Quantcast

ലോകകപ്പിലെ തകർപ്പൻ പ്രകടനം; മൊറോക്കൻ താരങ്ങൾക്കായി വലവിരിച്ച് പ്രമുഖ ക്ലബുകൾ

ഖത്തർ ലോകകപ്പിലെ പ്രകടനം വേറെയും താരങ്ങൾക്ക് വലിയ ക്ലബുകളിൽ കളിക്കാൻ അവസരമൊരുക്കും

MediaOne Logo

Sports Desk

  • Published:

    16 Dec 2022 11:03 AM GMT

ലോകകപ്പിലെ തകർപ്പൻ പ്രകടനം; മൊറോക്കൻ താരങ്ങൾക്കായി വലവിരിച്ച് പ്രമുഖ ക്ലബുകൾ
X

ലോകകപ്പ് സെമിഫൈനലിലെത്തിയ ആദ്യ ആഫ്രിക്കൻ ടീമായ മൊറോക്കോ മിന്നും പ്രകടനം നടത്തിയത് ഒരുപിടി തകർപ്പൻ താരങ്ങളുടെ പിന്തുണയോടെയാണ്. എന്നാൽ ഇവരിൽ അഷ്‌റഫ് ഹകീമിയും ഹകീം സിയെച്ചുമാണ് പ്രമുഖ ക്ലബുകളിൽ കളിക്കുന്നത്. ഹകീമി പാരിസ് സെയ്ൻറ് ജെർമെയ്ൻ വേണ്ടിയും സിയെച്ച് ചെൽസിക്ക് വേണ്ടിയുമാണ് ബൂട്ടണിയുന്നത്. ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ ടീമിലെ അസെദീൻ ഔനാഹിയും സോഫിയാൻ അംറബത്തുമൊക്കെ വമ്പൻ ക്ലബുകളുടെ നോട്ടപുള്ളികളായിരിക്കുകയാണ്. ഔനാഹിയെ ബാഴ്‌സലോണയും അംറബാത്തിനെ ലിവർപൂളും ലക്ഷ്യമിടുന്നതായാണ് 'ഗോൾ.കോം' റിപ്പോർട്ട് ചെയ്യുന്നത്.

മിഡ്ഫീൽഡറായ ഔനാഹി രണ്ടുവർഷം മുമ്പ് ഫ്രഞ്ച് ലീഗ് വണിലെ ക്ലബായ ആംഗേഴ്‌സ് എസ്.സി.ഒക്ക് വേണ്ടിയാണ് കളിക്കുന്നത്. ലോകകപ്പിൽ സുഫിയാൻ അംറബാത്തിനും സാലിം അമല്ലാഹിനുമൊപ്പം മൊറോക്കോക്കായി മിഡ്ഫീൽഡ് അടക്കി ഭരിച്ചതോടെ ഔനാഹിയെ പല ക്ലബുകളും ശ്രദ്ധിച്ചിരിക്കുകയാണ്. 22ാം വയസ്സിൽ താരം കാഴ്ചവെക്കുന്ന പാടവം അപാരമാണെന്നാണ് വിലയിരുത്തൽ. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബുകൾ താരത്തിനായിറങ്ങും. അധികം പണം മുടക്കാതെ താരത്തെ ടീമിലെത്തിക്കാൻ ടീമുകൾക്കായേക്കും. മുൻ സ്‌പെയിൻ കോച്ച് ലൂയിസ് എൻറിക്വും റോമ കോച്ച് ജോസ് മൊറീഞ്ഞോയും ഔനാഹിയുടെ പ്രകടനത്തെ പുകഴ്ത്തിയിരുന്നു.

