Quantcast

ഗ്യോകറസ് മുതൽ എംബ്യൂമ വരെ; പുതിയ സ്‌ട്രൈക്കറെ ലക്ഷ്യമിട്ട് യുണൈറ്റഡ്

പോയ സീസണിൽ പ്രീമിയർ ലീഗിൽ 15ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ് അടിമുടി മാറ്റത്തിനാണ് ഒരുങ്ങുന്നത്.

MediaOne Logo

Sports Desk

  • Published:

    18 Jun 2025 4:54 PM IST

From Gyokarus to Mbuuma; United eyeing new striker
X

പ്രീമിയർ ലീഗിൽ ഫിനിഷ് ചെയ്തത് 15ാം സ്ഥാനത്ത്... അവസാന പ്രതീക്ഷയായ യൂറോപ്പ ലീഗിൽ ടോട്ടനത്തോട് തോറ്റു... കരബാവോയിലും എഫ്എ കപ്പിലും ഒന്നും ചെയ്യാനായില്ല. പോയ സീസൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയുടേതായിരുന്നു. രക്ഷക്കായി സ്പോട്ടിങ് സിപിയിൽ നിന്ന് റൂബെൻ അമോറിമിനെയെത്തിച്ചിട്ടും ഓൾഡ് ട്രാഫോഡിൽ കാര്യമായ ചലനമൊന്നുമുണ്ടാക്കാനായില്ല. വൻ സന്നാഹവുമായെത്തി നനഞ്ഞ പടക്കമായി മാറിയ പോയ സീസൺ മറക്കാൻ ശ്രമിക്കുന്നവരാണ് ഓരോ യുണൈറ്റഡ് ആരാധകരും.



2024-25 റൂബെൻ അമോറിമിന് പരീക്ഷണ കാലമായിരുന്നു. തുടർ തോൽവികളിൽ നിരാശബാധിച്ച സംഘത്തെയാണ് അയാൾക്ക് കിട്ടത്. ലീഗിൽ കംബാക്കിനായി പലതരം മാറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും വർക്കായില്ല. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാർക്കസ് റാഷ്ഫോഡിനെയടക്കം ലോണിൽ പറഞ്ഞയച്ച് ഭാവിയിലെ മാറ്റത്തിലേക്കുള്ള ചില സൂചനയും പോർച്ചുഗീസ് പരിശീലകൻ നൽകിയിരുന്നു.പുതിയ സീസണിൽ യുണൈറ്റഡ് ടാർഗറ്റുകൾ ആരെല്ലാം. എന്താണ് റെഡ് ഡെവിൾസിന്റെ ട്രാൻസ്ഫർ പ്ലാൻ. പുതിയ സീസൺ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ എന്തെല്ലാം. പരിശോധിക്കാം



മതേയുസ് കുന്യ. വോൾവ്സിന്റെ ബ്രസീലിയൻ ഫോർവേഡിനെ ദിവസങ്ങൾക്ക് മുൻപ് യുണൈറ്റഡ് കൂടാരത്തിലെത്തിച്ചിരുന്നു. പുതിയ സീസൺ ലക്ഷ്യമിട്ടുള്ള അമോറിമിന്റെ ആദ്യ സൈനിങ്. 63 മില്യൺ പൗണ്ട് അതായത് 730 കോടിയോളമാണ് 26 കാരനെ കൊണ്ടുവരാനായി യുണൈറ്റഡ് ചെലവഴിച്ചത്. പോയ സീസണിൽ വോൾവ്സിനായി 33 പ്രീമിയർ ലീഗ് മാച്ചിൽ കളത്തിലിറങ്ങിയ ബ്രസീലിയൻ 15 ഗോളുകളും ആറു അസിസ്റ്റുകളുമാണ് നേടിയത്. എറിക് കണ്ടോണ ശൈലിയുള്ള സൈനിങ്. കുൻഹയെ എത്തിച്ചതിനെ യുണൈറ്റഡ് സിഇഒ ഒമർ ബെറാഡ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ഫോർവേഡായി കളിക്കുന്നതോടൊപ്പം സെക്കന്റ് സ്ട്രൈക്കറായും വിങറായും കുന്യയെ വിന്യസിക്കാൻ അമോറിമിന് സാധിക്കും



