Quantcast

സ്വന്തം തട്ടകത്തിൽ മെസിക്കെതിരെ കലിപ്പടക്കി പി.എസ്.ജി ആരാധകർ; കൂക്കുവിളിയും പരിഹാസവും

മത്സരശേഷം എംബാപ്പയടക്കമുള്ള പി.എസ്.ജി താരങ്ങൾ ആരാധകരെ അഭിവാദ്യം ചെയ്തപ്പോൾ മെസി അതിനുനിൽക്കാതെ ടണലിലൂടെ വേഗം കളംവിടുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    20 March 2023 2:58 AM GMT

whistleagainstMessi, PSGfansbooingMessi, Messibooed, PSGfansprotestagainstMessi
X

പാരിസ്: ചാംപ്യൻസ് ലീഗിൽനിന്ന് പുറത്തായതിന്റെ നാണക്കേട് തീരുംമുൻപ് പി.എസ്.ജിക്ക് ഞെട്ടിപ്പിക്കുന്ന തോൽവി. സൂപ്പർ താരങ്ങളായ ലയണൽ മെസിയും കിലിയൻ എംബാപ്പെയും കളത്തിലിറങ്ങിയിട്ടും സ്വന്തം തട്ടകമായ പാർക് ഡെസ് പ്രിൻസസിൽ പി.എസ്.ജിക്ക് പിഴച്ചു. മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു ലിഗ് വണ്ണിൽ അഞ്ചാം സ്ഥാനക്കാരായ റെന്നെയോട് ടീമിന്റെ തോൽവി. മത്സരം ആരംഭിക്കുംമുൻപ് തന്നെ കൂക്കുവിളികളോടെയും പരിഹാസങ്ങളോടെയുമായിരുന്നു പി.എസ്.ജി ആരാധകർ മെസിയെ എതിരേറ്റത്.

ആദ്യ പകുതിയുടെ അവസാനവും രണ്ടാം പകുതിയുടെ തുടക്കത്തിലും പിറന്ന ഓരോ ഗോളുകൾക്കായിരുന്നു റെന്നെയുടെ വിജയം. തിരിച്ചൊരു ഗോൾ മടക്കാൻ പോലും മെസിയുടെ സംഘത്തിനായില്ല. 45-ാം മിനിറ്റിൽ കാമറൂൺ താരം ടോകോ എകാമ്പിയാണ് റെന്നെയുടെ അക്കൗണ്ട് തുറന്നത്. ബൂറിഗെയ്ഡിൽനിന്നുള്ള അളന്നുമുറിച്ച പാസ് പെനാൽറ്റി ഏരിയയിൽനിന്ന് നെഞ്ചിൽ സ്വീകരിച്ച എകാമ്പി പന്ത് പി.എസ്.ജി ബോക്‌സിലേക്ക് തൊടുത്തിടുകയായിരുന്നു.

രണ്ടാം പകുതി ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ റെന്നെയുടെ രണ്ടാം ഗോളും വന്നു. ഇത്തവണ അർണോഡ് കാലിമുയെന്ദോയാണ് തന്റെ മുൻ ടീമിന്റെ മുറിവിൽ എരിവ് പുരട്ടിയത്. ബൂറിഗെയ്ഡ് ഉയർത്തിനൽകിയ പാസ് സ്വീകരിച്ച ഉഗോചുക്വു പെനാൽറ്റി ഏരിയയ്ക്ക് തൊട്ടടുത്തുനിന്ന് കാലിമുയെന്ദോയ്ക്ക് ഗോളാക്കാൻ അവസരം നൽകുകയായിരുന്നു. മുൻ പി.എസ്.ജി താരത്തിന് ലക്ഷ്യം പിഴച്ചതുമില്ല. ഡോണറുമ്മയെയും കടന്ന് പന്ത് വലയിൽ. റെന്നെ-2, പി.എസ്.ജി-0.

ഇതാദ്യമായാണ് 2021 ഏപ്രിലിന് ശേഷം ലിഗ് വണ്ണിൽ പി.എസ്.ജി സ്വന്തം തട്ടകത്തിൽ തോൽക്കുന്നത്. 35 തുടർവിജയങ്ങൾക്കുശേഷമായിരുന്നു തോൽവി. ഖത്തർ ടീമിനെ സ്വന്തമാക്കിയ ശേഷം ഇത് മൂന്നാം തവണ മാത്രമാണ് ഒരു സീസണിൽ ഒരേ ടീമിനോട് രണ്ടു തവണ പി.എസ്.ജി കീഴടങ്ങുന്നത്. എന്നാൽ, ഒറ്റ ഗോൽ പോലും മടക്കിനൽകാനാകാതെ ടീം കീഴടങ്ങുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ജനുവരിയിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റെന്നെയ്‌ക്കെതിരെ പി.എസ്.ജിയുടെ തോൽവി.

