സ്വന്തം തട്ടകത്തിലും രക്ഷയില്ലാതെ ബ്ലാസ്‌റ്റേഴ്‌സ്; ബഗാനെതിരെ തോൽവി, 3-0
തോൽവിയോടെ മഞ്ഞപ്പടയുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു

കൊച്ചി: ഐ എസ് എല്ലിൽ പ്ലേഓഫ് ബെർത്ത് ഉറപ്പിക്കാൻ വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. എതിരില്ലാത്ത മൂന്ന് ഗോളിന് കരുത്തരായ മോഹൻ ബഗാനാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്. വിദേശ താരം ജെയ്മി മക്ലാരൻ കൊൽക്കത്തൻ ക്ലബിനായി ഇരട്ടഗോൾ(28,40) നേടി. 66ാം മിനിറ്റിൽ ആൽബെർട്ടോ റോഡ്രിഗസും ലക്ഷ്യംകണ്ടു.
സ്വന്തം തട്ടകമായ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് തുടരെ ആക്രണവുമായി ബഗാൻ ഗോൾമുഖം വിറപ്പിച്ചു. എന്നാൽ പതിയെ കളിയിലേക്ക് മടങ്ങിയെത്തിയ സന്ദർശകർ 28ാം മിനിറ്റിൽ ലീഡെടുത്തു. ഇടതുവിങിലൂടെ മുന്നേറിയ ലിസ്റ്റൻ കൊളാസോ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ മറികടന്ന് ബോക്‌സിലേക്കെത്തി തൊട്ടടുത്തായി മാർക്ക് ചെയ്യാതിരുന്ന മക്ലാരന് പന്ത് മറിച്ചു. ഗോൾകീപ്പർ സച്ചിൻ സുരേഷിനെ കാഴ്ചക്കാരനാക്കി പന്ത് വലയിൽ(1-0). ഗോൾവീണതോടെ നിരാശയോടെ കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെയാണ് കളത്തിൽ കണ്ടത്. തൊട്ടപിന്നാലെ മഞ്ഞപ്പടയുടെ പോസ്റ്റിൽ രണ്ടാം ഗോളുമെത്തി. ബഗാൻ ഗോൾകീപ്പർ വിശാൽ കെയ്ത്ത് ഉയർത്തിയടിച്ച പന്ത് പിടിച്ചെടുത്ത് ജെയ്‌സൻ കുമ്മിങ്‌സ്, ജെയ്മി മക്ലാരനെ ലക്ഷ്യമാക്കി നീട്ടിനൽകി. ഓസീസ് താരത്തിന്റെ കൃത്യമായ ഫിനിഷ്(2-0).
ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ നിന്ന ബഗാനെതിരെ മറുപടി ഗോൾ ലക്ഷ്യമാക്കി രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഫിനിഷിങിലെത്തിക്കാനായില്ല. എന്നാൽ 66ാം മിനിറ്റിൽ ലഭിച്ച സെറ്റ്പീസിലൂടെ മൂന്നാം ഗോളും കൊൽക്കത്തൻ ക്ലബ് സ്വന്തമാക്കി. ബോക്‌സിലേക്ക് ഉയർന്നെത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് പിഴച്ചു. തക്കം പാർത്തിരുന്ന ആൽബെർട്ടോ റോഡ്രിഗസ് മൂന്നാം ഗോളും നേടി പട്ടിക പൂർത്തിയാക്കി.
Adjust Story Font
16