റാസ്മസ് ഹോയ്ലണ്ടും ജോഷ്വാ സിർക്സ്സിയും നിറംമങ്ങിയത് പോയ സീസണിലുടനീളം റെഡ് ഡെവിൾസ് പ്രകടനത്തെ ബാധിച്ചിരുന്നു. ഇതോടെ ഭാവി മുന്നിൽകണ്ടുള്ള യുണൈറ്റഡിന്റെ പ്രധാന ടാർഗറ്റുകളിലൊന്ന് സ്ട്രൈക്കർ പൊസിഷനാണ്. ഒട്ടേറെ താരങ്ങളുമായാണ് ക്ലബ് ഇതിനകം ലിങ്ക് ചെയ്തത്. ടോപ് ടാർഗെറ്റായിരുന്ന ലിയാം ഡെലപിനെ ചെൽസി റാഞ്ചിയതോടെ ഇനി മുന്നിലുള്ളത് ബ്രെൻഡ്ഫോഡിന്റെ ബ്രയാൻ എംബുമോ, സ്പോട്ടിങ് സിപിയുടെ വിക്ടർ ഗ്യോകറസ്, ഫ്രാൻഫഡ് സ്ട്രൈക്കർ ഹ്യൂഗോ എകിടിക, വിക്ടർ ഒസിമൻ. ഇതിൽ ഗ്യോകറസിനായി ആർസനലും ശക്തമായി രംഗത്തുണ്ട്. നിലവിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ടീമിനൊപ്പം പോകാനാണ് സ്വീഡിഷ് സ്ട്രൈക്കർക്ക് താൽപര്യമെന്നാണ് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ. എന്നാൽ സ്പോട്ടിങിൽ തന്റെ മുൻ പരിശീലകനായ അമോറിമിനൊപ്പം യുണൈറ്റഡിൽ കളിക്കാൻ താരം തയാറാകുമോയെന്നതും സംശയത്തിന് ഇടയാക്കുന്നു. പോയ സീസണിൽ 52 മത്സരങ്ങളിൽ നിന്ന് 54 ഗോൾനേടി യൂറോപ്പിലെ തന്നെ ടോപ് സ്ട്രൈക്കറർമാരിലൊരാളാണ് വിക്ടർ ഗ്യോകറസ്. 60 മില്യണോളമാണ് താരത്തിനായി സ്പോട്ടിങ് സിപി ആവശ്യപ്പെടുന്നത്




ഗ്യോക്കറസിനൊപ്പം യുണൈറ്റഡ് നോട്ടമിട്ട മറ്റൊരു താരമാണ് ബ്രയാൻ എംബ്യൂമോ. പോയ സീസണിൽ ബ്രെൻഡ്ഫോഡിനായി 20 ഗോളും ഏഴ് അസിസ്റ്റുമാണ് 25 കാരൻ നേടിയത്. ചാൻസ് ക്രിയേറ്റിലും ടാക്ലിങിലുമെല്ലാം ഏറെ മുന്നിൽ. കാമറൂണിന്റെ റൈറ്റ് വിങർക്കായി 60 മില്യൺ പൗണ്ടാണ് ഇംഗ്ലീഷ് ക്ലബ് ആവശ്യപ്പെടുന്നത്. നേരത്തെ ക്ലബ് മുന്നോട്ട് വെച്ച 55 മില്യൺ ബ്രെൻഡ്ഫോർഡ് തള്ളിയിരുന്നു. അമോറിം പ്ലാനിൽ സ്ട്രൈക്കറായായാണ് താരത്തെ പരിഗണിക്കുന്നത്. മുന്നേറ്റത്തിനൊപ്പം പിറകിലേക്കിറങ്ങി പന്ത് റിക്കവർ ചെയ്യുന്നതിലെ മിടുക്ക് എബ്യുമോയെ വ്യത്യസ്തനാക്കുന്നു. ബ്രെൻഡ്ഫോഡിനൊപ്പം കളിക്കുമ്പോൾ അർധാവസരങ്ങൾ പോലും ഗോളാക്കി ക്ലബിന്റെ രക്ഷകന്റെ റോളിൽ താരം പലകുറി അവതരിച്ചിരുന്നു. 2019ൽ ഫ്രഞ്ച് ക്ലബായ ട്രോയ്സിൽ നിന്നാണ് യുവതാരം ഇംഗ്ലണ്ടിലെത്തിയത്. യുണൈറ്റഡിനൊപ്പം ടോട്ടനവും 25 കാരനെ നോട്ടമിടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. കളിഞ്ഞ ദിവസം ചാർജ്ജെടുത്ത സ്പെഴ്സിന്റെ മാനേജർ തോമസ് ഫ്രാങ്ക് മുൻ ബ്രെൻഡ്ഫോർഡ് പരിശീലകനാണ്. മുന്നേറ്റ താരത്തിന്റെ പ്രകടനം നന്നായറിയുന്ന ഫ്രാങ്കിന് എംബ്യൂമോയെ ഹോട്സ്പർ സ്റ്റേഡിയത്തിലെത്തിക്കാൻ പദ്ധതിയുണ്ട്



