Quantcast

സഡന്‍ ഡെത്തില്‍ മുംബൈ വീണു; ബെംഗളൂരു ഫൈനലില്‍

നിശ്ചിതസമയത്തും അധികസമയത്തും ഷൂട്ടൗട്ടിലും ഇരുടീമുകളും സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം സഡൻഡെത്തിലേക്ക് നീണ്ടത്

MediaOne Logo

Web Desk

  • Updated:

    2023-03-12 18:06:14.0

Published:

12 March 2023 4:21 PM GMT

സഡന്‍ ഡെത്തില്‍ മുംബൈ വീണു; ബെംഗളൂരു ഫൈനലില്‍
X

ബംഗളൂരു: ഐ.എസ്.എല്ലിൽ പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് സഡൻ ഡെത്തിലേക്ക് നീണ്ട നിർണായകമായ രണ്ടാം പാദ സെമിയിൽ മുംബൈ സിറ്റിയെ തോൽപിച്ച് ബെംഗളൂരു ഫൈനലിൽ. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും സമനിലയിൽ പിരിഞ്ഞതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ, ഷൂട്ടൗട്ടിലും ഇരു ടീമുകളും നാലു ഗോളുമായി തുല്യനിലയിൽ പിരിഞ്ഞു. തുടർന്നാണ് മത്സരം സഡൻഡെത്തിലേക്ക് നീണ്ടത്. ബെംഗളൂരു ഒൻപത് ഗോളുകൾ വലയിലാക്കിയപ്പോൾ നിശ്ചിതസമയത്ത് നിർണായക ഗോളുമായി മുംബൈയുടെ രക്ഷകനായ മെഹ്താബ് സിങ്ങിന് പിഴച്ചു. ഒൻപതാം കിക്കെടുത്ത മെഹ്താബിന്റെ ഷോട്ട് ബംഗളൂരുവിന്റെ ഗുർപ്രീത് സിങ് തട്ടിയകറ്റുകയായിരുന്നു.

നിശ്ചിതസമയം പിന്നിടുമ്പോൾ സമനിലയിൽ പിരിഞ്ഞ ശേഷം എക്‌സ്ട്രാ ടൈമിൽ ഇരുവശത്തും ഗോളൊന്നും പിറന്നില്ല. ഒന്നിനെതിരെ രണ്ടു ഗോളുമായി നിശ്ചിതസമയത്ത് മുംബൈ മുന്നിട്ടുനിന്നെങ്കിലും ആദ്യ പാദ സെമിയിലെ ബെംഗളൂരുവിന്റെ 1-0 വിജയത്തിന്റെ അടിസ്ഥാനത്തിൽ ഇരുടീമുകളും തുല്യനിലയിലെത്തുകയായിരുന്നു.

ആദ്യപകുതി സമനിലയിൽ പിരിഞ്ഞ ശേഷം രണ്ടാം പകുതിയിൽ മെഹ്താബ് സിങ് ആണ് മുംബൈയ്ക്ക് നിർണായക ലീഡ് നേടിക്കൊടുത്തത്. 66-ാം മിനിറ്റിൽ കോർണറിൽനിന്ന് ഗ്രെഗ് സ്റ്റിവാർട്ട് തൊടുത്തുനൽകിയ ഷോട്ട് ബെംഗളൂരുവിന്റെ പ്രതിരോധനിരയെ വകഞ്ഞുമാറ്റി തകർപ്പൻ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു.

ആദ്യാന്ത്യം ആവേശം മുറ്റിനിന്ന ആദ്യ പകുതി ഇരുടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ബെംഗളൂരുവിനായി ഹാവി ഹെർണാണ്ടസാണ് ആദ്യം വലകുലുക്കിയത്. മുംബൈയ്ക്കു വേണ്ടി ബിപിൻ സിങ് ഗോൾ മടക്കുകയും ചെയ്തു.

സ്വന്തം തട്ടകത്തിലേറ്റ തിരിച്ചടിക്ക് കണക്കുതീർക്കാൻ ഉറച്ചായിരുന്നു ഇന്ന് മുംബൈ ബെംഗളൂരുവിലെ ശ്രീകണ്ഠീവര സ്‌റ്റേഡിയത്തിൽ ഇറങ്ങിയത്. തുടക്കംമുതൽ ആക്രമണം അഴിച്ചുവിട്ട മുംബൈയ്ക്കു മുന്നിൽ എട്ടാം മിനിറ്റിൽ തന്നെ സുവർണാവസരം തുറന്നുലഭിച്ചിരുന്നു. ബെംഗളൂരു ബോക്‌സിനകത്ത് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു മുംബൈയുടെ ഓർഗെ ഡയസിനെ വീഴ്ത്തിയതിൽനിന്ന് പെനാൽറ്റി ലഭിച്ചെങ്കിലും മുതലെടുക്കാൻ സന്ദർശകർക്കായില്ല. ഗ്രേഗ് സ്റ്റ്യുവർട്ട് എടുത്ത കിക്ക് ഗുർപ്രീത് തട്ടിയകറ്റി.

മത്സരം മുറുകുന്നതിനിടെ മുംബൈയെ ഞെട്ടിച്ച് ബെംഗളൂരുവിന്റെ ആദ്യ ഗോൾ. 22-ാം മിനിറ്റിൽ ശിവശക്തി നാരായണൻ അളന്നുമുറിച്ചു നൽകിയ ക്രോസ് കിടിലൻ ഹെഡ്ഡറിലൂടെ സൂപ്പർ താരം ഹാവി വലയിലാക്കി. സീസണിലെ ഏഴാം ഗോളാണ് താരം സ്വന്തം പേരിലാക്കിയത്.

നിർണായക മത്സരത്തിൽ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങേണ്ടിവന്ന മുംബൈ ഒന്നുകൂടി ഉണർന്നു. പലതവണ ആക്രമണവുമായി മുംബൈ നിര ബെംഗളൂരു ബോക്‌സിലേക്ക് കുതിച്ചു. ഒടുവിൽ 31-ാം മിനിറ്റിൽ മുംബൈയുടെ ആശ്വാസ ഗോൾ. റൗളിൻ ബോർജസ് പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ബെംഗളൂരു കീപ്പർ ഗുർപ്രീത് തട്ടിയകറ്റിയെങ്കിലും പന്ത് നേരെ ബിപിൻ സിങ്ങിന്റെ കാലിലേക്ക്. മുന്നിൽ തുറന്നുകിട്ടിയ അവസരം ബിപിൻ കളഞ്ഞുകുളിച്ചില്ല. നേരെ, ബെംഗളൂരു പോസ്റ്റിലേക്ക് തട്ടിയിട്ടു. ബെംഗളൂരു-1, മുംബൈ-1.

Summary:ISL 2023: Bengaluru FC vs Mumbai City FC Live

TAGS :

Next Story