ഹീറോയായി മഗ്വയർ; ആൻഫീൽഡിൽ ലിവർപൂളിനെ വീഴ്ത്തി യുണൈറ്റഡ്, 2-1
2016ന് ശേഷമാണ് ലിവർപൂൾ തട്ടകത്തിൽ യുണൈറ്റഡ് വിജയം സ്വന്തമാക്കുന്നത്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കീഴടക്കിയത്. 84ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ ഗോൾ നേടി പ്രതിരോധ താരം ഹാരി മഗ്വയർ യുണൈറ്റഡിന്റെ ഹീറോയായി. നിരന്തര തിരിച്ചടികൾ നേരിടുന്ന ചുവന്ന ചെകുത്താൻമാരുടെ മികച്ച കംബാകാണ് ആൻഫീൽഡിൽ കണ്ടത്. 2016ന് ശേഷമാണ് സ്വന്തം തട്ടകത്തിൽ ലിവർപൂൾ യുണൈറ്റഡിനോട് തോൽവി വഴങ്ങുന്നത്.
ലിവര്ർപൂളിനെതിരെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച യുണൈറ്റഡ് രണ്ടാംമിനിറ്റിൽ തന്നെ ആദ്യ വെടിപൊട്ടിച്ചു. ബ്രയാൻ എംബ്യൂമോയുടെ മികച്ച ഫിനിഷിലൂടെയാണ് ആദ്യ ഗോൾ വന്നത്. തുടർന്ന് കളിയിലേക്ക് മടങ്ങിയെത്തിയ ആതിഥേയർ തുടരെ എതിർ ബോക്‌സിലേക്ക് ഇരമ്പിയെത്തി. തുടരെ ആക്രമിച്ചുകളിച്ചെങ്കിലും ഗോൾ അകന്നുനിന്നു. ആദ്യപകുതി യുണൈറ്റിഡിന്റെ ഒരു ഗോൾ ലീഡുമായി അവസാനിച്ചു. എന്നാൽ 78ാം മിനിറ്റിൽ ഫെഡറികോ കിയേസയുടെ ക്രോസ് കൃത്യമായി വലയിലെത്തിച്ച് കോഡ് ഗാക്‌പോ ലിവർപൂളിനായി (78) സമനില പിടിച്ചു.
അവസാന പത്തുമിനിറ്റിൽ വിജയഗോളിനായി ഇരുടീമുകളും ആക്രമണ,പ്രത്യാക്രമണവുമായി കളംനിറഞ്ഞതോടെ മത്സരം ആവേശമായി. 84ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ബോക്‌സിലേക്ക് നൽകിയ പന്തിൽ കൃത്യമായി തലവെച്ച് മഗ്വയർ ടീമിന്റെ വിജയഗോൾനേടി. അവസാന മിനിറ്റുകൾ സമനിലക്കായുള്ള ലിവർപൂൾ ശ്രമങ്ങളൊന്നും വിജയിച്ചില്ല. സമനില നേടാനായുള്ള സുവർണാവസരം ഗാക്‌പോ നഷ്ടപ്പെടുത്തി. ലീഗിൽ ടീമിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. തുടരെ തിരിച്ചടി നേരിട്ട റൂബെൻ അമോറിമിനും യുണൈറ്റഡിനും ഈ വിജയം മികച്ച കംബാക്കായി. മറ്റൊരു മത്സരത്തിൽ ടോട്ടനത്തെ ആസ്റ്റൺവില്ല(2-1) തോൽപ്പിച്ചു. 5ാം മിനിറ്റിൽ റോഡ്രിഗോ ബെന്റാൻകുറിലൂടെ ടോട്ടനം മുന്നിലെത്തിയെങ്കിലും 37ാം മിനിറ്റിൽ മോർഗൻ റോജേർസിലൂടെ സമനില പിടിച്ചു. 77ാം മിനിറ്റിൽ എമി ബുവെൻഡിയയിലൂടെ ആസ്റ്റൺവില്ല വിജയഗോൾ സ്വന്തമാക്കി.
Adjust Story Font
16

