Quantcast

ഇന്ത്യൻ ഫുട്‌ബോളിന് നൽകിയ 'സുഖചികിത്സ'ക്ക് ആദരം; ഇനി ഡോ. ഐ.എം വിജയൻ

റഷ്യയിലെ അർഹാങ്കിൽസ്‌ക് നോർത്തേൺ സ്‌റ്റേറ്റ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയാണ്‌ ഡിഗ്രി ഓഫ് ഡോക്ടർ ഓഫ് സ്‌പോർട്സ് നൽകി ഐ.എം വിജയനെ ആദരിച്ചത്

MediaOne Logo

Sports Desk

  • Updated:

    2022-06-23 12:48:06.0

Published:

23 Jun 2022 11:25 AM GMT

ഇന്ത്യൻ ഫുട്‌ബോളിന് നൽകിയ സുഖചികിത്സക്ക് ആദരം; ഇനി ഡോ. ഐ.എം വിജയൻ
X

ഇന്ത്യൻ ഫുട്‌ബോളിലെ സംഭാവനകളുടെ പേരിൽ റഷ്യയിലെ അർഹാങ്കിൽസ്‌ക് നോർത്തേൺ സ്‌റ്റേറ്റ് മെഡിക്കൽ യൂനിവേഴ്‌സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ച ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ നായകനും എംഎസ്പി അസിസ്റ്റൻറ് കമാഡൻറുമായ ഐ.എം വിജയന് അഭിനന്ദനപ്രവാഹം. ബഹുമതി നേടിയ ശേഷം മലപ്പുറത്തെ എംഎസ്പി ആസ്ഥാനത്ത് അദ്ദേഹത്തിന് സ്വീകരണം നൽകി. അസുഖം വന്നാൽ ഏത് ഡോക്ടറെ കാണുമെന്നല്ലാതെ പേരിനൊപ്പം 'ഡോ.' എന്ന് ചേർക്കുന്നത് ആലോചിച്ചിട്ട് പോലുമില്ലെന്ന് ഐഎം വിജയൻ പറഞ്ഞു. ഫുട്‌ബോൾ മത്സരത്തിൽ സർവകലാശാല വിജയിച്ച ശേഷം അതേ മൈതാനിയിലായിരുന്നു ബഹുമതിപത്രം കൈമാറിയതെന്നും വിജയിച്ച സർവകലാശാലാ ടീമിൽ മലയാളികളുണ്ടായിരുന്നുവെന്നും ഫുട്‌ബോൾ ഇതിഹാസം വ്യക്തമാക്കി. ഇതേ സർവകലാശാലയിൽ ജോലി ചെയ്യുന്ന ഡോ. ജസ്റ്റിനാണ് തന്റെ ഫുട്‌ബോൾ ജീവിതത്തെ കുറിച്ചുള്ള വിവരം അവർക്ക് കൈമാറിയതെന്നും ഭൂട്ടാനെതിരെ 12ാം സെക്കൻഡിൽ ഗോൾ നേടിയതാണ് അവരെ ഏറെ ആകർഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


ഡോ. ഐ എം വിജയൻ..മൈതാനങ്ങളിലെ ആരവങ്ങളുടെ വിജയഭേരി..❤️ I M Vijayan

Posted by V Sivankutty on Thursday, June 23, 2022

ജൂൺ 10 നാണ് റഷ്യയിലെ അർഹാങ്കിൽസ്‌ക് നോർത്തേൺ സ്‌റ്റേറ്റ് മെഡിക്കൽ യൂനിവേഴ്‌സിറ്റി ഡിഗ്രി ഓഫ് ഡോക്ടർ ഓഫ് സ്‌പോർട്സ് നൽകി ഐ.എം വിജയനെ ആദരിച്ചത്. ഇക്കാര്യം താരം തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇന്ത്യൻ ഫുട്‌ബോളിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകിയത്.

ബഹുമതി നേടിയ ഐ.എം വിജയന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയടക്കം നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചു. ''ഡോ. ഐ എം വിജയൻ...മൈതാനങ്ങളിലെ ആരവങ്ങളുടെ വിജയഭേരി'' എന്ന കുറിപ്പോടെ ഫേസ്ബുക്കിലാണ് മന്ത്രി വി. ശിവൻകുട്ടി അഭിനന്ദനം അറിയിച്ചത്.


Thank you NORTHERN STATE MEDICAL UNIVERSITY Arkhangelsk,Russia ❤️

Posted by I M Vijayan on Saturday, June 11, 2022

17ാം വയസിൽ കേരള പൊലീസിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. 1989ൽ ആദ്യമായി ഇന്ത്യക്കുവേണ്ടി അരങ്ങേറി. 1993, 1997, 1999 വർഷങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. 1999ൽ 13 കളികളിൽ നിന്നും പത്തു ഗോളുകൾ വിജയൻ അടിച്ചിരുന്നു. 2000 മുതൽ 2004 വരെ ഇന്ത്യൻ ടീമിനെ നയിച്ചതും വിജയനായിരുന്നു. 79 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 40 ഗോളുകൾ നേടിയിട്ടുണ്ട്.

ഫുട്ബോളിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നിന്റെ റെക്കോഡും വിജയന്റെ പേരിലാണ്. 1999ലെ സാഫ് കപ്പിൽ ഭൂട്ടാനെതിരെ 12-ാം സെക്കൻഡിൽ ഗോളടിച്ച് വിജയൻ ഞെട്ടിച്ചിരുന്നു. 1999 ദക്ഷിണേഷ്യൻ ഗെയിംസിൽ പാകിസ്താനെതിരെ ഹാട്രിക്ക് നേടി. 2003-ൽ ഇന്ത്യയിൽ നടന്ന ആഫ്രോ-ഏഷ്യൻ ഗെയിസിൽ നാലു ഗോളുകളുമായ വിജയൻ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി. അതായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യൻ കുപ്പായത്തിലെ അവസാന ടൂർണമെന്റ്. 2003ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു.

മോഹൻ ബഗാൻ, കേരള പൊലീസ്, എഫ്.സി കൊച്ചിൻ. ജെ.സി.ടി എന്നീ ക്ലബുകൾക്ക് വേണ്ടിയും വിജയൻ കളിച്ചിട്ടുണ്ട്. ബൂട്ടഴിച്ച ശേഷം പുതിയ താരങ്ങളെ വളർത്തിക്കൊണ്ടുവരാൻ അക്കാദമി സ്ഥാപിച്ചിട്ടുണ്ട് വിജയൻ.

ഐ.എം വിജയനെ മുമ്പ് കേരള പൊലീസ് ഫുട്‌ബോൾ അക്കാദമി ഡയറക്ടറായി നിയമിച്ചിരുന്നു. സംസ്ഥാന ഫുട്‌ബോൾ ടീമിലും ഇന്ത്യൻ ഫുട്‌ബോൾ ടീമിലും അംഗമായിരുന്ന ഐ.എം വിജയൻ ഓൾ ഇന്ത്യ പൊലീസ് ഗെയിംസ് ഫെഡറേഷൻ കപ്പ് ഉൾപ്പെടെ നിരവധി ചാമ്പ്യൻഷിപ്പുകൾ കേരള പൊലീസിന് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

IM Vijayan is now 'Doctor'

TAGS :

Next Story