Quantcast

ഇന്ത്യൻ ഫുട്‌ബോളിൽ ഒത്തുകളി വിവാദം; അഞ്ച് ക്ലബുകൾക്കെതിരെ സി.ബി.ഐ അന്വേഷണം

പരാതി ലഭിച്ച ക്ലബുകളോട് അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    20 Nov 2022 6:18 AM GMT

ഇന്ത്യൻ ഫുട്‌ബോളിൽ ഒത്തുകളി വിവാദം; അഞ്ച് ക്ലബുകൾക്കെതിരെ സി.ബി.ഐ അന്വേഷണം
X

ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോളിലും ഒത്തുകളി നടന്നതായി റിപ്പോർട്ട്. അഞ്ച് ഇന്ത്യൻ ക്ലബുകൾക്കെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചതായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം കഴിഞ്ഞ ദിവസം ഡൽഹിയിലെ ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) ആസ്ഥാനത്തുമെത്തിയിട്ടുണ്ട്.

കുപ്രസിദ്ധ രാജ്യാന്തര ഒത്തുകളി ഏജന്റ് വിൽസൺ രാജ് പെരുമാളുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. സിംഗപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വിൽസൺ അഞ്ച് ഇന്ത്യൻ ക്ലബുകളിൽ കോടികൾ നിക്ഷേപിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒത്തുകളി സംശയം ഉയർന്നിരിക്കുന്നത്. ക്ലബുകളെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. ഐ-ലീഗ് ടീമുകളാണ് സംശയനിഴലിലുള്ളത്. എ.ഐ.എഫ്.എഫ് ക്ലബായിരുന്ന ഇന്ത്യൻ ആരോസും ഇക്കൂട്ടത്തിലുണ്ടെന്ന് വിവരമുണ്ട്.

നിരവധി ഒത്തുകളി കേസുകളിൽ പ്രതിയാണ് വിൽസൺ. 1995ൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് സിംഗപ്പൂരിൽ ജയിലിലായിരുന്നു. ഫിൻലൻഡിലും ഹംഗറിയിലും കേസുകൾ നേരിട്ടിട്ടുണ്ട്. ഒളിംപിക്‌സ്, ലോകകപ്പ് യോഗ്യത, വനിതാ ലോകകപ്പ്, കോൺകാഫ് ഗോൾഡ് കപ്പ്, ആഫ്രിക്കൻ കപ്പ് തുടങ്ങിയ ടൂർണമെന്റുകളുമായെല്ലാം ബന്ധപ്പെട്ടുള്ള ഒത്തുകളി വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ള പേരുകൂടിയാണ് വിൽസണിന്റേത്. ഹോങ്കോങ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ കമ്പനിയായ ലിവിങ് 3ഡി ഹോൾഡിങ്‌സ് ലിമിറ്റഡ് വഴിയാണ് വിൽസൺ ഇന്ത്യൻ ക്ലബുകളിൽ നിക്ഷേപമിറക്കിയിരിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.

പരാതി ലഭിച്ച ക്ലബുകളോട് അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പ്രതികരിച്ചു. ഒത്തുകളിയുമായി എ.ഐ.എഫ്.എഫ് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കില്ല. ഒത്തുകളി ഏജന്റുമായി ബന്ധമുള്ള കമ്പനികൾ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചുള്ള ദുരൂഹത നിലനിൽക്കുന്നുണ്ട്. ഒത്തുകളിയുമായി വിദൂരബന്ധം പോലുമുള്ളവരുമായി ഇന്ത്യൻ ഫുട്‌ബോളിന് ബന്ധമില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഷാജി വ്യക്തമാക്കി.

അഞ്ചു ക്ലബുകൾക്കും വിശദീകരണം തടി സി.ബി.ഐ കത്തെഴുതിയിട്ടുണ്ട്. താരങ്ങളുമായുള്ള കരാർ, സ്‌പോൺസർമാർ, വിദേശതാരങ്ങൾ, സാങ്കേതിക വിഭാഗത്തിലെ ജീവനക്കാർ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Summary: The CBI is investigating match-fixing of football matches after it emerged that Singapore-based match-fixer Wilson Raj Perumal could have invested "huge amount of money" in at least five Indian football clubs through Living 3D Holdings Ltd.

TAGS :

Next Story