പ്രീമിയർ ലീഗ് പ്ലയർ ഓഫ് ദി സീസൺ പുരസ്‌കാരം സ്വന്തമാക്കി ​ഗോളടിയന്ത്രം ഹാളണ്ട്

വെറും 35 മത്സരങ്ങളിൽ നിന്ന് 36 ലീഗ് ഗോളുകൾ നേടി താരം ഇത്തവണ റെക്കോർഡ് ഇട്ടിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-05-27 13:38:01.0

Published:

27 May 2023 1:10 PM GMT

Man City’s Erling Haaland named Premier League Player of the Season
X

പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ പുരസ്കാരം സ്വന്തമാക്കി അരങ്ങേറ്റ സീസണിൽ തന്നെ മാഞ്ചസ്റ്റർ സിറ്റിക്കായി അത്ഭുതങ്ങൾ കാട്ടിയ ഗോളടിയന്ത്രം എർലിങ് ഹാളണ്ട്. വെറും 35 മത്സരങ്ങളിൽ നിന്ന് 36 ലീഗ് ഗോളുകൾ നേടി താരം ഇത്തവണ റെക്കോർഡ് ഇട്ടിരുന്നു.

ഒരു പ്രീമിയർ ലീഗ് ക്യാമ്പയിനിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ആണ് ഹാളണ്ട് സ്വന്തം പേരിൽ എഴുതിച്ചേർത്തത്. ഇതോടെയാണ് പ്രീമിയർ ലീ​ഗ് പ്ലയർ ഓഫ് ദി സീസൺ പുരസ്കാരം താരത്തെ തേടിയെത്തിയത്. സീസണിൽ സിറ്റിക്കായി ഹാളണ്ട് ഗോളടിക്കാത്ത കളികൾ വിരലില്ലെണ്ണാവുന്നവയാണ്.

ആൻഡി കോളും അലൻ ഷിയററും പങ്കിട്ട മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന 34 ഗോളുകളുടെ മുൻ റെക്കോർഡാണ് ഈ 22കാരൻ തകർത്തത്. എട്ട് അസിസ്റ്റുകളും താരം ഈ സീസണിൽ നേടി. സിറ്റിയുടെ തുടർച്ചയായ മൂന്നാം കിരീടനേട്ടത്തിൽ താരം പ്രധാന പങ്കുവഹിച്ചിരുന്നു.

പൊതുജനങ്ങളും 20 പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ ക്യാപ്റ്റൻമാരും സോക്കർ വിദഗ്ധരുടെ പാനലും ചേർന്നാണ് ഈ നോർവീജിയൻ താരത്തെ പ്ലെയർ ഓഫ് ദി സീസൺ ആയി തെരഞ്ഞെടുത്തത്. ഈ മാസം 13ന്, ഫുട്‌ബോൾ റൈറ്റേഴ്‌സ് അസോസിയേഷൻ ഫുട്‌ബോളർ ഓഫ് ദ ഇയർ അവാർഡിന് ഹാളണ്ട് അർഹനായിരുന്നു.

ഹാളണ്ടിന്റേതുൾപ്പെടെ അവസാന നാല് സീസണിലും സിറ്റി താരങ്ങൾക്ക് തന്നെയായിരുന്നു പ്രീമിയർ ലീഗ് പ്ലയർ ഓഫ് ദി സീസൺ പുരസ്‌കാരം.

2019-20, 2021-22 വർഷങ്ങളിൽ കെവിൻ ഡി ബ്രൂയ്‌നും 2020-21ൽ റൂബൻ ഡയസുമാണ് ഈ പുരസ്‌കാരം നേടിയത്. 2011-12ൽ വിൻസെന്റ് കൊമ്പനിയും സിറ്റിക്കു വേണ്ടി ഈ പുരസ്‌കാരം നേടിയിരുന്നു.
TAGS :

Next Story