Quantcast

ബെൻസേമയുടെ ഇരട്ടഗോൾ; കുതിപ്പ് തുടർന്ന് റയൽ

റയൽ വല്ലഡോലിഡിനെതിരായ വിജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയൽ പോയിന്റ് ടേബിളിൽ ഒന്നാമന്മാരായി

MediaOne Logo

Web Desk

  • Published:

    31 Dec 2022 3:02 AM GMT

ബെൻസേമയുടെ ഇരട്ടഗോൾ; കുതിപ്പ് തുടർന്ന് റയൽ
X

മാഡ്രിഡ്: ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയേറ്റതിനു പിന്നാലെ ദേശീയ കുപ്പായം അഴിച്ച സൂപ്പർ താരം കരീം ബെൻസേമയ്ക്ക് ലാലിഗയിൽ ഗംഭീര തിരിച്ചുവരവ്. സ്പാനിഷ് ലീഗിൽ ഏഴ് ആഴ്ചത്തെ ഇടവേളയ്ക്കുശേഷം നടന്ന റയൽ മാഡ്രിഡിന്റെ ആദ്യ മത്സരത്തിൽ ഇരട്ട ഗോളുമായാണ് ബെൻസേമ വിജയം സമ്മാനിച്ചത്. റയൽ വല്ലഡോലിഡിനെതിരെ അവസാന ഏഴു മിനിറ്റിലായിരുന്നു രണ്ടു ഗോളും. വിജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയൽ പോയിന്റ് ടേബിളിൽ ഒന്നാമന്മാരായി.

വല്ലഡോലിഡിന്റെ ഹോംഹ്രൗണ്ടായ ജോസ് സൊറില്ലയിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് താരങ്ങളായ ഔറെലിയൻ ഷുവാമെനി, എഡ്വാർഡോ കാമവിങ്ങ എന്നിവരെ ബെഞ്ചിലിരുത്തിയായിരുന്നു റയലിന്റെ ആദ്യ ഇലവൻ. ലോകകപ്പിനുശേഷം ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ചും ടീമിൽ തിരിച്ചെത്തി.

മത്സരത്തിലുടനീളം ഇരുടീമുകളും നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾകീപ്പർമാരാണ് രക്ഷകരായത്. റയൽ ആക്രമണത്തിനു മുന്നിൽ വല്ലഡോലിഡ് അസാമാന്യ പ്രതിരോധമൊരുക്കിയപ്പോൾ ഗോൾകീപ്പർ ജോർദി മാസിപ് അസാമാന്യ സേവുകളുമായും തിളങ്ങി. മറുവശത്ത് റയൽ ബോക്‌സിനകത്ത് കീപ്പർ തിബോ കോർട്ടോവയും നിരവധി ഗോളവസരങ്ങളാണ് തടുത്തിട്ടത്.

ഗോൾരഹിതമായി പിരിഞ്ഞ ആദ്യ പകുതിക്കുശേഷം 83-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് റയൽ ആശ്വാസഗോൾ കണ്ടെത്തിയത്. സെർജിയോ ലിയോൺ ചുവപ്പുകാർഡ് കണ്ട് പുറത്തായി പത്തുപേരിലേക്കു ചുരുങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു ആതിഥേയർക്ക് ഇടിത്തീയായി പെനാൽറ്റി എത്തുന്നത്. പെനാൽറ്റി ബോക്‌സിൽ വല്ലഡോലിഡിന്റെ ജാവി സാഞ്ചെസിന്റെ ഹാൻഡ്‌ബോൾ അസിസ്റ്റന്റ് റഫറി വാറിൽ കണ്ടെത്തിയാണ് റയലിന് അനുകൂലമായി വിളിക്കുന്നത്.

കിക്കെടുത്ത ബെൻസേമ അനായാസം പന്ത് വലയിലാക്കുകയും ചെയ്തു. മിനിറ്റുകൾക്കകം ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ ബെൻസേമ രണ്ടാം ഗോളും കണ്ടെത്തി. 89-ാം മിനിറ്റിലായിരുന്നു ബെൻസേമ സീസണിലെ ഏഴാം ഗോൾ കുറിച്ചത്. സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ കമവിങ്ങയുടെ മനോഹരമായൊരു പാസ് ഗംഭീര ഫിനിഷിങ്ങിലൂടെ താരം വലയിലാക്കി. തുടർന്ന് ആശ്വാസഗോൾ കണ്ടെത്താനുള്ള വല്ലഡോലിഡിന്റെ ശ്രമങ്ങളും വിജയം കണ്ടില്ല.

Summary: Karim Benzema scored twice in the final seven minutes to earn Real Madrid a 2-0 win at Real Valladolid.

TAGS :

Next Story