പ്രതിഷേധമടക്കി ആരാധകർ; അഭിവാദ്യം ചെയ്യാൻ നില്‍ക്കാതെ മെസി

ചാംപ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് തോറ്റുപുറത്തായതിനു പിന്നാലെ മെസിക്കെതിരെ അടുത്ത മത്സരത്തിൽ പ്രതിഷേധമുണ്ടാകുമെന്ന് പി.എസ്.ജി ഫാൻസ് കൂട്ടായ്മയായ 'കളക്ടീവ് അൾട്രാസ് പാരിസ്' പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ലിഗ് വണ്ണിൽ റെന്നെയ്‌ക്കെതിരായ മത്സരത്തിനു തൊട്ടുമുൻപ് ആരാധകർ ആ കണക്കു തീർക്കുകയും ചെയ്തു.

കിക്കോഫിനുമുൻപ് ഇലവൻ പ്രഖ്യാപനത്തിനിടെ മെസിയുടെ പേര് വിളിച്ചപ്പോഴായിരുന്നു ആരാധകർ കൂക്കുവിളികളോടെയും പരിഹാസങ്ങളോടെയും നേരിട്ടത്. എംബാപ്പെയുടെ പേര് പ്രഖ്യാപിച്ചപ്പോൾ ആരാധകർ ആരവം മുഴക്കിയ ശേഷമായിരുന്നു മെസിയോടുള്ള അവഹേളനം. അതേസമയം, ഒരു വിഭാഗം ആരാധകർ താരത്തിനുവേണ്ടി കൈയടിക്കുകയും ആരവം മുഴക്കുകയും ചെയ്തു.

ആരാധകരുടെ ഭാഗത്തുനിന്ന് ഓർക്കാനാകാത്ത അവഹേളനം നേരിട്ടെങ്കിലും മത്സരത്തിൽ മെസി അത് പ്രകടമാക്കിയില്ല. ഇന്നലെ റെന്നെയ്‌ക്കെതിരായ മത്സരത്തിൽ പി.എസ്.ജി സംഘത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് സൂപ്പർതാരമായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളവസരങ്ങളാണ് എംബാപ്പെയ്ക്കായി മെസി തുറന്നുനൽകിയത്. രണ്ടും എംബാപ്പെ പാഴാക്കുകയും ചെയ്തു.

അതേസമയം, മത്സരശേഷം ആരാധകരെ അനുമോദിക്കാൻ നിൽക്കാതെ മെസി നേരെ ടണലിലൂടെ ഡ്രെസിങ് റൂമിലേക്ക് നടന്നുപോകുകയും ചെയ്തു. എംബാപ്പെ അടക്കം താരങ്ങൾ ഹോംഗ്രൗണ്ടിൽ കളി കാണാനെത്തിയ ആരാധകരെ അഭിവാദ്യം ചെയ്തപ്പോഴായിരുന്നു മെസി അതിനു നിൽക്കാതെ വേഗം കളംവിട്ടത്.

അതേസമയം, മത്സരത്തിനുമുൻപ് താരങ്ങളെ കൂക്കിവിളിക്കുന്നതിനെതിരെ കോച്ച് ക്രിസ്റ്റഫ് ഗാൾട്ടിയർ രംഗത്തെത്തി. താരങ്ങൾ അവരുടെ മികച്ച പ്രകടനമാണ് ഗ്രൗണ്ടിൽ പുറത്തെടുക്കുന്നതെന്നും അവരെ കൂവിത്തോൽപിക്കാൻ ഒരു ന്യായവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബയേൺ മ്യൂണിക്ക് മികച്ച ടീമായതുകൊണ്ടാണ് തങ്ങൾ തോറ്റതെന്നും ഗാൾട്ടിയർ കൂട്ടിച്ചേർത്തു.

Summary: Lionel Messi went straight down the tunnel after being booed by PSG fans in the Ligue 1 match against Rennes

TAGS :

Next Story