Quantcast

ചെൽസിയെ കെട്ടുകെട്ടിച്ച് ലീഡ്‌സ്; തകർത്തത് 3-0 ന്

തോൽവിക്കു പുറമെ പ്രതിരോധം താരം കൂലിബാലി രണ്ട് മഞ്ഞക്കാർഡ് കണ്ട് പുറത്തായത് ചെൽസിക്ക് തിരിച്ചടിയായി

MediaOne Logo

Web Desk

  • Published:

    21 Aug 2022 3:11 PM GMT

ചെൽസിയെ കെട്ടുകെട്ടിച്ച് ലീഡ്‌സ്; തകർത്തത് 3-0 ന്
X

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ചെൽസിയെ ഞെട്ടിച്ച് ലീഡ്‌സ് യുനൈറ്റഡ്. സ്വന്തം ഗ്രൗണ്ടായ എല്ലന്റ് റോഡിൽ മിന്നും പ്രകടനം കാഴ്ചവെച്ച ലീഡ്‌സ് എതിരില്ലാത്ത മൂന്നു ഗോളിനാണ് നീലപ്പടയെ കെട്ടുകെട്ടിച്ചത്. ബ്രണ്ടൻ ആരോൺസൺ, റോഡ്രിഗോ, ജാക്ക് ഹാരിസൺ എന്നിവരാണ് ഗോൾ നേടിയത്. 20 വർഷത്തിനിടെ ചെൽസിക്കെതിരെ നേടിയ ആദ്യ ജയത്തോടെ ഏഴ് പോയിന്റിലെത്തിയ ലീഡ്‌സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കു മുന്നേറി.

അതിവേഗ ഫുട്‌ബോളിന് പേരുകേട്ട ലീഡ്‌സ് തുടക്കം മുതൽ തന്നെ ചെൽസിക്കെതിരെ ശക്തമായ പ്രെസ്സിങ് ഗെയിം ആണ് പുറത്തെടുത്തത്. എതിർടീമിന്റെ മിന്നലാക്രമണങ്ങൾക്കിടെ നിലയുറപ്പിക്കാൻ ചെൽസിക്ക് കഴിഞ്ഞതുമില്ല. 33-ാം മിനുട്ടിൽ മൈനസ് പാസ് ലഭിച്ച പന്ത് ക്ലിയർ ചെയ്യുന്നതിൽ ഗോൾകീപ്പർ എഡ്വാഡ് മെൻഡി വരുത്തിയ പിഴവാണ് ചെൽസിക്ക് വിനയായത്. അതിവേഗത്തിൽ മെൻഡിയെ പിന്തുടർന്ന ആരോൺസൺ പന്ത് തട്ടിയെടുത്ത് വലയിലെത്തിക്കുകയായിരുന്നു.

നാല് മിനുട്ടിനകം ബോക്‌സിനു പുറത്തു ഫ്രീകിക്ക് വഴങ്ങിയത് ചെൽസിക്ക് തിരിച്ചടിയായി. ഹാരിസൺ എടുത്ത ഫ്രീകിക്കിൽ നിന്ന് ഹെഡ്ഡറുതിർത്ത റോഡ്രിഗോ ലീഡുയർത്തി. സീസണിലെ നാലാമത്തെ ഗോളായിരുന്നു റോഡ്രിഗോയുടേത്.

രണ്ടാം പകുതിയിൽ ചെൽസി കൂടുതൽ ഒത്തിണക്കം കാണിച്ചെങ്കിലും പഴുതടച്ചു പ്രതിരോധിക്കുന്നതിൽ ലീഡ്‌സ് വിജയിച്ചു. അതിനിടെ 69-ാം മിനുട്ടിൽ സന്ദർശകരുടെ ഹൃദയം പിളർന്ന മൂന്നാം ഗോളും വന്നു. ക്രോസ് തടയുന്നതിൽ ചെൽസി പ്രതിരോധത്തിനു പിഴച്ചപ്പോൾ റോഡ്രിഗോ തട്ടിനൽകിയ പന്ത് ഹാരിസൺ വലയിലെത്തിക്കുകയായിരുന്നു.

84-ാം മിനുട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പ്രതിരോധ താരം കാലിദു കുലിബാലി പുറത്തായത് ചെൽസിയുടെ മുറിവിൽ മുളകുപുരട്ടുന്നതായി.

ലീഗിൽ ഈയാഴ്ച നടന്ന മറ്റ് മത്സരങ്ങളിൽ ആർസനൽ 3-0 ന് ബോൺമത്തിനെയും ടോട്ടനം ഹോട്‌സ്പർ വൂൾവ്‌സിനെ 1-0 നും ഫുൾഹാം ബ്രെന്റ്‌ഫോഡിനെ 3-2 നും സതാംപ്ടൺ ലെസ്റ്ററിനെ 2-1 നും ബ്രെയ്റ്റൻ 2-0 ന് വെസ്റ്റ്ഹാമിനെയും തോൽപ്പിച്ചു.

TAGS :

Next Story