Quantcast

പരിക്ക് വില്ലനായി; ഹാലൻഡ് രാജ്യത്തിനായി കളിക്കില്ല

സീസണിൽ മിന്നും ഫോമിലാണ് ഹാലൻഡ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്നുമാത്രം എട്ടു ഗോളുകളാണ് താരം നേടിയത്.

MediaOne Logo

Web Desk

  • Published:

    21 March 2023 2:40 PM GMT

Erling Haaland-EPL
X

എർലിങ് ഹാലൻഡ്‌

ലണ്ടന്‍: മാഞ്ചസ്റ്റർ സിറ്റി താരം ഏർലിങ് ഹാലൻഡ് നോർവേക്കായി യൂറോപ്യൻ യോഗ്യത മത്സരങ്ങൾ കളിക്കില്ല. ഞരമ്പിന് പരിക്കേറ്റതാണ് താരത്തിന് വിനയായത്. ഹാലൻഡ്, നോർവേ ക്യാമ്പ് വിട്ടെന്ന് ടീം അധികൃതർ അറിയിച്ചു. ക്ലബിലേക്കാണ് താരം മടങ്ങിയത്. സ്‌പെയിനും ജോർജിയയും അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് നോർവെ. ടീമിനായി പൊരുതാനാവില്ലെന്ന യാഥാർത്ഥ്യം മനസിലാക്കിയാണ് ഹാലൻഡ് പിന്മാറുന്നതെന്ന് നോർവെ പരിശീലകൻ സ്റ്റാലെ സോൾബാക്കൻ വ്യക്തമാക്കി.

ഈ സീസണിൽ മിന്നും ഫോമിലാണ് ഹാലൻഡ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്നുമാത്രം എട്ടു ഗോളുകളാണ് താരം നേടിയത്. കഴിഞ്ഞയാഴ്‌ച്ച ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ആർ.ബി ലെപ്സിഗിനെതിരെ അഞ്ചു ഗോളുകൾ നേടിയത് ഫുട്ബോൾ ലോകത്ത് വലിയ തോതിൽ ചർച്ചയായിരുന്നു. ചാംപ്യൻസ് ലീഗിൽ അഞ്ചു ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമാണ് ഹാലൻഡ്. ഈ സീസണിൽ ഇതുവരെ മാത്രം 37 മത്സരങ്ങളില്‍ നിന്നു 42 ഗോളുകൾ താരം അടിച്ചു കഴിഞ്ഞു.

അതേസമയം അടുത്ത മാസം ആദ്യം നടക്കുന്ന ലിവർപൂളുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിനു മുമ്പ് ഹാലൻഡ് തിരിച്ചെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. താരത്തിൻ്റെ പരിക്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. പ്രീമിയർ ലീഗിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് കിരീട പോരാട്ടത്തിൽ മുന്നേറാൻ ലിവർപൂളിനെതിരെ വിജയം അനിവാര്യമാണ്. നിലവിൽ ആഴ്സണലിനേക്കാൾ ഒരു മത്സരം കുറച്ചു കളിച്ച സിറ്റിക്ക് അവരുമായി എട്ടു പോയിൻ്റ് വ്യത്യാസമാണ്.

അടുത്ത മാസം തന്നെയാണ് ബയേൺ മ്യൂണിച്ചിനെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലും. എഫ്.എ കപ്പിൽ ഷെഫീൽഡ് യുണൈറ്റഡിനെതിരെ സെമിഫൈനൽ മത്സരവും ഏപ്രിലിലാണ്. ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുന്ന ഹാലന്‍ഡിലാണ് സിറ്റിയുടെ പ്രതീക്ഷകളത്രയും. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ (മത്സരങ്ങളുടെ എണ്ണത്തിന്റെ) 30 ഗോളുകൾ നേടുന്ന താരമായി ഹാലൻഡ് മാറിയിരുന്നു. ഇരുപത്തിയഞ്ച് മത്സരങ്ങളിൽ നിന്നാണ് ഹാലൻഡ് ചാമ്പ്യൻസ് ലീഗിൽ 30 ഗോളുകൾ നേടിയിട്ടുള്ളത്. 30 മത്സരങ്ങളിൽ ഈ നേട്ടത്തിലെത്തിയ റൂഡ് വാൻ നിസ്റ്റൽ റൂയിയെ ആണ് ഹാലൻഡ് മറികടന്നിരുന്നത്.

TAGS :

Next Story