'മാഞ്ചസ്റ്റർ സിറ്റി വിട്ടാൽ ദീർഘകാലത്തേക്ക് എങ്ങോട്ടുമില്ല'; പ്രഖ്യാപനവുമായി ഗ്വാർഡിയോള
ബാഴ്‌സയിലേക്ക് ഇനിയൊരു തിരിച്ചുപോക്കുണ്ടാവില്ലെന്നും സ്പാനിഷ് കോച്ച് വ്യക്തമാക്കി

ലണ്ടൻ: വർത്തമാനകാല ഫുട്‌ബോളിലെ ഏറ്റവും മികച്ച പരിശീലകലിരൊരാളാണ് പെപ് ഗ്വാർഡിയോള. നിലവിൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ 54 കാരൻ ക്ലബിനൊപ്പം പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ പ്രധാന ട്രോഫികളെല്ലാം സ്വന്തമാക്കി. ബാഴ്‌സലോണയേയും ബയേൺ മ്യൂണികിനേയും പരിശീലിപ്പിച്ച ശേഷം 2016ലാണ് പെപ് ഇംഗ്ലണ്ടിലെത്തിയത്. പുതിയ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കാനിരിക്കെ ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സിറ്റി പരിശീലകൻ. സിറ്റിയുമായുള്ള കരാർ അവസാനിച്ചാൽ ദീർഘകാല അവധിയെടുക്കുമെന്ന് പെപ് വ്യക്തമാക്കി. സിറ്റിയുമായി 2027 വരെയാണ് കരാറുള്ളത്.
'സിറ്റിയുമായുള്ള കരാർ അവസാനിച്ചാൽ പരിശീലക ജോലിയിൽ നിന്നു അവധിയെടുക്കും. എത്ര കാലത്തേക്കെന്ന് പറയാനാവില്ല. ചിലപ്പോൾ ഒരു വർഷം, ഇല്ലെങ്കിൽ 2, 3, 5, 10, 15 വർഷത്തേക്കായിരിക്കും വിട്ടുനിൽക്കുക. ആഹ്ലാദം മുതൽ വിഷാദം വരെയുള്ള അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്' - അഭിമുഖത്തിൽ പെപ് ഗ്വാർഡിയോള വ്യക്തമാക്കി.
മുൻ ക്ലബായ ബാഴ്‌സലോണയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കിരീടമില്ലാതെയാണ് സിറ്റി കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. തുടർ കിരീടവാഴ്ചക്ക് അറുതിവരുത്തി ലിവർപൂൾ ചാമ്പ്യൻമാരാകുകയായിരുന്നു. ചാമ്പ്യൻസ് ലീഗിലും ക്ലബ് ലോകകപ്പിലുമെല്ലാം ക്ലബിന് തിരിച്ചടി നേരിട്ടു. ഇതിനുപിന്നാലെ ഗ്വാർഡിയോളക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.
Adjust Story Font
16

