Quantcast

പൊരുതിവീണ് സൗദി; പോളണ്ടിന് ഇരട്ടഗോൾ വിജയം

പ്രീക്വാർട്ടർ കാണാൻ ഗ്രൂപ്പ് സിയിൽ ഇനി മരണക്കളി

MediaOne Logo

Web Desk

  • Updated:

    2022-11-26 15:17:39.0

Published:

26 Nov 2022 12:58 PM GMT

പൊരുതിവീണ് സൗദി; പോളണ്ടിന് ഇരട്ടഗോൾ വിജയം
X

ഗ്രൂപ്പ് സിയിലെ പോളണ്ടിനെതിരെയുള്ള മത്സരത്തിൽ സൗദി അറേബ്യ പൊരുതിവീണു. രണ്ട് ഗോളടിച്ച് പോളണ്ട് വിജയിച്ചു. ഇതോടെ പ്രീക്വാർട്ടർ കാണാൻ ഗ്രൂപ്പ് സിയിൽ ഇനി മരണക്കളിയാകുമെന്ന് തീർച്ചയായി. ഇന്ന് സൗദി വിജയിച്ചിരുന്നുവെങ്കിൽ നേരത്തെ അവരോട് തോറ്റ അർജൻറീനയ്ക്ക് ആശ്വാസമാകുമായിരുന്നു. എന്നാൽ സൗദി പരാജയപ്പെട്ടതോടെ അവർക്ക് തുടർ മത്സരങ്ങളിൽ വിജയിച്ചേ മതിയാകൂ.

സൗദിക്കെതിരെയുള്ള മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡ് നേടിയ പോളണ്ട് രണ്ടാം പകുതിയിൽ വീണ്ടും ഗോളടിക്കുകയായിരുന്നു. 39ാം മിനുട്ടിൽ പിതോർ സിലിൻസ്‌കിയാണ് പോളണ്ടിനായി തീയുണ്ട പായിച്ചതെങ്കിൽ 82ാം മിനുട്ടിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി സൗദി ഡിഫൻഡറുടെ പിഴവ് മുതലെടുത്തു. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽട്ടി സൗദി തുലച്ചിരുന്നു. സൗദി നായകൻ സാലിം അൽദൗസരിയെടുത്ത പെനാൽട്ടി കിക്ക് പോളിഷ് ഗോളി ചെഷ്നി തടഞ്ഞിടുകയായിരുന്നു. റീബൗണ്ടായെത്തിയ പന്ത് മുഹമ്മദ് അൽബുറെയ്ക് പോസ്റ്റിലേക്കടിച്ചെങ്കിലും ഗോളി വീണ്ടും തട്ടിയകറ്റി. നേരത്തെ ലെവൻഡോവ്‌സകിയുടെ പാസിൽ നിന്നായിരുന്നു സിലിൻസ്‌കി പോളണ്ടിന് ആദ്യ ലീഡ് നേടിക്കൊടുത്തത്.

അർജൻറീനക്കെതിരെ നേടിയ വിജയത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് മികച്ച മുന്നേറ്റങ്ങളാണ് സൗദി നടത്തിയിരുന്നത്. എന്നാൽ കരുത്തുറ്റ പോളണ്ട് നിരയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിന്റെ 12ാം മിനുട്ടിൽ കന്നോയെടുത്ത ഷോട്ട് പോളണ്ട് ഗോളി ചെഷ്‌നി തട്ടിയകറ്റി. 54ാം മിനുട്ടി പോളണ്ടിന്റെ ഗോൾമുഖത്ത് സൗദി താരങ്ങളുടെ കൂട്ടപ്പൊരിച്ചിൽ തന്നെയുണ്ടായി. ഗോൾ പിറന്നേക്കുമെന്ന് തോന്നിച്ചെങ്കിലും സാലിമടക്കമുള്ളവർക്ക് പോസ്റ്റിലേക്ക് ഷോട്ടുതിർക്കാൻ കഴിഞ്ഞില്ല. 52ാം മിനുട്ടിൽ റിച്ചാലിസനെ അനുകരിച്ച് ബൈസിക്കിൾ കിക്കെടുക്കാനുള്ള കന്നോയുടെ ശ്രമവും വിജയിച്ചില്ല. 59ാം മിനുട്ടിൽ ഫെറാസിന് ലഭിച്ച തുറന്ന അവസരവും ഗോളാക്കാനായില്ല പോസ്റ്റിന് മുകളിലൂടെയാണ് ഷോട്ട് പോയത്. 60ാം മിനുട്ടിൽ സമാന സംഭവം നടന്നു.

