പ്രതീക്ഷിച്ചതിനും മുകളിൽ; ലിവർപൂൾ പ്രീമിയർ ലീഗ് ഉറപ്പിച്ചോ?

- Updated:
2025-02-25 13:52:48.0

റഫറിയുടെ ചുണ്ടിൽ നിന്നും അവസാനത്തെ വിസിലുയർന്നു. എത്തിഹാദിലെ മാനത്ത് മൂടിയ കാർമേഘങ്ങൾ വെള്ളത്തുള്ളികളായി പെയ്തുതുടങ്ങി. ഷൗഷാങ്ക് റിഡപ്ഷൻ സിനിമയിൽ ടിം റോബിൻസ് കൈകളുയർത്തുംപോലെയാണ് വിർജിൽ വാൻഡൈക് ആ വിജയം ആഘോഷിച്ചത്. ഒരു മഹാവിജയത്തിന്റെ നിർവൃതിപോലെ വാൻഡൈക് അലിസണെ പൊതിഞ്ഞുപിടിച്ചു. എത്തിഹാദിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചതോടെ പ്രീമിയർ ലീഗെന്ന മോഹക്കിരീടത്തോട് ഒരുപടി കൂടി അടുത്തുവെന്ന് അവർക്കറിയാം. ഇനി ആ സ്വപ്നകിരീടത്തിൽ ചുവന്ന റിബ്ബൺ കെട്ടി ആൻഫീൽഡിലേക്ക് കൊണ്ടുവരേണ്ട ജോലി മാത്രമാണെന്ന് ആരാധകർ കരുതുന്നു. ലിവർപൂളിന്റെ രാവുകളും പകലുകളും ചുവന്നുതുടുക്കുന്ന ആ സുന്ദരദിന രാത്രത്തിനായുള്ള കാത്തിരിപ്പ് മാത്രമാണ്ശേഷിക്കുന്നത്. പോയ സീസണുകളിലെല്ലാം കിരീട വിജയത്തിന്റെ ആരവങ്ങളിൽ മുങ്ങിയ എത്തിഹാദ് എതിരാളികളുടെ ആഘോഷത്തിന് സാക്ഷ്യം വഹിക്കുന്ന വിധിയുടെ വൈപരീത്യവും നാം കാണുന്നു.
പ്രീമിയർ ലീഗ് അതിന്റെ അവസാന ക്വാർട്ടറിലാണ്. സാധാരണ ഗതിയിൽ മത്സരങ്ങൾ മുറുകുന്ന സമയം. പക്ഷേ ഫോട്ടോഫിനിഷും ലാസ്റ്റ് മാച്ച് ഡ്രാമയുമൊന്നും പ്രതീക്ഷിക്കേണ്ട എന്ന് പ്രഖ്യാപിച്ച് ലിവർപൂൾ മുന്നോട്ട് കുതിക്കുകയാണ്. രണ്ടാമതുള്ള ആർസനലുമായുള്ളത് 11 പോയന്റിന്റെ വലിയ മാറ്റം. മൂന്നാമതുള്ള നോട്ടിങ് ഹാം ഫോറസ്റ്റുമായുള്ളത് 17 പോയന്റിന്റെയും നാലാമതുള്ള സിറ്റിയുമായുള്ളത് 20 പോയന്റിന്റെയും ക്ലിയർ ഗ്യാപ്പ്. ഒരു മത്സരം അധികം കളിച്ചെങ്കിലും പ്രവചനങ്ങൾക്കും അപ്പുറമുള്ള ആധിപത്യമാണ് ലിവർപൂൾ മൈതാനത്ത് പുലർത്തുന്നത്.
പ്രീമിയർ ലീഗ് ടോപ്പ് ഫോറിലുള്ള ഒരു ടീമും കൺസിസ്റ്റന്റായി മുന്നേറുന്നില്ല എന്നത് ലിവർപൂളിനെ കൂടുതൽ ശക്തരാക്കുന്നു. നിർണായക മത്സരത്തിൽ വെസ്റ്റ്ഹാമിനോട് തോറ്റതോടെ ആർസനൽ ഒരുപടി കൂടി പിറകിൽ പോയി. വലിയ പ്രതീക്ഷയോടെ ബൂട്ട് കെട്ടിയ സീസണിൽ മോഹങ്ങൾ പൊലിഞ്ഞത് അവരെ വല്ലാതെ നിരാശരാക്കിയിട്ടുണ്ട്. വെസ്റ്റ്ഹാമിനെതിരായ തോൽവിയിൽ വളരെ ക്ഷുഭിതനായാണ് കോച്ച് മിക്കേൽ അർടേറ്റ പ്രതികരിച്ചത്. തുടക്കത്തിലെ പടയോട്ടത്തിന് ശേഷം നോട്ടിങ്ഹാമും ഇപ്പോൾ വിറക്കുന്നു. അവസാന നാല് മത്സരങ്ങളിലും അവർ തോറ്റു. ഫോമിലേക്ക് മടങ്ങിവന്ന സിറ്റിയാകട്ടെ, അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും കയ്പ്പുനീർ കുടിച്ചു.
