Quantcast

'മെസ്സിയെ പൂട്ടാനറിയാം, പറയില്ല'; കലാശത്തിന് എരിവു പകർന്ന് ബ്രസീൽ കോച്ച് ടിറ്റെ

28 വർഷം കിരീടമില്ലാതിരിക്കുക എന്നത് വിജയത്തിലേക്കുള്ള ഗൈഡ് അല്ലെന്നും ടിറ്റെ പരിഹസിച്ചു

MediaOne Logo

Sports Desk

  • Published:

    10 July 2021 12:57 PM GMT

മെസ്സിയെ പൂട്ടാനറിയാം, പറയില്ല; കലാശത്തിന് എരിവു പകർന്ന് ബ്രസീൽ കോച്ച് ടിറ്റെ
X

റിയോ ഡി ജനീറോ: ലയണൽ മെസ്സിയെ പൂട്ടാൻ ബ്രസീലിന്റെ കൈയിൽ ആയുധമുണ്ടെന്ന് ബ്രസീൽ കോച്ച് ടിറ്റെ. എന്നാൽ അതു പറയില്ലെന്നും ടിറ്റെ പറഞ്ഞു. കോപ്പ അമേരിക്ക ഫൈനലുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മാൻ മാർക്കിങ് ആണോ സോണൽ മാർക്കിങ് ആണോ? മെസ്സിയെ മാർക്ക് ചെയ്യാൻ അറിയാം. എന്നാൽ അതു ഞാൻ പറയില്ല. നെയ്മറെ എങ്ങനെ മാർക്ക് ചെയ്യും എന്ന് അർജന്റീന പറഞ്ഞാൽ മെസ്സിയെ എങ്ങനെ മാർക്ക് ചെയ്യും എന്ന് പറയാം'- അദ്ദേഹം പറഞ്ഞു.

28 വർഷം കിരീടമില്ലാതിരിക്കുക എന്നത് വിജയത്തിലേക്കുള്ള ഗൈഡ് അല്ലെന്നും ടിറ്റെ പരിഹസിച്ചു. 'അത് ഭൂതകാലമാണ്. ഭൂതകാലത്തെ ഒരു ഗൈഡായി കാണേണ്ടതില്ല. രണ്ട് കോപ്പ അമേരിക്കയിൽ ഞങ്ങൾ അജയ്യരാണ്. കണക്കുകളിൽ ഞങ്ങൾക്ക് മുൻതൂക്കമുണ്ടെങ്കിലും അതിന് പ്രാധാന്യമുണ്ട് എന്ന് ഞാൻ കരുതുന്നില്ല' - ടിറ്റെ കൂട്ടിച്ചേർത്തു.

മാരക്കാനയിലെ കലാശപ്പോരിൽ ജയം ആർക്കൊപ്പം നിൽക്കുമെന്ന ഉത്കണ്ഠയിലാണ് ഇപ്പോൾ ഫുട്ബോൾ ലോകം. ബ്രസീലും അർജന്റീനയും നേർക്കുനേർ വരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് യൂറോ കപ്പിലെ ആവേശം പോലും ചോർന്നു പോയി. ഫൈനലിൽ മെസ്സി-നെയ്മർ പോരാട്ടവും ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30ന് ബ്രസീലിലെ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിലാണ് മത്സരം.

അതിനിടെ, ഒരു കിരീടം കൊണ്ട് അളക്കേണ്ടതല്ല മെസ്സിയുടെ പെരുമയെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി പറഞ്ഞു. കോപ്പ അമേരിക്ക ജയിച്ചാലും ഇല്ലെങ്കിലും ലയണൽ മെസ്സി ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരൻ തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'ജയിച്ചാലും ഇല്ലെങ്കിലും (ഫൈനൽ) ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സി. അത് തെളിയിക്കാൻ അയാൾക്ക് ഒരു കിരീടത്തിന്റെ ആവശ്യമില്ല. ടീമിൽ മെസ്സിയുടേത് മികച്ച നേതൃത്വമാണ്. ഫൈനലിൽ ചിരവൈരികളോടാണ് ഏറ്റുമുട്ടുന്നത്. ഞങ്ങൾക്ക് പദ്ധതികളുണ്ട്. ആരാധകർക്ക് ആസ്വദിക്കാൻ കഴയുന്ന കളി തന്നെ കാഴ്ചവയ്ക്കും' - സ്‌കലോണി പറഞ്ഞു.

TAGS :

Next Story