Quantcast

'ദുരന്തം, മോശം റഫറിമാരില്‍ ഒരാള്‍': ആ പെനാല്‍റ്റി തകര്‍ത്തുകളഞ്ഞെന്ന് മോഡ്രിച്ച്

എങ്കിലും അർജന്റീനയെ പ്രശംസിക്കാതെ വയ്യെന്ന് മോഡ്രിച്ച്

MediaOne Logo

Web Desk

  • Updated:

    2022-12-14 07:42:12.0

Published:

14 Dec 2022 7:40 AM GMT

ദുരന്തം, മോശം റഫറിമാരില്‍ ഒരാള്‍: ആ പെനാല്‍റ്റി തകര്‍ത്തുകളഞ്ഞെന്ന് മോഡ്രിച്ച്
X

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന - ക്രൊയേഷ്യ സെമി ഫൈനല്‍ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ ക്രൊയേഷ്യൻ നായകൻ ലൂക മോഡ്രിച്ചും പരിശീലകന്‍ സ്ലാറ്റ്കോ ഡാലിക്കും. മെസി ഗോളാക്കി മാറ്റിയ പെനാല്‍റ്റിയെ കുറിച്ചാണ് ആരോപണം. ഇറ്റലിക്കാരനായ റഫറി ഡാനിയൽ ഒർസാറ്റോയാണ് ഖത്തർ ലോകകപ്പിലെ ഒന്നാം സെമി നിയന്ത്രിച്ചത്. മോശം റഫറിമാരില്‍ ഒരാള്‍ എന്നാണ് മോഡ്രിച്ച് ഒർസാറ്റോയെ വിശേഷിപ്പിച്ചത്.

''ആ പെനാൽറ്റി വരെ ഞങ്ങൾ നന്നായി കളിച്ചുവരികയായിരുന്നു. എന്റെ അഭിപ്രായത്തിൽ അത് അനുവദിക്കേണ്ടിയിരുന്നില്ല. റഫറിമാരെ കുറിച്ച് പൊതുവെ ഞാനൊന്നും പറയാറില്ല. ഇന്നു പക്ഷേ അതു പറയാതിരിക്കാനാകില്ല. എനിക്കറിയാവുന്നവരിൽ ഏറ്റവും മോശം റഫറിമാരില്‍ ഒരാളാണയാൾ. ഇന്നത്തെ കാര്യം മാത്രമല്ല. അയാളെ കുറിച്ച് എനിക്ക് ഒരു നല്ല ഓര്‍മയുമില്ല. അയൊളൊരു ദുരന്തമാണ്. എങ്കിലും അർജന്റീനയെ പ്രശംസിക്കാതെ വയ്യ. അവരുടെ വിജയത്തിന്‍റെ ക്രെഡിറ്റ് തട്ടിയെടുക്കാനില്ല. ഫൈനലിലെത്താൻ അർഹതയുള്ളവരാണ് അവർ. എന്നാലും ആ ആദ്യത്തെ പെനൽറ്റി ഞങ്ങളെ തകർത്തുകളഞ്ഞു''- മോഡ്രിച്ച് പറഞ്ഞു.

അര്‍ജന്‍റീനയുടെ അല്‍വാരസിനെ ക്രൊയേഷ്യയുടെ ഗോൾകീപ്പർ ലിവകോവിച്ച് വീഴ്ത്തിയതിനാണ് പെനല്‍റ്റി അനുവദിച്ചത്. മെസി അത് ഗോളാക്കി മാറ്റുകയും ചെയ്തു. ഇതിനെതിരെ ക്രൊയേഷ്യയുടെ പരിശീലകൻ ഡാലിക്കും രംഗത്തെത്തി- "ഞങ്ങളാണ് പന്ത് കൂടുതല്‍ കൈവശം വെച്ചത്. പക്ഷേ ഞങ്ങൾ ഒരു ഗോൾ വഴങ്ങി. അത് സംശയാസ്പദമാണെന്ന് ഞാൻ കരുതുന്നു. ലിവകോവിച്ച് പിന്നെ എന്താണ് ചെയ്യേണ്ടത്? വഴിയിൽ നിന്ന് മാറണമായിരുന്നോ? ആ ആദ്യ ഗോളോടെ കളി കൈവിട്ടു. അതുവരെ ഞങ്ങൾക്ക് പൂർണ നിയന്ത്രണം ഉണ്ടായിരുന്നു. ഇതൊക്കെ പുതിയ നിയമങ്ങളാണോ? അതാണ് മത്സരത്തെ നയിച്ചത്. ഇവ പുതിയ നിയമങ്ങളാണെങ്കിൽ, ഞങ്ങളെ അറിയിക്കൂ. ഞാന്‍ അര്‍ജന്‍റീനക്കാരെ അഭിനന്ദിക്കുന്നു. എന്‍റെ കുട്ടികളെയും അഭിനന്ദിക്കുന്നു".

ഖത്തർ ലോകകപ്പിൽ റഫറിമാർ ഇതിനു മുന്‍പും വിമര്‍ശനം നേരിട്ടിട്ടുണ്ട്. നെതർലന്‍റ്സ്- അർജന്‍റീന മത്സരത്തിൽ മഞ്ഞകാർഡുകൾ പുറത്തെടുത്ത് റെക്കോഡിട്ട റഫറിക്കെതിരെ ഇരു ടീമുകളും രംഗത്തുവന്നതിനു പിന്നാലെ അദ്ദേഹത്തെ ഫിഫ നാട്ടിലേക്കയച്ചിരുന്നു.

TAGS :

Next Story