ്‌നസിനെ ബാധിക്കുന്നുണ്ട്.' - സ്‌കിൻകിസ് പറഞ്ഞു.



ഡ്യൂറാൻഡ് കപ്പിൽ മത്സരിച്ചെങ്കിലും നിരാശയോടെയാണ് അതവസാനിച്ചത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'അതിനു ശേഷം കൊച്ചിയിൽ തിരിച്ചെത്തി പരിശീലനം തുടർന്നു. ടീമിനൊപ്പം ട്രയിൻ ചെയ്യാൻ യുവതാരങ്ങൾക്ക് അവസരമുണ്ടായിരുന്നു. ബിജോയ് വർഗീസ് അടക്കമുളള ചില താരങ്ങൾ ആ ട്രയിനിങ്ങിന് ശേഷമാണ് ആദ്യ ടീമിലെത്തുന്നത്. അക്കാലത്ത് ടീം വലിയ തോതിൽ മെച്ചപ്പെട്ടു'- സ്‌കിൻകിസ് കൂട്ടിച്ചേർത്തു.

'അടിസ്ഥാനകാര്യങ്ങളിൽ നിന്നാണ് ഞങ്ങൾ തുടങ്ങിയത്. മുൻ സീസണിൽ ഒരുപക്ഷേ, അബദ്ധം ചെയ്തതു കൊണ്ടാകാം. ആ സീസണിൽ പൊസഷൻ അടിസ്ഥാനമാക്കിയുള്ള അറ്റാക്കിങ് ഫുട്‌ബോളാണ് (കോച്ച് കിബു വിക്കുനയ്ക്ക് കീഴിൽ) ടീം കളിച്ചിരുന്നത്. എന്റെ അഭിപ്രായത്തിൽ അത് ഫലപ്രദമായ രീതിയായിരുന്നില്ല. ഒരു നല്ല കോച്ചിനെ കണ്ടെത്തുകയായിരുന്നു വേണ്ടിയിരുന്നത്. കാര്യങ്ങൾ സ്വീകരിക്കാൻ കെൽപ്പുള്ള മാനസികമായി കരുത്തനായി കോച്ചിനെ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം.' - അദ്ദേഹം പറഞ്ഞു.


കോച്ച് വുകുമനോവിച്ചിന്റെ കരാർ കലാവധി പുതുക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കിൻകിസ് കൃത്യമായ ഉത്തരം നൽകിയില്ല. 'അടുത്ത സീസണിൽ ശൈലി കുറച്ചു കൂടെ വ്യക്തമാകും. ഈ സീസൺ ഇവാന്റെ ഇന്ത്യയിലെ ആദ്യത്തേതായിരുന്നു. അദ്ദേഹത്തിന് കുറച്ചുകൂടി കാര്യങ്ങൾ പഠിക്കാനുണ്ട്. ചില കാര്യങ്ങൾ അടുത്തുനിന്ന് കാണുമ്പോൾ നിങ്ങൾക്ക് വ്യക്തമായി അറിയാനാകും.' - സ്‌കിൻകിസ് വ്യക്തമാക്കി.

സ്ഥിരത നിലനിർത്തുകയാണ് പ്രധാനപ്പെട്ട കാര്യം. ഫുട്‌ബോൾ അവസാനിക്കുന്നില്ല. ടീമും ഡ്രസിങ് റൂമും ക്ലബിന്റെ ഘടനയും മാറിക്കൊണ്ടിരിക്കും. മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കണം- അദ്ദേഹം പറഞ്ഞു.

എട്ടു സീസണിനിടെ 11 കോച്ചുമാർ കളി പഠിപ്പിച്ച ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. വ്യത്യസ്ത കളിരീതിയുള്ള കോച്ചുമാരായിരുന്നു ഇവരെല്ലാം. അവർക്ക് അനുസൃതമായ വിദേശ കളിക്കാരെയാണ് ടീം റിക്രൂട്ട് ചെയ്തിരുന്നത്. ഈ സീസണിലെ മികച്ച പ്രകടനത്തോടെ കോച്ച് ഇവാൻ വുകുമനോവിച്ചിനെ തന്നെ നിലനിർത്താൻ ടീം ആഗ്രഹിക്കുന്നുണ്ട്. വിദേശതാരങ്ങളെയും കൂടെ നിർത്താനുള്ള ശ്രമങ്ങൾ മാനേജ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story