Quantcast

മെസ്സി സൗദിയിലേക്ക്? വമ്പൻ തുകയ്ക്ക് കരാറായെന്ന് റിപ്പോർട്ട്

നിലവിൽ പിഎസ്ജി താരമായ മെസ്സി ക്ലബ്ബുമായി അത്ര രസത്തിലല്ല

MediaOne Logo

Web Desk

  • Updated:

    2023-05-09 11:39:50.0

Published:

9 May 2023 10:58 AM GMT

messi
X

പാരിസ്: ഇതിഹാസ താരം ലയണൽ മെസ്സി സൗദി പ്രൊ ലീഗിലെ അൽ ഹിലാൽ ക്ലബിലേക്കെന്ന് റിപ്പോർട്ട്. വമ്പൻ തുകയ്ക്ക് മെസ്സിയെ സൗദി ക്ലബ് സ്വന്തമാക്കിയെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ടു ചെയ്തു. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചാണ് എ.എഫ്.പി റിപ്പോർട്ട്.

നിലവിൽ പിഎസ്ജി താരമായ മെസ്സി ക്ലബ്ബുമായി അത്ര രസത്തിലല്ല. ഈയിടെ ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി യാത്ര നടത്തിയതിന് പിഎസ്ജി താരത്തിന് രണ്ടാഴ്ച വിലക്കേർപ്പെടുത്തിയിരുന്നു. ശമ്പളവും റദ്ദാക്കിയിരുന്നു. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കു പിന്നാലെയാണ് മെസ്സിയും അറബ് രാജ്യത്തേക്ക് ചേക്കേറുന്നത്. ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റെക്കോർഡ് തുകയ്ക്ക് സൗദി ക്ലബ്ബായ അൽ നസ്‌റിലെത്തിയിരുന്നത്.



ഈ വർഷം ജൂൺ വരെയാണ് പി.എസ്.ജിയുമായി മെസ്സിക്ക് കരാറുള്ളത്. ഫ്രഞ്ച് ക്ലബിൽ നിന്ന് മുൻ തട്ടകമായ ബാഴ്‌സലോണയിലേക്ക് മെസ്സി കൂടുമാറും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് എ.എഫ്.പി റിപ്പോർട്ട് പുറത്തു വരുന്നത്. മെസ്സിക്കൊപ്പം ബാഴ്‌സ താരങ്ങളായ സെർജി ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവരും സൗദിയിലെത്തുമെന്ന് കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമം റിപ്പോർട്ടു ചെയ്തിരുന്നു. 3270 കോടി രൂപയുടെ മോഹിപ്പിക്കുന്ന വാഗ്ദാനമാണ് അൽ ഹിലാൽ മുമ്പിൽ വച്ചിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.



അതേസമയം, താരത്തിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിച്ചിട്ടില്ലെന്ന് പ്രമുഖ ട്രാൻസ്ഫർ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ടു ചെയ്യുന്നു. ഏപ്രിൽ മുതൽ അൽ ഹിലാലിന്റെ ഓഫർ താരത്തിന് മുമ്പിലുള്ളതായി റൊമാനോ ട്വിറ്ററിൽ കുറിച്ചു. സീസൺ അവസാനത്തോടെ മാത്രമേ വിഷയത്തിൽ തീരുമാനമുണ്ടാകൂ എന്നും അദ്ദേഹം പറയുന്നു.

TAGS :

Next Story