you will never walk alone എന്ന ഐതിഹാസിക ഗീതം ചൊല്ലിയിരുന്ന ആരാധകർ ഇപ്പോൾ ‘We’re going to win the league!’ എന്ന ചാന്റിലേക്ക് മാറിയിട്ടുണ്ട്. കിരീടപ്പോരാട്ടത്തിൽ ലിവർപൂളിന് അനുകൂലമാകുന്ന മറ്റൊരു കണക്ക് കൂടിയുണ്ട്. സീസണിൽ ഇനി ശേഷിക്കുന്നത് 11മത്സരങ്ങളാണ്. അതിൽ ഏഴെണ്ണത്തിനും പന്തുരുളുക ചെമ്പട്ട് പുതച്ച ആൻഫീൽഡിിലാണ്. അതിനേക്കാൾ വലിയ അനുഗ്രഹം അവർക്ക് ലഭിക്കാനില്ല.
രണ്ടാമതുള്ള ആർസനലിന് ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാൽ ലഭിക്കുക 89 പോയന്റാണ്. 12 മത്സരങ്ങൾ തുടർച്ചയായി വിജയിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് അവർക്ക് മുന്നിലുള്ളത്. അതിൽ ആൻഫീൽഡിൽ മെയ് പത്തിന് ലിവർപൂളിനെതിരെ നടക്കുന്ന മത്സരവും ഉൾപ്പെടും. എന്നാൽ ലിവർപൂളിന് ഒൻപത് മത്സരങ്ങൾ വിജയിച്ചാൽ പോലും ആർസനലിന് മുന്നിലായി ഫിനിഷ് ചെയ്യാം. മുന്നേറ്റനിരയിലെ പ്രമുഖ താരങ്ങൾക്ക് പരിക്ക് പറ്റിയത് പീരങ്കിപ്പടയുടെ മറ്റൊരു മൈനസാണ്. ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ കാര്യമെടുത്താലോ.. അവർ ഇനിയുള്ള മത്സരങ്ങൾ എല്ലാം ജയിച്ചാലും പരമാവധി ലഭിക്കുക 80 പോയന്റ്. ഇതിനോടകം 64 പോയന്റുള്ള ലിവർപൂളിന് വെറും ആറ് മത്സരങ്ങളിൽ വിജയിച്ചാൽ പോലും 82 പോയന്റിലെത്താം. നോട്ടിങ്ഹാം, ന്യൂകാസിൽ അടക്കമുള്ള ടീമുകളുടെ കാര്യവും സമാനം തന്നെ. ലിവർപൂളിനെ തുടർ സമനിലകളും തോൽവികളും വേട്ടയാടിയാൽ മാത്രമേ മറിച്ചെന്തെങ്കിലും സംഭവിക്കൂ.
പക്ഷേ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ലിവർപൂൾ കരുതലോടെയാണ് മുന്നേറുന്നത്. കോച്ച് അർനെ സ്ളോട്ട് സിറ്റിക്കെതിരായ മത്സരത്തിന് പിന്നാലെ പ്രതികരിച്ചത് ഇങ്ങനെ. ‘‘വേറെ ഏതെങ്കിലും ലീഗാണെങ്കിൽ ഇത് വളരെ കംഫർട്ടബിളായ ലീഡാണ്. പക്ഷേ ഇവിടെ അതല്ല സ്ഥിതി. ഇവിടെ ഓരോ കളിയും വെല്ലുവിളിയാണ്. എഫ്.എ കപ്പിൽ േപ്ല മൗത്ത് ഞങ്ങളെ തോൽപ്പിച്ചത് തന്നെ നിങ്ങൾ കണ്ടതല്ലേ. ആരാധകർക്ക് അവർക്ക് ഇഷ്ടമുള്ളത് പാടാം. പക്ഷേ അതൊക്കെ നടക്കാൻ പ്രയാസമാണ്’’ -സ്ളോട്ട് പ്രതികരിച്ചു
സംഗതി വിനയമാണെങ്കിലും സ്ളോട്ട് പറഞ്ഞതിലും കാര്യമുണ്ട്. ഇത് പ്രീമിയർ ലീഗാണ്. ഒരിഞ്ച് സ്ഥലം കിട്ടിയാൽ കടിച്ചുകുടയാൻ പാകത്തിലുള്ള പുലികളും ആനകളും കുതിരകളുമൊക്കെ അരങ്ങുതകർക്കുന്ന കൊടുങ്കാടാണിത്. 1997-98 സീസണിൽ മാർച്ച് രണ്ടിന് യുനൈറ്റഡ് രണ്ടാമതുള്ള ആഴ്സണലിനേക്കാൾ 11പോയന്റ് മുന്നിലായിരുന്നു. ഫെർഗൂസന്റെ ചെങ്കുപ്പായക്കാർ ഇംഗ്ലണ്ട് ഭരിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ സീസൺ അവസാനിച്ചപ്പോൾ ഒരു പോയന്റ് വ്യത്യാസത്തിൽ പീരങ്കിപ്പട കപ്പുയർത്തി. പക്ഷേ അന്നത്തെ യുനൈറ്റഡിനും മുകളിലാണ് ലിവർപൂൾ ഈ സീസണിൽ ഉടനീളം പന്തുതട്ടിയത് എന്നത് മറ്റൊരു സത്യം.
Adjust Story Font
16