Quantcast

'ദേശീയ ടീമിൽ ആദ്യ ഇലവനിൽ ഇറങ്ങാൻ എനിക്ക് അർഹതയുണ്ട്'; റോണോയുടെ മടങ്ങിവരവിന് പിന്നാലെ റാമോസ്

റൊണാൾഡോയുടെ അഭാവത്തിൽ അവസാന മൂന്ന് മത്സരങ്ങളിൽ പോർച്ചുഗലിനായി സ്റ്റാർട്ട് ചെയ്ത റാമോസ് എല്ലാ മത്സരങ്ങളിലും ഗോൾ നേടിയിരുന്നു

MediaOne Logo

Sports Desk

  • Published:

    3 Nov 2026 6:07 PM IST

I deserve to be in the starting eleven for the national team; Ramos speaks out following Ronaldos return.
X

ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങിയെത്താൻ ഒരുങ്ങവെ പോർച്ചുഗൽ ദേശീയ ടീമിൽ തനിക്ക് സ്ഥിരമായ ആദ്യ ഇലവൻ സ്ഥാനം വേണമെന്ന് വ്യക്തമാക്കി എസി മിലാൻ സ്‌ട്രൈക്കർ ഗോൺസാലോ റാമോസ്. റൊണാൾഡോയുടെ അഭാവത്തിൽ ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് 25 കാരന്റെ പ്രതികരണം. കഴിഞ്ഞ അന്താരാഷ്ട്ര ഇടവേളയിൽ റൊണാൾഡോയുടെ അഭാവത്തിൽ അവസാന മൂന്ന് മത്സരങ്ങളിലും സ്റ്റാർട്ടറായ റാമോസ്, എല്ലാ മത്സരങ്ങളിലും ഗോൾ നേടുകയും ചെയ്തിരുന്നു. ഗ്രൂപ്പ് എയിലെ നാല് മത്സരങ്ങളും വിജയിച്ച് പോർച്ചുഗൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയപ്പോൾ അതിൽ റാമോസ് നിർണായക പങ്കുവഹിച്ചു. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കവെയാണ് ഗോൺസാലോ റാമോസ് മനസ് തുറന്നത്.

'ഞാൻ ദേശീയ ടീമിൽ ഒരു സ്റ്റാർട്ടർ ആകാൻ ആഗ്രഹിക്കുന്നു. കളിക്കാൻ ആരെങ്കിലും അർഹനാണെങ്കിൽ അത് ഞാനാണെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. പരിശീലകനും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അത് കാണാൻ കഴിയുന്നുണ്ട്'- റാമോസ് പറഞ്ഞു. എന്നാൽ, തന്റെ ഈ ആഗ്രഹം റൊണാൾഡോയെ ഒഴിവാക്കിക്കൊണ്ടാകണമെന്നില്ലെന്നും റാമോസ് വ്യക്തമാക്കി. റൊണാൾഡോക്കൊപ്പം തനിക്കും ഒരുമിച്ച് കളിക്കാൻ കഴിയുമെന്നാണ് താരം വിശ്വസിക്കുന്നത്. 2023 ഒക്ടോബറിൽ സ്ലൊവാക്യക്കെതിരെയുള്ള യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഇരുവരും ഒരുമിച്ച് കളിച്ചത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. അന്ന് റൊണാൾഡോ രണ്ട് ഗോളുകൾ നേടുകയും പോർച്ചുഗൽ 3-2 ന് വിജയിക്കുകയും ചെയ്തിരുന്നു. 'ക്രിസ്റ്റ്യാനോയുടെ പദവിയെ ഞങ്ങൾ ബഹുമാനിക്കുന്നു, എന്നാൽ കൂടുതൽ തവണ ഞങ്ങൾക്ക് ഒരുമിച്ച് കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. റോണോ ഒഴിവാക്കാതെ തന്നെ എന്റെ മികച്ച ഫോമിനും ഗോളുകൾക്കും അർഹമായ അംഗീകാരം ലഭിക്കണം'- റാമോസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് പ്രധാന ടൂർണമെന്റുകളിലും തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതിൽ റാമോസ് നിരാശ പ്രകടിപ്പിച്ചു. മുൻ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസിനോട് തനിക്ക് വ്യക്തിപരമായ എതിർപ്പുകളൊന്നുമില്ലെങ്കിലും, യൂറോ 2024-ൽ കളിക്കളത്തിൽ ഇറങ്ങാൻ കഴിയാത്തത് അംഗീകരിക്കാൻ പ്രയാസമായിരുന്നുവെന്ന് താരം തുറന്നുപറഞ്ഞു. അതിനിടെ, വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾക്കായുള്ള പോർച്ചുഗലിന്റെ സാധ്യതാ സ്‌ക്വാഡിൽ റൊണാൾഡോ ഇടംനേടിയിട്ടുണ്ട്. നവംബർ 14-ന് ബ്രാഗയിൽ ഡെന്മാർക്കിനെതിരെയും, 17-ന് കാർഡിഫിൽ വെയിൽസിനെതിരെയും ആണ് പോർച്ചുഗലിന്റെ മത്സരങ്ങൾ.

TAGS :

Next Story