കിക്കോഫിനുമുന്‍പേ 'വെള്ളത്തിലായ' ആവേശപ്പോര്; ലോകം കൗതുകത്തോടെ കണ്ട വൈറല്‍ കട്ടൗട്ടുകൾ ഇനി കരയ്ക്കിരിക്കും-നിരാശയോടെ ആരാധകർ

നാട്ടിലിപ്പോൾ മരിച്ച പ്രതീതിയാണെന്ന് പുള്ളാവൂരിലെ ഒരു അര്‍ജന്‍റീന ആരാധകൻ മീഡിയവണിനോട് പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    2022-11-05 14:37:48.0

Published:

5 Nov 2022 2:26 PM GMT

കിക്കോഫിനുമുന്‍പേ വെള്ളത്തിലായ ആവേശപ്പോര്; ലോകം കൗതുകത്തോടെ കണ്ട വൈറല്‍ കട്ടൗട്ടുകൾ ഇനി കരയ്ക്കിരിക്കും-നിരാശയോടെ ആരാധകർ
X

കോഴിക്കോട്: ലോകകപ്പ് കാലം കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് ഉറക്കമില്ലാത്ത നാളുകളാണ്. പ്രത്യേകിച്ചും മലബാറിൽ. വെറും കളിയാവേശം മാത്രമല്ല. വീറും വാശിയും നിറഞ്ഞ, ഇഷ്ട ടീമിന്റെ കരുത്തറിയിക്കാനുള്ള പരസ്പരം പോരിന്‍റെ കാലം കൂടിയാണിത്. ഖത്തറിൽ പന്തുരുളാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കേരളത്തിലെ ഫുട്‌ബോൾ ആവേശത്തിന് ചൂടുപിടിപ്പിച്ച് കോഴിക്കോട്ടെ പുള്ളാവൂർ പുഴയിൽ അർജന്റീന ഇതിഹാസം ലയണൽ മെസ്സിയുടെ ഭീമൻ കട്ടൗട്ട് ഉയർന്നത്. തൊട്ടുപിന്നാലെ നെയ്മറിന്റെ അതിലും കൂറ്റൻ കട്ടൗട്ടുമായി ബ്രസീൽ ആരാധകരുമെത്തി.

അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ഏറ്റെടുത്ത ആവേശക്കാഴ്ചയ്ക്ക് പക്ഷെ, ദിവസങ്ങൾക്കകം തന്നെ തിരിച്ചടിയേറ്റിരിക്കുകയാണ്. പഞ്ചായത്ത് ഭരണകൂടത്തിന്റെ ഇടപെടലിൽ പുഴയിൽനിന്ന് കട്ടൗട്ടുകൾ നീക്കം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ് ഫാൻസ് അസോസിയേഷനുകൾ. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് പുഴയില്‍നിന്ന് കട്ടൗട്ടുകള്‍ എടുത്തുമാറ്റാന്‍ പഞ്ചായത്ത് നിർബന്ധിതരായത്.

പുഴയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നുവെന്നും വനം വകുപ്പ് നിയമത്തിന് വിരുദ്ധമാണെന്നും അടക്കമുള്ള വിഷയങ്ങളാണ് പരാതിയിൽ ഉന്നയിച്ചതെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കൽ ഗഫൂർ മീഡിയവണിനോട് പറഞ്ഞു. പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പരാതിയിൽ മുന്നറിയിപ്പുണ്ടായിരുന്നു. ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും വ്യക്തമാക്കി. പരാതി ലഭിച്ച ഉടൻതന്നെ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഇതിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇതെന്ന് ബോധ്യപ്പെടുകയും ചെയ്തുവെന്ന് ഗഫൂർ പറഞ്ഞു.