സുഫിയാൻ അംറബാത്തും മികച്ച പ്രകടനം പുറത്തെടുത്തതിനാൽ വാഴ്ത്തപ്പെട്ടു. 2022 ലോകകപ്പിലെ മൂല്യമേറിയ താരങ്ങളിലൊരാളായാണ് അംറബാത്ത് വിലയിരുത്തപ്പെടുന്നത്. ടൂർണമെൻറിൽ കിടിലൻ പ്രകടനം നടത്തിയതോടെ നിരവധി ക്ലബുകൾ താരത്തിനായി ബന്ധപ്പെടുന്നുണ്ടെന്നാണ് ഏജൻറ് മുഹമ്മദ് സിനൗഹ് വ്യക്തമാക്കുന്നത്. ഗോൾ റിപ്പോർട്ട് പ്രകാരം ലിവർപൂൾ ഈ 26 കാരന്റെ പിറകെയുണ്ട്. 2022 ലോകകപ്പിൽ 41 റിക്കവറികളാണ് മിഡ്ഫീൽഡറുടെ പേരിലുള്ളത്. എ.സി.എഫ് ഫിയോറെൻറീനക്കായാണ് താരം നിലവിൽ കളിക്കുന്നത്.

അംറബത്തിനായി ടോട്ടനം, ചെൽസി, വെസ്റ്റ്ഹാം, ന്യൂകാസ്റ്റിൽ, അത്‌ലറ്റികോ മാഡ്രിഡ് എന്നീ ക്ലബുകളും രംഗത്തുണ്ടെന്നാണ് ട്രാൻസ്ഫർ നിരീക്ഷകൻ എക്രം കോനൂർ പറയുന്നത്.

അറംബാത്തിനെയും ഔനാഹിയെയും ആഴ്‌സണലിലെടുക്കണമെന്ന് മുൻ മിഡ്ഫീൽഡർ റായ് പാർലർ പറഞ്ഞു. എട്ടാം നമ്പറിൽ കളിക്കുന്ന ഔനാഹി വേറിട്ട ക്ലാസ് പ്രകടനമാണ് നടത്തുന്നതെന്നും അംറബാത്തും കിടിലൻ താരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൊറോക്കൻ ഗോളി യാസിൻ ബൂനുവിന് സെവിയ്യ എഫ്‌സി 30 മില്യൺ പൗണ്ട് സ്റ്റർലിങ് വിയിട്ടതായാണ് എക്രം കോനൂർ പറയുന്നത്.

ലോകകപ്പ് പ്രകടനം തുണയാകുന്ന ഇതര താരങ്ങൾ

ഖത്തർ ലോകകപ്പിലെ പ്രകടനം വേറെയും താരങ്ങൾക്ക് വലിയ ക്ലബുകളിൽ കളിക്കാൻ അവസരമൊരുക്കും.

ജോസ്‌കോ ഗ്വാർഡിയോൾ

ക്രൊയേഷ്യൻ പ്രതിരോധ താരം ജോസ്‌കോ ഗ്വാർഡിയോൾ 2022 ലോകകപ്പിലെ ശ്രദ്ധേയ താരങ്ങളിലൊരാളാണ്. ടൂർണമെൻറിലെ മികച്ച സെൻറർ ബാക്കായാണ് താരം പരിഗണിക്കപ്പെടുന്നത്. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച ഓഫറുകൾ താരത്തെ തേടിയെത്തിയേക്കും. ഗ്വാർഡിയോളയുടെ ടാക്ലിംഗ്, സംയമനം, ഗെയിം-വായന, സാങ്കേതിക കഴിവുകൾ എന്നിവയെല്ലാം വളരെ മികവുറ്റതായാണ് നിരീക്ഷപ്പെടുന്നത്.

അർജന്റീനയ്ക്കെതിരായ സെമിഫൈനലിൽ ലയണൽ മെസ്സി 20കാരനായ താരത്തെ കുഴപ്പിച്ചിരുന്നു. എന്നാൽ താരത്തിന്റെ മൂല്യം കുറയാനിടയില്ല. ആർബി ലെയ്പ്‌സിഗ് വേണ്ടിയാണ് താരം ഇപ്പോൾ കളിക്കുന്നത്.

