'ആദ്യം വൃത്തി, ആഘോഷം പിന്നെ'- ചരിത്രജയത്തിലും മതിമറന്നില്ല; ഞെട്ടിച്ച് ജപ്പാൻ ആരാധകർ

''ആളുകളെന്തുകൊണ്ടാണ് ഇതൊരു അപൂർവ സംഭവം പോലെ നോക്കിക്കാണുന്നതെന്ന് മനസിലാകുന്നില്ല. ടോയ്‌ലെറ്റ് ഉപയോഗിച്ചാൽ ഞങ്ങൾ തന്നെ അതു വൃത്തിയാക്കും. അത് ഞങ്ങളുടെ ആചാരമാണ്.''

MediaOne Logo

Web Desk

  • Updated:

    2022-11-24 10:44:30.0

Published:

24 Nov 2022 10:43 AM GMT

ആദ്യം വൃത്തി, ആഘോഷം പിന്നെ- ചരിത്രജയത്തിലും മതിമറന്നില്ല; ഞെട്ടിച്ച് ജപ്പാൻ ആരാധകർ
X

ദോഹ: സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ചതിന്റെ പ്രകമ്പനം തീരുംമുൻപാണ് ദോഹയില്‍ മറ്റൊരു ഏഷ്യൻ ടീം മുൻ ലോക ചാംപ്യന്മാരായ ജർമനിയെ തരിപ്പണമാക്കിയത്. ഒരു പകലിന്റെ വ്യത്യാസത്തിൽ സംഭവിച്ച ഫുട്‌ബോൾ വിസ്മയങ്ങളിൽ ഞെട്ടിത്തരിച്ചുനിൽക്കുകയായിരുന്നു ലോകം. എന്നാൽ, സാമുറായ് വിജയത്തിനു തൊട്ടുപിന്നാലെ ജപ്പാൻ ആരാധകരും ലോകത്തെ അതിശയിപ്പിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.

അപ്രതീക്ഷിത തോൽവിയുടെ നടുക്കത്തിലും അമ്പരപ്പിലും ശ്രീലങ്കൻ ജർമൻ ആരാധകരും ഫുട്‌ബോൾ പ്രേമികളുമെല്ലാം ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം വിട്ടപ്പോഴും ജപ്പാൻ ആരാധകർ അവിടെത്തന്നെ നിന്നു. ചരിത്രവിജയത്തിന്റെ ആവേശത്തിമിർപ്പിൽ മതിമറന്നാടാനായിരുന്നില്ല അത്. അങ്ങനെ പ്രതീക്ഷിച്ചവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് സാമുറായികൾ മാലിന്യക്കവറുകളുമായി സ്റ്റേഡിയത്തിൽ കറങ്ങിനടക്കുകയായിരുന്നു.

സ്റ്റേഡിയത്തിലെ കുപ്പിയും മാലിന്യങ്ങളും ആരാധകർ ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങളുമെല്ലാം പെറുക്കി കവറിലാക്കി. ഒരു തുണ്ട് മാലിന്യം ബാക്കിയില്ലെന്നുറപ്പിച്ച ശേഷമായിരുന്നു അവർ സ്റ്റേഡിയം വിട്ടത്. പിന്നീടായിരുന്നു ആവേശവിജയത്തിന്റെ ആഘോഷങ്ങൾ തുടങ്ങിയത്. ജപ്പാനുകാരുടെ ആ മനോഹര പാരമ്പര്യത്തെക്കുറിച്ച് ധാരണയില്ലാത്തവരെല്ലാം ആ കാഴ്ചകണ്ട് മൂക്കത്തു വിരൽവയ്ക്കുകയായിരുന്നു.

വിജയത്തിനുശേഷം ജപ്പാൻതാരങ്ങളും ഡ്രെസിങ് റൂം വൃത്തിയാക്കിയാണ് ടീം ഹോട്ടലിലേക്ക് തിരിച്ചത്. താരങ്ങൾ ഡ്രെസിങ്‌റൂം വിട്ട ശേഷമുള്ള കാഴ്ച കാണേണ്ടതുതന്നെയായിരുന്നു. ടവലുകൾ അടുക്കിവച്ചിരിക്കുന്നു. വെള്ളക്കുപ്പികളും ഫുഡ് കണ്ടെയ്‌നറുകളും ഒരുഭാഗത്ത് ചിട്ടയോടെ സൂക്ഷിച്ചിരിക്കുന്നു. അതുംകഴിഞ്ഞ് നന്ദിയെന്ന് അറബിയിലും ജാപ്പനീസിലും ഒരു പേപ്പറിൽ എഴുതിവച്ചാണ് താരങ്ങൾ മടങ്ങിയത്.

എന്നാൽ, തങ്ങളെ നോക്കി അതിശയപ്പെടുന്നവരെ കണ്ടിട്ടാണ് ജപ്പാനുകാർക്ക് കൗതുകമെന്നതാണ് അതിലേറെ രസം. നിങ്ങൾ എന്തോ വിശേഷമായി കാണുന്ന ആ സംഗതി ഞങ്ങൾക്ക് സ്വാഭാവികതയാണെന്നാണ് മത്സരശേഷം ഡാനോ എന്നൊരു ജപ്പാൻ ആരാധകൻ അൽജസീറയോട് പ്രതികരിച്ചത്. ആളുകളെന്തുകൊണ്ടാണ് ഇതൊരു അപൂർവ സംഭവം പോലെ നോക്കിക്കാണുന്നതെന്ന് ഡാനോയ്ക്ക് മനസിലാകുന്നില്ല.

