Quantcast

പ്രതിരോധം കാക്കാൻ ഓസീസ് ദേശീയതാരം; 25 കാരൻ അലക്‌സാണ്ടർ ഷുഷ്‌ന്യറിനെ നോട്ടമിട്ട് ബ്ലാസ്‌റ്റേഴ്‌സ്

കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ തലവേദനയായിരുന്നു പ്രതിരോധം. 23 ഗോളുകൾ ടീം നേടിയപ്പോൾ 36 ഗോളാണ് വഴങ്ങേണ്ടി വന്നത്

MediaOne Logo

Sports Desk

  • Updated:

    2021-06-23 08:30:49.0

Published:

23 Jun 2021 8:29 AM GMT

പ്രതിരോധം കാക്കാൻ ഓസീസ് ദേശീയതാരം; 25 കാരൻ അലക്‌സാണ്ടർ   ഷുഷ്‌ന്യറിനെ നോട്ടമിട്ട് ബ്ലാസ്‌റ്റേഴ്‌സ്
X

കൊച്ചി: കഴിഞ്ഞ സീസണിൽ തലവേദനയായ പ്രതിരോധം ശക്തിപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തിരക്കിട്ട നീക്കം. ഓസ്‌ട്രേലിയൻ അന്താരാഷ്ട്ര താരം അലക്‌സാണ്ടർ ഷുഷ്‌ന്യറിനെ ടീമിലെത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമം. സെൻട്രൽ ബാക്കുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടീമിന്റെ പുതിയ കോച്ചായി ഇവാൻ വുകോമനോവിച്ച് ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് ചർച്ചകൾക്ക് വേഗം കൂടിയത്.

ഓസ്‌ട്രേലിയൻ എ ലീഗിൽ മകാർതർ എഫ്‌സിക്കു വേണ്ടി കളിക്കുന്ന താരമാണ് ഷുഷ്‌ന്യർ. ലിത്വാനിയൻ ക്ലബായ എക്‌റനാസ്, ലെയ്താവ ജൊനാവ, ഓസീസ് ക്ലബായ പെർത്ത് എഫ്‌സി, റൊമാനിയൻ ക്ലബായ ഗാസ് മെതൻ മെഡിയാസ്, സ്ലൊവാക് സൂപ്പർ ലീഗ് ക്ലബ് എംഎസ്‌കെ സിലിന, കൊറിയൻ ലീഗിലെ ബുസാൻ ഐപാർക്ക് എന്നിവയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.

2011ൽ സെർബിയൻ അണ്ടർ 17 ടീമിനു വേണ്ടി കളിച്ച ഷുഷ്‌ന്യർ ഓസ്‌ട്രേലിയൻ അണ്ടർ 23 ടീമിലും ബൂട്ടുകെട്ടി. 2018ലായിരുന്നു ഓസീസ് ദേശീയ ടീമിൽ അരങ്ങേറ്റം. നോർവെയ്ക്ക് എതിരെയുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലാണ് കളത്തിലിറങ്ങിയത്.

വിദേശികൾ വിട്ട കൂടാരം

കഴിഞ്ഞ സീസണിലെ എല്ലാ വിദേശ കളിക്കാരെയും ബ്ലാസ്‌റ്റേഴ്‌സ് ഒഴിവാക്കിയിട്ടുണ്ട്. വിസന്റെ ഗോമസ്, ഗാരി ഹൂപ്പർ, ഫാക്കുണ്ടോ പെരേര, ജോർഡാൻ മറെ, ബക്കാരി കോനെ, കോസ്റ്റ നമോയൻസു എന്നിവരുമായുള്ള കരാർ ആണ് ക്ലബ് അവസാനിപ്പിച്ചത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു. തുടർതോൽവികൾക്കിടെ കോച്ച് കിബു വിക്കുന രാജിവച്ചതും ക്ലബിന് തിരിച്ചടിയായി. ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന ഗാരി ഹൂപ്പറിന് പെരുമയ്ക്കൊത്ത് ഉയരാനായില്ല. ഓസീസ് താരം ജോർദാൻ മറെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറ്റൊരു ഐഎസ്എൽ ക്ലബിലേക്ക് താരം കൂടുമാറിയേക്കുമെന്നാണ് റിപ്പോർട്ട്.