സ്ട്രൈക്കർ റോളിലേക്കുള്ള പ്രധാന ടാർഗെറ്റുകൾ പാളിയാൽ സർപ്രൈസ് നീക്കത്തിനും പ്ലാനുണ്ട്. ഫ്രഞ്ച് യുവതാരം ഹ്യൂഗോ എകിടിക്കെയും ഇംഗ്ലീഷ് ക്ലബ് റഡാറിലുള്ള പ്രധാന താരമാണ്. ബുണ്ടെസ് ലീഗ ക്ലബ് ഫ്രാങ്ക്ഫർട്ടിനായി കളിക്കുന്ന 22 കാരൻ പോയ സീസണിൽ 19 ഗോളും എട്ട് അസിസ്റ്റുമായി കളംനിറഞ്ഞിരുന്നു. ന്യൂകാസിൽ യുണൈറ്റഡിൽ അലക്സാണ്ടർ ഇസാക്കിന്റെ കളിശൈലിയോട് അടുത്തുനിൽക്കുന്നത്. അഗ്രസീവായി കളിക്കുന്നതോടൊപ്പം ഇന്റലിജന്റ് റണ്ണിലൂടെ പ്രതിരോധത്തെ ഛിന്നഭിന്നമാക്കാനും കെൽപ്പുള്ള താരം. ഗോളടിക്കുന്നില്ലെന്ന പരാതി യുവതാരത്തെ എത്തിക്കുന്നതിലൂടെ മറികടക്കാമെന്നാണ് റെഡ് ഡെവിൾസ് പ്രതീക്ഷിക്കുന്നത്. യുണൈറ്റഡ് ഫാൻബോയ് കൂടിയായ താരത്തിന് അമോറിം പ്ലാനിൽ കളിക്കാൻ താൽപര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യങ് ടാലന്റിനായി ഫ്രാൻഡ്ഫോഡ് ആവശ്യപ്പെട്ട ഭീമൻതുക യുണൈറ്റഡ് നൽകുമോയെന്നും കണ്ടറിയണം.



നൈജീരിയൻ സ്ട്രൈക്കർ വിക്ടർ ഒസിമനും യുണൈറ്റഡ് റഡാറിലുള്ള താരമാണ്. സൗദിയിൽ നിന്നടക്കം 26 കാരന് ഓഫർ വന്നെങ്കിലും യൂറോപ്പിൽ തുടരാനാണ് താരത്തിന് താൽപര്യമെന്നാണ് റിപ്പോർട്ടുകൾ. പോയ സീസണിൽ നാപ്പോളി ലോണിൽ താരത്തെ തുർക്കിഷ് ക്ലബ് ഗലടസറെയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഏരിയൽ ബോളുകളിൽ ഗോൾനേടുന്നതിൽ സമർത്ഥനാണ് ഈ നാപ്പോളി താരം. ടീമിനായി ഹാർഡ് വർക്ക് ചെയ്യുന്ന ഒസിമൻ ഫൈനൽ തേർഡിൽ സഹതാരങ്ങളുമായി ലിങ് ചെയ്ത് കളിക്കുന്നതിലും മുന്നിലാണ്. പോയ സീസണിൽ 26 ഗോളുകളാണ് ആ ബൂട്ടിൽ നിന്ന് പിറന്നത്. മുന്നിൽ നാല് ഓപ്ഷനുകൾ... ഇതിൽ ആരാകും പുതിയ സീസണിൽ യുണൈറ്റഡിന്റെ സ്ട്രൈക്കറായെത്തുക. ട്രാൻസ്ഫറിലെ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കാം.

TAGS :

Next Story