നിർണായക നീക്കവുമായി ലിവർപൂൾ; അർണോൾഡിന്റെ പകരക്കാരനെയെത്തിച്ച് ഇംഗ്ലീഷ് ക്ലബ്
റെക്കോർഡ് തുക മുടക്കി ജർമൻ മിഡ്ഫീൽഡർ ഫ്‌ളോറിയാൻ വിർട്‌സിനെയെത്തിക്കാനും ലിവർപൂളിന് പദ്ധതിയുണ്ട്

ലണ്ടൻ: കഴിഞ്ഞ കുറേ ദിവസങ്ങളായി ട്രാൻസ്ഫർ വിപണിയിൽ ഉയർന്നുകേട്ടത് ലിവർപൂൾ താരം ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡിന്റെ കൂടുമാറ്റ വാർത്തയായിരുന്നു. ഒടുവിൽ റയൽമാഡ്രിഡിലേക്കുള്ള താരത്തിന്റെ ട്രാൻസ്ഫർ യാഥാർത്ഥ്യമായി. എന്നാൽ ഇംഗ്ലീഷ് താരം മടങ്ങി മണിക്കൂറുകൾക്കകം പകരക്കാരനെയെത്തിച്ച് ലിവർപൂൾ ആ വിടവ് നികത്തി. ബയേർ ലെവർകൂസനിൽ നിന്ന് ഡച്ച് യുവതാരം ജെറമി ഫ്രിംപോങിനെയാണ് അഞ്ചുവർഷ കരാറിൽ ഇംഗ്ലണ്ടിലെത്തിച്ചത്. ഏകദേശം 339.67 കോടിയാണ് (35 മില്യൺ യൂറോ) 24 കാരൻ വിങ്ബാക്കിനായി പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ചെലവഴിച്ചത്.
സമീപകാലത്തായി ജർമൻ ദേശീയ ടീമിലും ലെവർകൂസനുമായി തകർപ്പൻ പ്രകടനമാണ് ഫ്രിംപോങ് നടത്തിവരുന്നത്. ഈ സീസണിൽ വിവിധ ചാമ്പ്യൻഷിപ്പുകളിലായി 53 മത്സരങ്ങളിലും കളത്തിലിറങ്ങി. കഴിഞ്ഞ ദിവസമാണ് ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ് സ്പാനിഷ് ക്ലബിനൊപ്പം ചേർന്നത്. വരാനിരിക്കുന്ന ക്ലബ് ലോകകപ്പിലും റയൽ നിരയിൽ 26 കാരനുണ്ടാകും. ഇതിനായി ഏകദേശം 96 കോടിയാണ്(10 മില്യൺ) ലിവർപൂളിന് നൽകിയത്.
അതേസമയം, ജർമൻ മിഡ്ഫീൽഡർ ഫ്‌ളോറിയാൻ വിർട്‌സിനായി 130 മില്യൺ യൂറോയുടെ(ഏകദേശം 1261 കോടി) റെക്കോർഡ് ഓഫറും ലിവർപൂൾ മുന്നോട്ട് വെച്ചു. ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി ടീമുകളും 22 കാരനായി രംഗത്തുണ്ട്. 2023ൽ മൊയ്‌സസ് കയ്‌സെഡോയെ എത്തിക്കാനായി ചെൽസി ചെലവഴിച്ച 115 മില്യണാണ് പ്രീമിയർലീഗിലെ റെക്കോർഡ് ട്രാൻസ്ഫർ ഫീ.
Adjust Story Font
16