ടൂർണമെൻറിലുടനീളം അതിശയകരമായ പ്രകടനമാണ് ചെഷ്‌നി നടത്തുന്നത്. 2022 ലോകകപ്പിൽ നേരിട്ട ഒമ്പതു ഷോട്ടുകളും ഗോൾവലയ്ക്കകത്ത് കയറാതെ സൂക്ഷിച്ചു പോളണ്ടിന്റെ വിശ്വസ്ത സൂക്ഷിപ്പുകാരൻ. മൂന്നു ഷോട്ടുകൾ അടിക്കപ്പെട്ടപ്പോൾ നാലു വട്ടമാണ് മഞ്ഞക്കാർഡ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. പോളണ്ട് നിരയിൽ മിലികിനും ജാകുബ് കിവിയോറിനും മാറ്റി കാഷിനും മഞ്ഞക്കാർഡ് കാണേണ്ടി വന്നു. സൗദി നിരയിൽ അൽമാലികിയാണ് നടപടി നേരിട്ടത്.

കഴിഞ്ഞ കളിയിൽ അർജൻറീനയെ അട്ടിമറിച്ച സൗദി പ്രീക്വാർട്ടർ ഉറപ്പിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. എഡ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയത്തിലാണ് മത്സരം. 2006ൽ സൗഹൃദ മത്സരത്തിൽ കളിച്ച ശേഷം ആദ്യമായാണ് സൗദിക്കെതിരെ പോളണ്ട് കളിക്കുന്നത്. അന്ന് 2-1ന് പോളണ്ടിനായിരുന്നു വിജയം. ഫിഫ ലോകകപ്പിൽ ഏഷ്യൻ രാജ്യത്തിനെതിരെയുള്ള പോളണ്ടിന്റെ മൂന്നാം മത്സരവുമാണിത്. 2002ൽ കൊറിയയെയും 2018ൽ ജപ്പാനെയും ടീം തോൽപ്പിച്ചിരുന്നു.

സൗദി അറേബ്യ: 4-1-4-1

മെഹാമ്മദ് അൽഒവൈസ്, അബ്ദുല്ലാഹ് അലംരി, അലി അൽബുലയ്ഹി, മൊഹമ്മദ് അൽബുറയ്കി, അബ്ദുല്ലാഹ് അൽമാലികിൗ ഫെറാസ് അൽബ്രികാൻ, സാലിം അൽദൗസരി(ക്യാപ്റ്റൻ), സാലിഹ് അൽഷഹ്‌രി, സൗദ് അബ്ദുൽ ഹാമിദ്, സാമി അൽനയ്ജ്, മൊഹമ്മദ് കന്നോ. കോച്ച്: ഹെർവേ റെനാഡ്.

അർജന്റീനയ്‌ക്കെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റ ഫുൾബാക്ക് യാസിർ അൽഷഹരാനിയ്ക്ക് പകരം മുഹമ്മദ് അൽ ബുറായ്ക് ടീമിലെത്തി.

പോളണ്ട്: 3-4-1-2

സെഷൻസി, സലേവ്സ്‌കി, കിവിയോർ, ക്യാഷ്, മിലിക്, ലെവൻഡോവ്സ്‌കി(ക്യാപ്റ്റൻ), കിർച്ചോവിയക്, സിലെൻസ്‌കി, കാമിൽ ഗ്ലിക്ക്, ബെർസിൻസ്‌കി, ഫ്രാൻകോവ്‌സ്‌കി. കോച്ച് : സീസ്ലേവ് മിച്യൂനീവിച്‌.

ആദ്യ മത്സരത്തിൽ അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സൗദി തോൽപ്പിച്ചത്. ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമായിരുന്നു സൗദിയുടെ ഞെട്ടിക്കുന്ന തിരിച്ചുവരവ്. എന്നാൽ, മെക്‌സിക്കോയോട് ഗോൾരഹിത സമനിലയായിരുന്നു പോളണ്ട് നേടിയത്. മെക്‌സിക്കോ കീപ്പർ ഗുെലെർമോ ഒച്ചോവോയുടെ പ്രകടനമാണ് പോളണ്ടിന് തിരിച്ചടിയായത്.

TAGS :

Next Story