''ടോയ്‌ലെറ്റ് ഉപയോഗിച്ചാൽ ഞങ്ങൾ തന്നെയാണ് അതു വൃത്തിയാക്കുന്നത്. ഒരു മുറിയിൽനിന്നു പുറത്തിറങ്ങുമ്പോൾ അവിടെ വൃത്തികേടൊന്നുമില്ലെന്ന് ഞങ്ങൾ ഉറപ്പുവരുത്തും. അത് ഞങ്ങളുടെ ആചാരമാണ്. ഒരിടം വൃത്തിയാക്കാതെ അവിടെനിന്ന് ഞങ്ങൾക്ക് പോകാൻ പ്രയാസമാണ്. ഞങ്ങളുടെ വിദ്യാഭ്യാസത്തിന്റെയും ദൈനംദിന പഠനത്തിന്റെയുമെല്ലാം ഭാഗമാണത്.''-ഡാനോ പറയുന്നു.

ഇത്തവണ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഖത്തറും ഇക്വഡോറും തമ്മിൽ നടന്ന മത്സരശേഷമാണ് ആദ്യമായി ആരാധകർ ഈ കൗതുകത്തിനു സാക്ഷിയായത്. കളികാണാനെത്തിയ ജപ്പാൻ ആരാധകർ കാണികളെല്ലാം സ്റ്റേഡിയം വിട്ടപ്പോൾ മാലിന്യങ്ങൾ ശേഖരിക്കുന്നതുകണ്ട് കൗതുകം തോന്നിയ ചിലർ ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. അവരുടെ സ്വന്തം ടീമിന്റെ മത്സരമോ സ്വന്തം നാട്ടിൽ നടക്കുന്ന പരിപാടിയോ ഒന്നുമായിരുന്നില്ല ഇതെന്നതാണ് ശ്രദ്ധേയം.

ഇതിന്റെ ദൃശ്യങ്ങൾ ഫിഫ വേൾഡ് കപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്. ''ഫിഫ ലോകകപ്പിലെ തങ്ങളുടെ ഏറ്റവും വലിയ വിജയത്തിനുശേഷമാണീ ശുചീകരണം. ഈ ജപ്പാൻ ആരാധകരോട് ഏറെ ബഹുമാനം.''-ദൃശ്യങ്ങളുടെ അടിക്കുറിപ്പിൽ പറയുന്നു.

ഖത്തറിൽ ചരിത്രവിജയത്തിനുശേഷമാണിതെന്നു വയ്ക്കാം. എന്നാൽ, 2018ലെ റഷ്യൻ ലോകകപ്പിൽ അതായിരുന്നില്ല സാഹചര്യം. ബെൽജിയത്തിനെതിരെ പോരാടിനിന്ന ശേഷം ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം സ്വന്തം ടീം ഗോൾവഴങ്ങിയ ആ ദൃശ്യം ഏതു ജപ്പാൻ ആരാധകന്റെയും ഹൃദയം പിളർക്കുന്നതായിരുന്നു. എന്നാൽ, ആ ഞെട്ടലും വേദനയും സമുറായികൾക്ക് തങ്ങളുടെ 'വിശുദ്ധ ആചാരം' മുടക്കാൻ ഒരു കാരണവുമായില്ല. മത്സരശേഷം ആരാധകർ സ്റ്റേഡിയം മുഴുവൻ വൃത്തിയാക്കിയ ആ കാഴ്ച അന്ന് ലോകത്തിന്റെ മുഴുവൻ മനം കവർന്നിരുന്നു.

ഇന്നലെ ഗ്രൂപ്പ് 'ഇ'യിലെ ആദ്യ പോരാട്ടത്തിൽ ജർമനിയെ രണ്ടു ഗോളിനാണ് ജപ്പാൻ തകർത്തത്. റിത്സു ഡോൺ, തകുമോ അസാനേ എന്നിവരാണ് ജപ്പാനായി ഗോളടിച്ചത്. 75-ാം മിനുട്ടിലും 83-ാം മിനുട്ടിലുമായിരുന്നു സാമുറായികൾ ജർമൻ വല കുലുക്കിയത്. ഒന്നാം പകുതിയവസാനിക്കുമ്പോൾ ജപ്പാനെതിരെ ജർമനി ഒരു ഗോളിന് മുന്നിലായിരുന്നു.

മത്സരത്തിൻറെ 33-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഇൽക്കേ ഗുന്ദോഗനാണ് വലയിലാക്കിയത്. കളിയുടെ തുടക്കം മുതൽക്കേ ജർമനി മുന്നേറ്റങ്ങളുമായി കളം നിറയുന്ന കാഴ്ചയാണ് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കണ്ടത്. എന്നാൽ രണ്ടാം പകുതിയുടെ അവസാനത്തിൽ ജപ്പാൻ മിന്നും ഫോമിലേക്കുയരുകയായിരുന്നു. പല മുന്നേറ്റങ്ങളും ഗോളിനടുത്തെത്തിയെങ്കിലും ജപ്പാൻ പ്രതിരോധത്തിന് മുന്നിൽ വച്ച് തകരുകയായിരുന്നു.

Summary: Japan's fans clean up stadium after win over Germany at World Cup 2022

TAGS :

Next Story