ലീഡ്സിനെ മൂന്ന് ഗോളിന് തകര്‍ത്ത് ലിവര്‍പൂള്‍; പോയിന്‍റ് പട്ടികയില്‍ മൂന്നാമത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്സ് യുണൈറ്റഡിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

MediaOne Logo

Web Desk

  • Updated:

    2021-09-13 03:57:32.0

Published:

13 Sep 2021 3:57 AM GMT

ലീഡ്സിനെ മൂന്ന് ഗോളിന് തകര്‍ത്ത് ലിവര്‍പൂള്‍; പോയിന്‍റ്  പട്ടികയില്‍ മൂന്നാമത്
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്സ് യുണൈറ്റഡിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലീഡ്സ് യുണൈറ്റഡിനെ തോല്‍പ്പിച്ചത്. മുഹമ്മദ് സലാഹ്, ഫാബിന്യോ, സാദിയോ മാനെ എന്നിവരാണ് ലിവര്‍പൂളിനായി സ്കോര്‍ ചെയ്തത്. ജയത്തിലും യുവതാരം ഹാർവി എലിയറ്റിന് പരിക്കേറ്റ് പുറത്തുപോയത് സങ്കടക്കാഴ്ചയായി.

തുടക്കത്തിൽ ലീഡ്സിന് മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അത് ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആദ്യ പകുതിയുടെ 20 ആം മിനുട്ടില്‍ സലായിലൂടെ ലിവർപൂൾ ലീഡ് എടുത്തു. അർനോൾഡിന്‍റെ പാസില്‍ നിന്നായിരുന്നു സലായുടെ കിടിലന്‍ ഫിനിഷ്. പ്രീമിയർ ലീഗിലെ സലായുടെ നൂറാമത്തെ ഗോളിനാണ് ലീഡ്സിന്‍റെ ഹോം ഗ്രൌണ്ട് വേദിയായത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കി. 50 ആം മിനുട്ടില്‍ ഫബീനോയുടെ വകയായിരുന്നു രണ്ടാം ഗോള്‍. എന്നാല്‍ ടീം രണ്ട് ഗോള്‍ ലീഡില്‍ നില്‍ക്കേ ഹാർവി എലിയറ്റിന് പരിക്ക് പറ്റിയത് ലിവര്‍പൂളിന് തിരിച്ചടിയായി. എങ്കിലും കൂടുതല്‍ ക്ഷീണം സംഭവിച്ചത് ലീഡ്സിനായിരുന്നു. എലിയറ്റിനെ ടാക്കിൾ ചെയ്തതിന് ലീഡ്സിന്‍റെ പാസ്കലിന് ചുവപ്പ് കാർഡ് ലഭിച്ചു. ഇതോടെ ലീഡ്സ് പത്തു പേരായി ചുരുങ്ങി. തുടര്‍ന്ന് കളി മറന്ന ലീഡ്സിന്‍റെ നെഞ്ചില്‍ ഇഞ്ചുറി ടൈമില്‍ അവസാന ആണിയുമടിച്ച് സാഡിയോ മാനോ ടീമിനായി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു മാനെയുടെ ഗോൾ.

വിജയത്തോടെ ലിവർപൂളിന് നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റായി. നിലവില്‍ പ്രീമിയര്‍ലീഗ് പോയിന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഒന്നാമത്. ചെല്‍സി രണ്ടാം സ്ഥാനത്തും. ഇരു ടീമുകള്‍ക്കും പത്ത് പോയിന്‍റ് വീതമുണ്ട്.

TAGS :

Next Story