ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്കരിക്കാൻ ഇറാൻ
ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റിന് യുഎസ്എ വിസ നിഷേധിച്ചതിനെ തുടർന്നാണ് തീരുമാനം

തെഹ്റാൻ: ഡിസംബർ 5 ന് വാഷിംഗ്ടണിൽ വെച്ച് നടക്കുന്ന 2026 ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്കരിക്കാൻ ഇറാൻ. ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് അടക്കമുള്ള ഇറാനിയൻ പ്രതിനിധി സംഘത്തിന് വിസ നിഷേധിച്ചതിനെ തുടർന്നാണ് തീരുമാനം എന്ന് ഇറാൻ സ്പോർട്സ് വെബ്സൈറ്റ് റിപ്പോർട് ചെയ്തു.
ലോകപ്പ് നറുക്കെടുപ്പിൽ പങ്കെടുക്കില്ല എന്ന തീരുമാനം തികച്ചും രാഷ്ട്രീയപരമാണെന്നും, ഈ വിവരം ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോയെ അറിയിച്ചതായും മെഹ്ദി താജ് അറിയിച്ചു. ഇറാൻ ഫുട്ബോൾ പരിശീലകനായ അമീർ ഖലനോയി അടക്കം ഇറാനിയൻ പ്രതിനിധി സംഘത്തിലെ നാല് പേർക്കാണ് ഡിസംബർ അഞ്ചിന് നടക്കുന്ന നറുക്കെടുപ്പിന് വിസ അനുവദിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ഈ വർഷം ജൂണിൽ 19 രാജ്യങ്ങളിലെ പൗരൻമാർക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിൽ ഒരു രാജ്യമാണ് ഇറാൻ. ഇറാനും അമേരിക്കയും തമ്മിലെ നാല് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ പ്രശ്നമാണ് ഇപ്പോൾ കായികരംഗത്തും പ്രതിഫലിക്കുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലേക്ക് ഇറാൻ നേരിട്ട് യോഗ്യത നേടിയിരുന്നു.
Adjust Story Font
16

