Quantcast

മെസിയുടെ വാക്കുകൾ ഫലം കാണുന്നു; ലെവൻഡവ്‌സ്‌കിക്ക് ബാളൻ ഡോർ ലഭിച്ചേക്കും?

മെസി ബാളൻ ഡോർ പുരസ്കാരവേദിയിൽ ഇക്കാര്യം അവതരിപ്പിച്ചതോടെ ലെവൻഡവ്സ്കിക്കും ലോകഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരം ലഭിക്കാനുള്ള സാധ്യത തെളിയുകയാണ്.

MediaOne Logo

Web Desk

  • Published:

    2 Dec 2021 11:34 AM GMT

മെസിയുടെ വാക്കുകൾ ഫലം കാണുന്നു; ലെവൻഡവ്‌സ്‌കിക്ക് ബാളൻ ഡോർ ലഭിച്ചേക്കും?
X

2021-ലെ മികച്ച ഫുട്‌ബോളർക്കുള്ള ബാളൻ ഡോർ പുരസ്‌കാരം സ്വന്തമാക്കിയ ശേഷം ലയണൽ മെസി നടത്തിയ പ്രസംഗത്തിൽ, രണ്ടാം സ്ഥാനക്കാരനായ റോബർട്ട് ലെവൻഡവ്‌സ്‌കിയെ വാനോളം പുകഴ്ത്തിയിരുന്നു. കോവിഡ് മഹാമാരി കാരണം നൽകേണ്ടെന്ന് തീരുമാനിച്ച 2020-ലെ ബാളൻ ഡോറിന് അർഹൻ ലെവൻഡവ്‌സ്‌കി ആയിരുന്നുവെന്നും, പുരസ്‌കാരം നൽകുന്ന 'ഫ്രാൻസ് ഫുട്‌ബോൾ' മാഗസിൻ അത് ബയേൺ താരത്തിന് നൽകേണ്ടതായിരുന്നു എന്നുമായിരുന്നു മെസിയുടെ വാക്കുകൾ. ഫുട്‌ബോൾ ലോകത്ത് ഇത് വലിയ ചർച്ചയാവുകയും ചെയ്തു.

ഇപ്പോഴിതാ 2020-ൽ 'തട്ടിയെടുക്കപ്പെട്ട' ബാളൻ ഡോർ ലെവൻഡവ്‌സ്‌കിക്ക് നൽകിയേക്കും എന്ന സൂചനയുമായി ഫ്രാൻസ് ഫുട്‌ബോൾ തന്നെ രംഗത്തു വന്നിരിക്കുകയാണ്. മാഗസിന്റെ എഡിറ്റർ ഇൻ ചീഫ് പാസ്‌കൽ ഫെറെയാണ് അത്തരത്തിലൊരു സാധ്യതയെപ്പറ്റി ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്.

'ബാളൻ ഡോർ ജനാധിപത്യപരമായ ഒരു സംവിധാനം അടിസ്ഥാനപ്പെടുത്തിയാണ് കൊടുക്കുന്നത്. 170 ജൂറിമാരാണ് ഇത്തവണ ഉണ്ടായിരുന്നത്. അവർ തീരുമാനിച്ചത് പുരസ്‌കാരം മെസിക്ക് നൽകാനാണ്. ഞാനല്ല മെസിയെ തെരഞ്ഞെടുത്തത്. എനിക്ക് താൽപര്യം ലെവൻഡവ്‌സ്‌കിയോടായിരുന്നു. പക്ഷേ, മെസിക്കും അർഹതയുണ്ടെന്ന് ഞാൻ കരുതുന്നു.' ജർമൻ മാധ്യമമായ ബുലിന്യൂസിന്റെ പ്രതിനിധി വാട്‌സണിന് നൽകിയ അഭിമുഖത്തിൽ പാസ്‌കൽ ഫെറെ പറയുന്നു.

'2020-ലെ ബാളൻ ഡോറിനെപ്പറ്റി മെസി പറഞ്ഞത് നല്ല കാര്യവും ബുദ്ധിപരവുമാണ്. അക്കാര്യത്തിൽ പെട്ടെന്നൊരു തീരുമാനം ഞങ്ങൾ എടുക്കുന്നില്ല. എങ്കിലും അതേപ്പറ്റി ആലോചന നടത്തേണ്ടതുണ്ട്. 2020-ൽ ലെവൻഡവ്‌സ്‌കി തന്നെയാണോ പുരസ്‌കാരം നേടേണ്ടിയിരുന്നത് എന്ന കാര്യത്തിൽ ഞങ്ങൾക്കുറപ്പില്ല. കാരണം അത് വോട്ടെടുപ്പിലൂടെ തീരുമാനിക്കേണ്ടതാണ്. സത്യം പറയുകയാണെങ്കിൽ, ആ പുരസ്‌കാരം നേടാനുള്ള അർഹത ലെവൻഡവ്‌സ്‌കിക്കുണ്ട്.' - ഫെറെ വ്യക്തമാക്കി.

കളിക്കാരുടെ മികവ് വിലയിരുത്താൻ മാത്രമുള്ള മത്സരങ്ങൾ നടന്നില്ല എന്നു വിലയിരുത്തിയാണ് 2020-ൽ ബാളൻ ഡോർ നൽകേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ, ബയേണിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയതടക്കം മിന്നും ഫോമിലായിരുന്ന സ്‌ട്രൈക്കറുടെ മികവ് പരിഗണിച്ച് ഫിഫ ഫുട്‌ബോളർ ഓഫ് ദി ഇയർ പുരസ്‌കാരം 2020-ൽ ലെവൻഡവ്‌സ്‌കിക്കാണ് നൽകിയത്. ആ വർഷം ബാളൻ ഡോർ നൽകാതിരുന്നത് അനീതിയാണെന്നും പോളിഷ് താരത്തിന് ലഭിക്കേണ്ടിയിരുന്ന പുരസ്കാരം തട്ടിയെടുക്കുകയായിരുന്നുവെന്നും ഫുട്ബോൾ ലോകത്തു നിന്ന് വിമർശനമുയർന്നിരുന്നു.

മെസി ബാളൻ ഡോർ പുരസ്കാരവേദിയിൽ ഇക്കാര്യം അവതരിപ്പിച്ചതോടെ ലെവൻഡവ്സ്കിക്കും ലോകഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരം ലഭിക്കാനുള്ള സാധ്യത തെളിയുകയാണ്. പുരസ്കാരം നൽകാൻ ഫ്രാൻസ് ഫുട്ബോൾ അധികൃതർ തീരുമാനിക്കുകയാണെങ്കിൽ, ആ വർഷത്തെ മികവ് പരിഗണിച്ചുള്ള വോട്ടെടുപ്പുണ്ടാകും. സ്വാഭാവികഗതിയിൽ സ്വർണപ്പന്ത് പോളിഷ് താരത്തിന്റെ കൈകളിലെത്തുകയും ചെയ്യും.

TAGS :

Next Story