കോഡി ഗാക്‌പോ

ലോകകപ്പിൽ നെതർലാൻഡ്‌സിന്റെ ആക്രമണങ്ങളുടെ കുന്തമുനയായ കോഡി ഗാക്‌പോയും ക്ലബ് ഫുട്‌ബോളിൽ പുതിയ മേച്ചിൽപ്പുറം കണ്ടെത്തും. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും ഗോളടിച്ച താരം മികച്ച ഫോർവേഡാണ്. ടീംമഗങ്ങളുമായി മികച്ച ഒത്തിണക്കം കാത്തുസൂക്ഷിക്കുന്ന 23കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുമെന്ന് കരുതപ്പെടുന്നത്. നിലവിൽ പി.എസ്.വി എൻന്തോവന് വേണ്ടിയാണ് ഗാക്‌പോ കളിക്കുന്നത്.

ഗോൺസാലോ റാമോസ്

ഖത്തർ ലോകകപ്പിന് മുമ്പ് അത്രയധികം പേർ കേട്ടിട്ടില്ലാത്ത താരമാണ് ഗോൺസാലോ റാമോസ്. എന്നാൽ സ്വിറ്റ്‌സർലൻഡിനെതിരെ നോക്കൗട്ടിൽ ക്രിസ്റ്റിയാനോക്ക് പകരം ആദ്യ ഇലവനിലിറങ്ങി ഹാട്രിക് നേടിയതോടെ താരം അതിപ്രശസ്തനായി. സെൻറർ ഫോർവേഡായും മികച്ച പ്രകടനമാണ് താരം നടത്തിയത്. ബെനിഫിക്കക്കായി 21 മത്സരങ്ങൾ കളിച്ച ഈ 21 കാരൻ 14 ഗോളുകൾ നേടിയിട്ടുണ്ട്. ആറു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ റാമോസടക്കം ഒരു താരത്തെയും കൈമാറില്ലെന്നാണ് ബെൻഫിക്ക പ്രസിഡൻറ് റുയി കോസ്റ്റ വ്യക്തമാക്കിയിരിക്കുന്നത്. യുണൈറ്റഡിലേക്ക് താരമെത്തുമെന്ന് ചില നിരീക്ഷണങ്ങളുണ്ടായിരുന്നു.

അർജൻറീന- ഫ്രാൻസ് ഫൈനൽ

ഞായറാഴ്ച ഇന്ത്യൻ സമയം എട്ടരക്ക് ലുസൈൽ സ്‌റ്റേഡിയത്തിൽ അർജൻറീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ നടക്കും. 35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ ഇക്കുറി ഫൈനൽ വിജയിച്ച് തന്റെ കരിയറിലെ ആദ്യ ലോകകിരീടം നേടാനാകും മെസിയുടെയും സഹതാരങ്ങളുടെയും ശ്രമം. ഗോൾഡൻ ബൂട്ട്, ബോൾ പോരാട്ടങ്ങളിലും മെസി ഒന്നാമതുണ്ട്. എന്നാൽ എതിരാളികളായ ഫ്രാൻസ് തകർപ്പൻ ഫോമിലാണ്. ഇതുവരെ ഗോൾവഴങ്ങാതിരുന്ന മൊറോക്കോയെ എതിരില്ലാത്ത രണ്ടുഗോളിന് തകർത്താണ് അവർ ഫൈനലിലെത്തിയത്. 60 വർഷത്തിന് ശേഷം തുടർച്ചയായ ലോകകപ്പ് നേടാനാണ് ഫ്രഞ്ച് പടയിറങ്ങുന്നത്.

2014 ലോകകപ്പിലെ ഫൈനലിൽ മെസ്സിയും സംഘവും ജർമനിക്ക് മുമ്പിൽ അടിയറവ് പറഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. 1978, 1986ലുമായി രണ്ടുവട്ടമാണ് നീലപ്പട ലോകകിരീടം നേടിയത്. ശനിയാഴ്ച ഖലീഫ ഇൻറർനാഷണൽ സ്‌റ്റേഡിയത്തിൽ മൊറോക്കോയും ക്രൊയേഷ്യയും തമ്മിലുള്ള ലൂസേഴ്‌സ് ഫൈനൽ നടക്കും.

Major clubs are trying to sign Moroccan players

TAGS :

Next Story