ദൗത്യം പൂർത്തിയായി, മടങ്ങുന്നു; ബാഴ്‌സ വിടുന്നതായി സ്ഥിരീകരിച്ച് ലെവൻഡോവ്‌സ്‌കി
കറ്റാലൻ ക്ലബിനായി 191 മത്സരങ്ങളിൽ നിന്ന് 119 ഗോളുകളാണ് വെറ്ററൻ താരം സ്വന്തമാക്കിയത്.

ബാഴ്‌സലോണ: ഈ സീസൺ അവസാനിക്കുന്നതോടെ ബാഴ്‌സലോണ വിടുന്നതായി സ്ഥിരീകരിച്ച് പോളിഷ് സ്‌ട്രൈക്കർ റോബെർട് ലെവൻഡോവ്‌സ്‌കി. സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചാണ് ക്ലബ് വിടുന്നതായി താരം പ്രഖ്യാപിച്ചത്. വെല്ലുവിളികളും കഠിനാദ്ധ്വാനവും നിറഞ്ഞ നാല് വർഷത്തിന് ശേഷം മടങ്ങുന്നതായാണ് വെറ്ററൻ താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ദൗത്യം പൂർത്തിയാക്കിയ സംതൃപ്തിയിലാണ് മടങ്ങുന്നതെന്നും ലെവൻഡോവ്‌സ്‌കി അഭിപ്രായപ്പെട്ടു. ഞായറാഴ്ച റയൽ ബെറ്റീസിനെതിരെ സ്വന്തം തട്ടകമായ ക്യാമ്പ് നൗവിലാകും ലെവൻ അവസാനമായി കളത്തിലിറങ്ങുക.
' ഒരു നക്ഷത്രമായി വന്നു, ഇതിഹാസമായി മടങ്ങുന്നു'. ഔദ്യോഗിക സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ബാഴ്‌സ രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും മോശം ഫോമും കാരണം ക്ലബ് തിരിച്ചടി നേരിട്ടസമയമാണ് വെറ്ററൻ സ്‌ട്രൈക്കർ ക്ലബുമായി കരാറിലെത്തിയത്. 2022ൽ ബയേൺ മ്യൂണികിൽ നിന്നെത്തിയ ലെവൻഡോവ്‌സ്‌കി അതിവേഗം ബാഴ്‌സ ഗോൾമെഷീനാകുന്നതാണ് പിന്നീട് കണ്ടത്.
Gracias, Robert Lewandowski, por cada gol, cada lucha y cada momento mágico vistiendo estos colores. Culer para siempre. 💙❤️ pic.twitter.com/C9jHJOzpUY
— FC Barcelona (@FCBarcelona_es) May 16, 2026
റയലിനെതിരായ എൽക്ലാസികോ മത്സരത്തിലടക്കം ക്ലബിനായി താരം നിർണായക ഗോളുകൾ സ്വന്തമാക്കിയിരുന്നു. ആദ്യ സീസണിൽ തന്നെ ലാലിഗയിലെ ടോപ് ഗോൾ സ്‌കോററായ താരം, ഈ സീസണിൽ ഇതുവരെ 18 ഗോളുകൾ നേടികഴിഞ്ഞു. 37ാം വയസ്സിൽ ബാഴ്‌സ വിടുന്ന താരത്തെ ലക്ഷ്യമിട്ട് സൗദി ക്ലബുകൾ രംഗത്തുണ്ട്. അമേരിക്കയിൽ നിന്നും താരത്തെ തേടി ഓഫറുകളെത്തിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ എങ്ങോട്ട് പോകുമെന്ന കാര്യത്തിൽ ഇതുവരെയൊരു സ്ഥിരീകരമായിട്ടില്ല
Adjust Story Font
16

