മലർത്തിയടിച്ചത് മൂന്നാം ഡിവിഷനിലെ ക്ലബ്; ബ്ലാസ്‌റ്റേഴ്‌സിന് ആധി

ഐഎസ്എല്ലിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇക്കണ്ട കളിയൊന്നും മതിയാകില്ലെന്ന് വ്യക്തം

MediaOne Logo

അഭിമന്യു എം

  • Updated:

    2021-09-21 17:31:33.0

Published:

21 Sep 2021 5:10 PM GMT

മലർത്തിയടിച്ചത് മൂന്നാം ഡിവിഷനിലെ ക്ലബ്; ബ്ലാസ്‌റ്റേഴ്‌സിന് ആധി
X

ഡ്യൂറന്റ് കപ്പിൽ ക്വാർട്ടർ കാണാതെ പുറത്തായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിർണായക മത്സരത്തിൽ രാജ്യത്തെ മൂന്നാം ഡിവിഷൻ ക്ലബ്ബായ ഡൽഹി എഫ്‌സിയോടാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രീസീസൺ എന്ന നിലയിലാണ് ബ്ലാസ്റ്റേഴ്‌സ് ഈ ടൂർണമെന്റിനെ കണ്ടതെങ്കിലും ക്ലബ് മാനേജ്‌മെന്റ് ആഗ്രഹിച്ച തരത്തിലല്ല ടീമിന്റെ റിസൽട്ട്. ഡൽഹി എഫ്‌സിയെ പോലുള്ള ഒരു ടീമിൽ നിന്ന് ഏറ്റുവാങ്ങിയ തോൽവി മാനേജ്‌മെന്റിനെ അലട്ടുമെന്നത് തീർച്ച.

സൂപ്പർ താരങ്ങളായ സഹൽ അബ്ദുൽ സമദ്, രാഹുൽ കെ.പി, ജീക്‌സൺ സിങ്, ഖബ്ര, സിപോവിച്ച്, ജസ്സൽ കാർണൈറോ, സൈത്യസെൻ, ചെഞ്ചോ തുടങ്ങിയ താരങ്ങളെല്ലാം ഡൽഹി എഫ്‌സിക്കെതിരെ കളത്തിലിറങ്ങിയിരുന്നു. എന്നിട്ടും ഒരു ഗോൾ പോലും ടീമിന് നേടാനായില്ല. ഉറച്ച നാല് ഗോൾ അവസരങ്ങളാണ് ടീം പാഴാക്കിയത്. മോശം മൈതാനത്തെയും ഗോൾ പോസ്റ്റിനെയും കുറ്റം പറയാമെങ്കിലും അതൊന്നും തോൽവിക്ക് ന്യായീകരണമാകുന്നില്ല.

മഴ മൂലം കുതിർന്ന ഗ്രൗണ്ടും ക്രോസ്ബാറുമാണ് ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത് എന്ന് വേണമെങ്കിൽ പറയാം. കട്ടയ്ക്ക് നിർഭാഗ്യം 'കൂടെ നിന്നു' എന്നും പറയണം. ഗോളെന്നുറച്ച നിരവധി ഷോട്ടുകൾ ക്രോസ് ബാറിൽ തട്ടി തിരിച്ചുവരുന്നത് ആരാധകർ തലയിൽ കൈവച്ചാണ് കണ്ടത്. എന്നാൽ ഇന്ത്യൻ ഇന്റർനാഷണലുകൾ ഉൾപ്പെട്ട മുന്നേറ്റ നിര ഒരു ഗോളെങ്കിലും അടിക്കേണ്ടേ എന്ന ആരാധകരുടെ ചോദ്യത്തിനും ന്യായമുണ്ട്.

പരിക്കിന്റെ പിടിയിലായിരുന്ന സഹൽ അബ്ദുൽ സമദ് കളത്തിലേക്ക് തിരിച്ചെത്തിയതും രാഹുൽ കെപിയുമായും ചെഞ്ചോയുമായും താരം ഉണ്ടാക്കിയ കെമിസ്ട്രിയുമാണ് മത്സരത്തിൽ എടുത്തു പറയേണ്ടത്. രണ്ടാം പകുതിയിലാണ് സഹൽ ഇറങ്ങിയത്. പതിവ് ഡ്രിബിളിങ്ങിന് ഒപ്പം ഫൈനൽ തേഡിലേക്ക് പാസുകളും നൽകാൻ താരത്തിനായി. എന്നാല്‍ ഒരു വേള ഗോളെന്നുറച്ച അവസരം സഹൽ പാഴാക്കുന്നതും കണ്ടു.

ഫൈനൽ തേഡിൽ താരം ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു എന്ന സൂചന നൽകുന്നതായിരുന്നു ഗോളി ഡൈവ് ചെയ്തു രക്ഷപ്പെടുത്തിയ ആ ഷോട്ട്. യുറഗ്വായ് താരം ലൂനയ്‌ക്കൊപ്പം സഹൽ എങ്ങനെ കളിക്കുന്നു എന്നാണ് ഇനി ആരാധകർ ഉറ്റുനോക്കുന്നത്. ഗോളി മാത്രം മുമ്പിൽ നിൽക്കെ രാഹുലും അവസരങ്ങൾ പാഴാക്കി. ഒരു തവണ ഗോൾ ലൈൻ സേവിലൂടെയാണ് ഡൽഹി പ്രതിരോധം രാഹുലിന്റെ ഷോട്ട് രക്ഷപ്പെടുത്തിയത്.

സിപോവിച്ച്, ലൂന, ചെഞ്ചോ എന്നീ വിദേശ താരങ്ങൾ മാത്രമാണ് ടൂർണമെന്റിൽ ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലിറങ്ങിയത്. പരിക്ക് പേടിച്ച് പല കളിക്കാരെയും ഏതെങ്കിലും പകുതിയിൽ മാത്രമാണ് കോച്ച് കളത്തിലിറക്കിയത്. ആക്രമണത്തിൽ വിദേശ താരങ്ങളായ ജോർജ് ഡയസ്, ആൽവാരോ വാൽക്വിസ് എന്നിവർ കൂടിയെത്തുന്നതോടെ മുന്നേറ്റ നിരയ്ക്ക് മൂർച്ച കൂടും എന്നാണ് കരുതപ്പെടുന്നത്.

ഐഎസ്എല്ലിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇക്കണ്ട കളിയൊന്നും മതിയാകില്ലെന്ന് വ്യക്തമാണ്. പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റത്തിലും ടീം ഒരുപാട് മെച്ചപ്പെടേണ്ടതുണ്ടെന്ന് ഡ്യൂറന്റ് കപ്പ് തെളിയിച്ചിട്ടുണ്ട്. എന്നാൽ പോരായ്മകൾ പരിഹരിക്കാൻ ഇനിയും രണ്ടു മാസം ബാക്കിയുണ്ട്. അവ പരിഹരിച്ചില്ലെങ്കിൽ ഇത്തവണയും ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം ക്ലബിന് പുറത്തെടുക്കാനാകില്ല.

TAGS :

Next Story