തുടർന്ന് കട്ടൗട്ട് വച്ച സമീപ പ്രദേശങ്ങളിലുള്ള ആളുകളോട് സംസാരിച്ച് കാര്യം ബോധ്യപ്പെടുത്തി. അവർ മാറ്റാമെന്ന് അറിയിക്കുകയും ചെയ്തിരിക്കുകയാണെന്നും ഗഫൂർ അറിയിച്ചു. നീക്കിയില്ലെങ്കിൽ വേണ്ട നടപടികൾ പഞ്ചായത്ത് ഭരണസമിതി ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈറൽ കട്ടൗട്ടുകൾ; വീറും വാശിയും

ലോകം ലോകകപ്പ് ആവേശത്തിലേക്ക് നീങ്ങുമ്പോൾ കേരളത്തിന്റെ മുക്കുമൂലകളിലും ഇഷ്ടടീമിന്റെയും താരങ്ങളുടെയും ചിത്രങ്ങൾ അടങ്ങിയ ഫ്‌ളക്‌സുകൾ സ്ഥാപിച്ച് മലയാളി ആരാധകരും ഖത്തർ ആഘോഷത്തിനുള്ള കാത്തിരിപ്പിലാണ്. ഇതിനിടയിലാണ് പുഴയ്ക്കു നടുവിലെ മെസ്സി കട്ടൗട്ട് വേറിട്ട കാഴ്ചയായത്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലുള്ള പുള്ളാവൂരിലെ പുഴയിലായിരുന്നു സംഭവം. 30 അടി പൊക്കമുള്ള കൂറ്റൻ മെസ്സി കട്ടൗട്ട്!

കൗതുകം നിറഞ്ഞ കട്ടൗട്ട് ഉടൻ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ ലോകമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. അർജന്റീന ദേശീയ ഫുട്‌ബോൾ ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വൈറൽ ചിത്രം പങ്കുവച്ചു. ഔദ്യോഗിക ഒളിംപിക്‌സ് വെബ് പോർട്ടൽ മുതൽ ഇ.എസ്.പി.എൻ അടക്കമുള്ള അന്താരാഷ്ട്ര കായിക മാധ്യമങ്ങൾ വരെ അത് വാർത്തയാക്കുകയും ചെയ്തു.

പിന്നാലെയാണ് ബ്രസീൽ ആരാധകരും രംഗത്തെത്തിയത്. ഇത്തവണ പത്തടി കൂടി അധികം പൊക്കമുള്ള ഭീമൻ നെയ്മർ കട്ടൗട്ടുമായായിരുന്നു വരവ്. പുഴക്കരയോട് ചേർന്ന് ഞെട്ടിക്കുന്ന കട്ടൗട്ട്. ഈ ആവേശപ്പോരും മാധ്യമങ്ങൾക്ക് കൗതുകമായി. അതും ദേശീയ മാധ്യമങ്ങളടക്കം ഏറ്റെടുത്തു. സോഷ്യൽ മീഡിയയിൽ ട്രോളുകളായും അല്ലാതെയും പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ നിറഞ്ഞുനിന്നു.

എന്നാൽ, കളിയാവേശത്തിൽ കട്ടുറുമ്പായാണ് ഇപ്പോൾ അഭിഭാഷകന്റെ പരാതിയും പഞ്ചായത്തിന്റെ ഇടപെടലും വരുന്നത്. തീർത്തും നിരാശപ്പെടുത്തുന്ന തീരുമാനമാണെന്നാണ് ആരാധകർ പറയുന്നത്.

ലോകം മൊത്തം ഏറ്റെടുത്തതായിരുന്നു ഇത്. നാട്ടിലിപ്പോൾ മരിച്ച പ്രതീതിയാണെന്ന് പുള്ളാവൂരിലെ ഒരു അര്‍ജന്‍റീന ആരാധകൻ മീഡിയവണിനോട് പ്രതികരിച്ചു. ശരിക്കും സങ്കടമായെന്ന് ഒരു കുഞ്ഞ് ആരാധകനും പരിഭവം പങ്കിട്ടു.

Summary: Argentina and Brazil football fans from Kozhikode are in big disappointment as they are forced to remove viral cut-outs of Lionel Messi and Neymar Jr from the Pullavoor river

TAGS :

Next Story