Quantcast

ക്രിസ്റ്റ്യാനോയും ഡിബ്രുയ്‌നെയും ഗ്രീസ്മനും ഇല്ലാത്ത ലോകകപ്പ്; നിലപാട് കടുപ്പിച്ച് യുവേഫ

മുൻനിലപാടിൽ ഫിഫ ഉറച്ചു നിന്നാൽ മെസി, കാസമിറോ, ജേസുസ്, അലിസൺ, ലൗത്താറോ തുടങ്ങിയവർക്കും ലോകകപ്പ് കളിക്കാനാവില്ല

MediaOne Logo

André

  • Published:

    19 April 2021 4:57 PM IST

ക്രിസ്റ്റ്യാനോയും ഡിബ്രുയ്‌നെയും ഗ്രീസ്മനും ഇല്ലാത്ത ലോകകപ്പ്; നിലപാട് കടുപ്പിച്ച് യുവേഫ
X

പുതിയ സൂപ്പർ ലീഗുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിൽ നിന്ന് യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾ പിന്മാറിയില്ലെങ്കിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം പല മുൻനിര കളിക്കാരുടെയും സാന്നിധ്യം ഉണ്ടായേക്കില്ല. റയൽ മാഡ്രിഡ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ ലീഗിൽ പങ്കെടുക്കുന്ന ടീമുകളെയും കളിക്കാരെയും വിലക്കാൻ യുവേഫ, ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ (എഫ്.എ), ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ, ലാലിഗ, ഇറ്റാലിയൻ ഫുട്‌ബോൾ ഫെഡറേഷൻ, സീരി എ എന്നിവ സംയുക്തമായി തീരുമാനിച്ചു. ക്ലബ്ബുകൾക്ക് നിലവിലുള്ള ലീഗുകളിൽ മത്സരിക്കാൻ കഴിയില്ല എന്നു മാത്രമല്ല, കളിക്കാർക്ക് ഫെഡറേഷനുകളുടെ കീഴിലുള്ള ദേശീയ ടീമുകളിലും അവസരമുണ്ടാകില്ല. ഇതോടെയാണ് ക്രിസ്റ്റിയാനോയും ഡിബ്രുയ്‌നെയും ഗ്രീസ്മനും അടക്കമുള്ള നിരവധി സൂപ്പർ താരങ്ങൾക്ക് ലോകകപ്പ് നഷ്ടമാകാനുള്ള സാധ്യത ശക്തമായത്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ആർസനൽ, ടോട്ടനം ഹോട്സ്പർ, സ്പാനിഷ് ലീഗിലെ നിന്ന് റയൽ മാഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ്, ഇറ്റലിയിലെ നിന്ന് യുവന്റസ്, ഇന്റർ മിലാൻ, എ.സി മിലാൻ എന്നീ ക്ലബ്ബുകൾ ചേർന്നാണ് പുതിയ സൂപ്പർ ലീഗ് സ്ഥാപിച്ചതും ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചതും. ഇതിനെതിരെ കടുത്ത നിലപാടാണ് യുവേഫയും ഫിഫയും പുലർത്തുന്നത്. പുതിയ ലീഗിന്റെ പ്രഖ്യാപനം നടന്നതിനു തൊട്ടുപിന്നാലെ യുവേഫയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് യൂറോപ്പിലെ വിവിധ ലീഗുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത പ്രസ്താവനയുള്ളത്.

'നേരത്തെ ഫിഫയും ആറ് കോൺഫെഡറേഷനുകളും പ്രഖ്യാപിച്ചതു പ്രകാരം (സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന) ഈ ക്ലബ്ബുകളെ ആഭ്യന്തര, യൂറോപ്യൻ, അന്താരാഷ്ട്ര തലങ്ങളിൽ നിന്ന് വിലക്കപ്പെടും. അവരുടെ കളിക്കാർക്ക് അതത് ദേശീയ ടീമുകളെ പ്രതിനീധികരിക്കാനുള്ള അർഹതയുണ്ടാവില്ല.'

- യുവേഫയുടെ പ്രസ്താവനയിൽ പറയുന്നു.

സൂപ്പർ ലീഗും യുവേഫയും തമ്മിൽ സമവായത്തിലെത്തിയില്ലെങ്കിൽ ഖത്തറിൽ അടുത്ത വർഷം നടക്കുന്ന ലോകകപ്പ് നിരവധി ലോകോത്തര താരങ്ങളുടെ അസാന്നിധ്യം കൊണ്ടാവും ശ്രദ്ധിക്കപ്പെടുക. പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, റൂബൻ ഡിയസ്, ജോ ഫെലിക്‌സ് സ്‌പെയിനിന്റെ സെർജിയോ റാമോസ്, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെ, ഡേവിഡ് ഡിഹയ, പെഡ്രി, കോക്കെ, റോഡ്രി, ഇറ്റലിയുടെ ലിയനർഡോ ബൊനുച്ചി, അലസ്സാന്ദ്രോ ബസ്‌തോനി, നിക്കോളോ ബരേല, സ്‌റ്റെഫാനോ സെൻസി, ഗിയാൻലുയ്ജി ഡൊണറുമ്മ, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ, റഹീം സ്റ്റർലിങ്, ഫിൽ ഫോഡൻ, മേസൺ മൗണ്ട്, കെയ്ൽ വാക്കർ, ബെൻ ചിൽവൽ, ജോൺ സ്‌റ്റോൺസ്, ഹാരി മഗ്വയർ, കീറൺ ട്രിപ്പിയർ, ലൂക്ക് ഷോ, ഫ്രാൻസിന്റെ ഗ്രീസ്മൻ, എൻഗോളോ കാന്റെ, കരീം ബെൻസേമ, ഉസ്മാൻ ഡെംബലെ, ഒലിവർ ജിറൂദ്, റാഫേൽ വരാൻ, അയ്‌മെറിക് ലാപോർട്ട്, ബെർനാഡ് മെൻഡി, ഹ്യുഗോ ലോറിസ്, മൂസ സിസോക്കോ, നെതർലന്റിന്റെ ഫ്രെങ്കി ഡിയോങ്, വിനാൽഡം, വാൻ ഡെയ്ക്, മത്ത്യാസ് ഡിലിറ്റ്, വാൻ ഡി ബീക്, ബെർഗ് വിൻ തുടങ്ങി നിരവധി കളിക്കാർക്ക് ലോകകപ്പിൽ കളിക്കാനാവില്ല.

ഇതിനു പുറമെ കളിക്കാരെ വിലക്കാനുള്ള തീരുമാനത്തിൽ ഫിഫയും മറ്റ് കോൺഫെഡറേഷനുകളും ഉറച്ചുനിൽക്കുകയാണെങ്കിൽ അർജന്റീനക്ക് ലയണൽ മെസി, ലൗത്താറോ മാർട്ടിനസ്, ലോ സെൽസോ തുടങ്ങിയവരുടെയും ബ്രസീലിന് ഗബ്രിയേൽ ജേസുസ്, കാസമിറോ, അലിസ്സൺ ബെക്കർ, എഡേഴ്‌സൺ, ഡാനിലോ തുടങ്ങിയവരുടെയും സേവനം ലോകകപ്പിൽ നഷ്ടമാവും.



Next Story