കഴിഞ്ഞ സീസണിൽ പ്രതിരോധം കാക്കാൻ എത്തിച്ച കോസ്റ്റയും കോനെയും അമ്പേ നിറം മങ്ങി. കഴിഞ്ഞ സീസണിൽ 23 ഗോളുകൾ ടീം നേടിയപ്പോൾ 36 ഗോൾ വഴങ്ങേണ്ടി വന്നു. മധ്യനിരയിൽ വിസന്റെയുടെയും ഫാക്കുണ്ടോയുടെയും പ്രകടനം ശരാശരിയായിരുന്നു. ഇടയ്ക്ക് പരിക്കേറ്റ് ഫാക്കുണ്ടോയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരികയും ചെയ്തു.

അതിനിടെ, മുൻ സ്ലൊവേനിയൻ താരം മിതെജ് പോപ്ലാനികിന് നൽകാനുണ്ടായിരുന്ന കുടിശ്ശിക തീർത്തതോടെ ക്ലബിന് ഏർപ്പെടുത്തിയിരുന്ന ട്രാൻസ്ഫർ വിലക്ക് ഫിഫ അവസാനിപ്പിച്ചു. ഡേവിഡ് ജയിംസ് കോച്ചായിരിക്കെ, 2019-20 സീസണിലാണ് പോപ്ലാനിക് ബ്ലാസ്റ്റേഴ്സിലെത്തിയത്. ഒരു വർഷത്തിന് ശേഷം ക്ലബ് വിട്ടു. സ്‌കോട്ടിഷ് ടോപ് ക്ലബ് ലിവിങ്സ്റ്റൺ എഫ്സിയിലേക്കാണ് ഇദ്ദേഹം കൂടുമാറിയത്.

പ്രതീക്ഷകളോടെ പുതിയ കോച്ച്

ആക്രമണാത്മക ഫുട്‌ബോളായിരിക്കും തന്റെ ശൈലിയെന്ന് സ്ഥാനമേറ്റെടുത്ത പുതിയ കോച്ച് ഇവാൻ വുകോമനോവിച് വ്യക്തമാക്കിയിട്ടുണ്ട്. എതിരാളികളേക്കാൾ ഒരു ഗോൾ കൂടുതൽ അടിക്കാനുള്ള കളിയാണ് ടീം പുറത്തെടുക്കുക. കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ തന്നെ കിരീടം നേടിക്കൊടുക്കാം എന്ന ഉറപ്പ് ഒന്നും താൻ നൽകുന്നില്ല. എന്നാൽ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തും എന്ന് ഉറപ്പ് നൽകുന്നു. ടീമിനെ കഴിയാവുന്നതിന്റെ ഏറ്റവും ഉയരത്തിൽ എത്തിക്കും. എല്ലാ ഫുട്ബോൾ പരിശീലകർക്കും അവരുടേതായ ശൈലികൾ ഉണ്ടാകും. ഇപ്പോഴത്തെ ഫുട്ബോൾ പ്രേമികൾ ഇഷ്ടപ്പെടുന്നത് വേഗതയിൽ കളിക്കുന്ന ആധുനിക ഫുട്ബോൾ ടാക്ടിക്സുകൾ ആണ്. തന്റെ ശൈലിയും നല്ല ഫുട്ബോൾ കളിക്കുക എന്നതാണ്- കോച്ച് വ്യക്തമാക്കി. കഴിഞ്ഞ ഏഴു വർഷത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തെത്തുന്ന പത്താമത്തെ വ്യക്തിയാണ് ഇവാൻ.

TAGS :

Next Story