Quantcast

ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം; ക്രൊയേഷ്യക്കെതിരെ മെസിക്ക് നേട്ടങ്ങളനവധി

ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരം മെസിയാണ്

MediaOne Logo

Sports Desk

  • Updated:

    2022-12-13 21:31:38.0

Published:

13 Dec 2022 6:59 PM GMT

ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം; ക്രൊയേഷ്യക്കെതിരെ മെസിക്ക് നേട്ടങ്ങളനവധി
X

ദോഹ: ക്രൊയേഷ്യക്കെതിരെ ലോകകപ്പ് സെമി ഫൈനലിൽ അർജൻറീനയിറങ്ങിയപ്പോൾ നായകൻ ലയണൽ മെസിക്ക്‌ നേട്ടങ്ങളനവധി. ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡ് മെസിക്ക് സ്വന്തമായി. 24 മത്സരങ്ങൾ കളിച്ച താരത്തിന് ജർമനിയുടെ ലോതർ മത്തേവൂസിന്റെ 25 മത്സരങ്ങളെന്ന നേട്ടത്തിനൊപ്പമാണ് താരം എത്തിയത്.. ക്യാപ്റ്റനായി മെസി 19 മത്സരങ്ങളാണ് കളിച്ചത്.

അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരമാണ് മെസി. നോക്കൗട്ട് ഘട്ടത്തിൽ (6) ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന റെക്കോർഡ് പെലെയുടെ പേരിലാണ്. പെലെ, ഗ്രെഗോർസ് ലാറ്റോ, ഡീഗോ മറഡോണ, ഡേവിഡ് ബെക്കാം എന്നിവർ മൂന്ന് ലോകകപ്പുകളിൽ ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ലോകകപ്പ് ഗോൾവേട്ടയിൽ അർജൻറീനയുടെ മുന്നേറ്റ നിരക്കാരായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും മെസ്സിയും തുല്യനിലയിലാണുണ്ടായിരുന്നത്. 10 ഗോളുകൾ വീതമാണ് ഇവർ നേടിയിരുന്നത്. എന്നാൽ ഇന്നത്തെ ഗോളോടെ മെസി മുമ്പിലെത്തി. ഡീഗോ മറഡോണ (8), ഗില്ലെർമോ സ്റ്റെബൈൽ (8), മരിയോ കെംപെസ് (6), ഗോൺസാലോ ഹിഗ്വെയ്ൻ (5) എന്നിവരാണ് മറ്റു ഗോൾവേട്ടക്കാർ.

ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരവും മെസിയാണ്. 16 വർഷവും 176 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയത്. എന്നാൽ ഏറ്റവും ദീർഘ ലോകകപ്പ് കരിയർ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പേരിലാണ്. 16 വർഷവും 160 ദിവസവുമാണ് റൊണാൾഡോയുടെ ലോകകപ്പ് മത്സര കരിയർ.

2002 മുതൽ നൽകുന്ന പ്ലയർ ഓഫ് ദി മാച്ച് അവാർഡ് ഒമ്പത് തവണയാണ് മെസിക്ക് ലഭിച്ചിട്ടുള്ളത്. ഇവയിൽ നാലെണ്ണം 2014ലെ ബ്രസീൽ ലോകകപ്പിലായിരുന്നു. ഒരു ലോകകപ്പിൽ ഇത്ര തവണ മത്സരത്തിലെ താരമായ റെക്കോഡ് 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ വെസ്‌ലി സ്‌നെയ്ജ്‌ദെറും നേടിയിരുന്നു. ജർമനിയുടെ മിറോസ്ലേവ് ക്ലോസെ 17 മത്സര വിജയങ്ങളിൽ പങ്കാളിയായപ്പോൾ മെസി 16 എണ്ണത്തിലാണ് പങ്കെടുത്തത്.

ലോകകപ്പിലെ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനുമായുള്ള പോരാട്ടം ശക്തമാവുകയാണ്. ലയണൽ മെസി, കിലിയൻ എംബാപ്പെ, ഒലീവിയർ ജിറൂദ് എന്നിവർ തമ്മിലാണ് പ്രധാനമത്സരം. 5 ഗോളുകളും രണ്ട് അസിസ്റ്റുകളും. ഗോൾഡൻ ബോളിലും ഗോൾഡൻ ബൂട്ടിലും മെസി ഒരുപോലെ കണ്ണുവെയ്ക്കുന്നു. 2014 ലോകകപ്പിലെ മികച്ച താരമായിരുന്നു മെസി.


എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്തെറിഞ്ഞ് അർജൻറീന ലോകകപ്പ് ഫൈനലിൽ. ഗോളടിച്ചും ഗോളടിപ്പിച്ചും നായകൻ ലയണൽ മെസി കളംനിറഞ്ഞപ്പോൾ 2018ലെ മൂന്നുഗോൾ തോൽവിക്ക് നീലപ്പട കനത്ത മറുപടി നൽകുകയായിരുന്നു. 33ാം മിനുട്ടിൽ പെനാൽറ്റി ഗോളിലൂടെ നായകൻ ലയണൽ മെസിയാണ് ടീമിനെ ആദ്യം മുന്നിലെത്തിച്ചത്. 39ാം മിനുട്ടിൽ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് രണ്ടാം ഗോൾ നേടി. തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോൾ. 69ാം മിനുട്ടിൽ അൽവാരസ് തന്നെ ക്രൊയേഷ്യൻ ശവപ്പെട്ടിൽ മൂന്നാം ആണിയടിച്ചു. തകർപ്പൻ ഫോമിലയിരുന്ന മെസി നൽകിയ പാസിലായിരുന്നു അൽവാരസ് തന്റെ രണ്ടാം ഗോൾ നേടിയത്. ഇതോടെ എതിരില്ലാത്ത മൂന്നു ഗോളുകൾ അർജൻറീന സ്‌കോർബോർഡിൽ ചേർക്കപ്പെടുകയായിരുന്നു. നേരത്തെ അൽവാരസിനെ ഗോളി ലിവാകോവിച്ച് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. നാളെ രാത്രി നടക്കുന്ന ഫ്രാൻസ് - മൊറോക്കോ സെമിഫൈനലിലെ വിജയികൾ ഡിസംബർ 18ന് രാത്രി എട്ടരക്ക് നടക്കുന്ന ഫൈനലിൽ അർജൻറീനയെ നേരിടും.

Captain Lionel Messi has a lot to gain when Argentina take on Croatia in the World Cup semi-finals tonight.

TAGS :

Next Story