Quantcast

പരിക്കിൽനിന്നൊരു മോചനമില്ല; പോഗ്ബ യുവന്‍റസില്‍നിന്ന് പുറത്തേക്ക്

കഴിഞ്ഞ സീസണിൽ യുനൈറ്റഡിൽനിന്ന് തിരിച്ചെത്തിയ പോഗ്ബ ഒറ്റ മത്സരത്തിൽ പോലും ടീമിനായി കളത്തിലിറങ്ങിയിട്ടില്ല

MediaOne Logo

Web Desk

  • Published:

    3 Feb 2023 3:04 PM GMT

PaulPogbainjury, Juventus
X

റോം: പരിക്കിന്റെ പിടിയിൽനിന്ന് ഇനിയും മുക്തനാകാത്ത ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയെ കൈവിടാൻ സീരീ എ ക്ലബ് കരുത്തരായ യുവന്റസ്. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ടീമിൽ തിരിച്ചെത്തിയ ശേഷം ഒരു മത്സരത്തിൽ പോലും താരത്തിന് കളിക്കാനായിട്ടില്ല. ഒറ്റ കളിയിലും കളത്തിലിറങ്ങാത്ത പോഗ്ബയ്ക്കു കഴിഞ്ഞ ഡിസംബർ വരെ 2.9 മില്യൻ പൗണ്ട്(ഏകദേശം 28.85 കോടി രൂപ) നൽകേണ്ടി വന്നിട്ടുണ്ട് ക്ലബിന്.

പരിക്കിൽനിന്ന് അടുത്ത കാലത്തൊന്നും മുക്തനാകില്ലെന്ന് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തിൽ പോഗ്ബയുമായുള്ള കരാർ റദ്ദാക്കാനാണ് യുവന്റസ് ആലോചിക്കുന്നത്. ഇല്ലെങ്കില്‍ മറ്റേതെങ്കിലും ക്ലബുകള്‍ക്ക് കൈമാറാനാകും നീക്കം. ഇതുവഴി വൻ തുക ലാഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്ലബ്. 2026 വരെ കരാറുണ്ടെങ്കിലും പരിക്കും അനാവശ്യ ചെലവുമായി ടീമിനു ബാധ്യതയാകുന്ന താരത്തെ പുറത്തുവിട്ട് തലവേദന ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷമാണ് ഫ്രീ ഏജന്റായിരുന്ന പോഗ്ബ മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് യുവന്റസിലേക്ക് തിരിച്ചെത്തുന്നത്. എന്നാൽ, ലോകകപ്പിനു തൊട്ടുമുൻപ് കാൽമുട്ടിനേറ്റ പരിക്ക് താരത്തിനു തിരിച്ചടിയായി. ഫ്രാൻസിന്റെ ലോകകപ്പ് സംഘത്തിൽനിന്നു പുറത്തായ പോഗ്ബയ്ക്ക് പിന്നീട് ക്ലബ് ഫുട്‌ബോളിലേക്കും തിരിച്ചെത്താനായിട്ടില്ല.

നേരത്തെ മാഞ്ചസ്റ്റർ യുനൈറ്റഡിലും നിരന്തരം പരിക്കിന്റെ പിടിയിലായിരുന്നു പോഗ്ബ. പരിക്കുമൂലം നൂറോളം മത്സരങ്ങളാണ് താരത്തിനു യുനൈറ്റഡിൽ നഷ്ടമായത്. 2022 ഏപ്രിലിലാണ് അവസാനമായി ഫ്രഞ്ച് മധ്യനിര താരം കളിച്ചത്.

2012ൽ യുനൈറ്റഡിൽനിന്ന് 1.5 മില്യൻ പൗണ്ടിനാണ് പോഗ്ബയെ യുവന്റസ് ആദ്യമായി സ്വന്തമാക്കുന്നത്. അന്ന് 178 മത്സരങ്ങളിൽനിന്ന് ടീമിനായി 34 ഗോൾ സ്വന്തം പേരിൽ കുറിച്ചിരുന്നു. 2016ൽ 89 മില്യൻ പൗണ്ട് എന്ന റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് താരത്തെ യുനൈറ്റഡ് ടീമിൽ തിരിച്ചെത്തിക്കുകയും ചെയ്തു. എന്നാൽ, തിരിച്ചുവരവിൽ മോശം പ്രകടനം തുടർന്ന താരത്തിന്റെ കരാർ ടീം നീട്ടിനൽകിയില്ല. ഇതോടെയാണ് ഫ്രീ ട്രാൻസ്ഫറിൽ വീണ്ടും യുവന്റസ് പോഗ്ബയെ തിരിച്ചുപിടിക്കുന്നത്.

Summary: Juventus looks to sell or terminate injury-hit Paul Pogba's contract just months after his re-joining the club with not a single game was played

TAGS :

Next Story