Quantcast

പി.എസ്.ജിയുടെ 'സ്റ്റാർ ഇലവൻ' നാളെ ഇറങ്ങും; സാധ്യത ഇങ്ങനെ

പരിക്ക് പൂർണമായി ഭേദമാകാത്തതിനാൽ മറ്റൊരു സൂപ്പർ താരമായ സെർജിയോ റാമോസിന് ടീമിൽ ഇടം ലഭിച്ചിട്ടില്ല

MediaOne Logo

Web Desk

  • Published:

    14 Sep 2021 2:18 PM GMT

പി.എസ്.ജിയുടെ സ്റ്റാർ ഇലവൻ നാളെ ഇറങ്ങും; സാധ്യത ഇങ്ങനെ
X

ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയ്ന്റ് ജർമനെ (പി.എസ്.ജി) സംബന്ധിച്ചിടത്തോളം സ്വപ്‌ന തുല്യമായിരുന്നു ഇക്കഴിഞ്ഞ ട്രാൻസ്ഫർ കാലയളവ്. ഓരോ മേഖലയിലും എണ്ണം പറഞ്ഞ കളിക്കാരാണ് പാർക് ദെ പ്രിൻസിലെത്തിയത്. ബാഴ്‌സ വിട്ട് ലയണൽ മെസ്സി എത്തിച്ചേർന്നതോടെ ലോകഫുട്‌ബോളിന്റെ ശ്രദ്ധ തന്നെ പാരിസിലേക്കു നീണ്ടു. മിഡ്ഫീൽഡിൽ ജോർജിന്യോ വൈനാൽഡം, പ്രതിരോധത്തിൽ സെർജിയോ റാമോസ്, ഗോൾകീപ്പറായി ഗ്യാൻലുയ്ജി ഡോണറുമ്മ എന്നിവരുടെ കൂടി വരവോടെ ശരിക്കുമൊരു 'സൂപ്പർ സ്റ്റാർ' സംഘമായി മാറിയിരിക്കുകയാണ് മൗറീഷ്യോ പൊചറ്റിനോ പരിശീലിപ്പിക്കുന്ന ഫ്രഞ്ച് പട.

താരതമ്യേന ദുർബലരായ എതിരാളികളുള്ള ഫ്രഞ്ച് ലീഗിൽ ഒരു ക്ലബ്ബിന് ഇത്രയധികം ആർഭാടം ആവശ്യമാണോ എന്ന് സംശയിക്കുന്നവർ ഏറെയുണ്ട്. ആ സംശയത്തിൽ കാര്യമുണ്ടു താനും. എന്നാൽ, സൂപ്പർ താരങ്ങൾക്കുവേണ്ടി പണിക്കിഴി തുറന്ന ഖത്തറിലെ ഉടമകൾ ലക്ഷ്യമിടുന്നത് വെറും ഫ്രഞ്ച് ലീഗല്ല, യൂറോപ്യൻ കിരീടം തന്നെയാണെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെയാണ്, നാളെ ചാമ്പ്യൻസ് ലീഗിലെ ആദ്യകളിക്കിറങ്ങുമ്പോൾ പി.എസ്.ജി സർവസന്നാഹങ്ങളുമായി ഒരുങ്ങുന്നതും. എതിരാളികളായ ക്ലബ്ബ് ബ്രുഗ് ദുർബലരാണെങ്കിലും അക്കാര്യമൊന്നും കണക്കിലെടുക്കാതെ ഫുട്‌ബോൾ ലോകം കാണാൻ കൊതിച്ച മെസ്സി - നെയ്മർ - എംബാപ്പെ ത്രയത്തെ നാളെ പൊചറ്റിനോ കെട്ടഴിച്ചുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വലിയ കോലാഹലങ്ങളോടെ പി.എസ്.ജിയിലെത്തിയ ലയണൽ മെസ്സി ഇതുവരെ ക്ലബ്ബിനായി കളിച്ചത് വെറുമൊരു മത്സരത്തിലാണ്. അതും സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി 24 മിനുട്ട് മാത്രം. ബ്രുഗ്ഗിനെതിരായ മത്സരത്തിൽ പി.എസ്.ജി കുപ്പായത്തിൽ മെസ്സിക്ക് ഫസ്റ്റ് ഇലവൻ അരങ്ങേറ്റം നൽകാനാണ് കോച്ചിന്റെ തീരുമാനമെന്നാണ് വിവരം. ക്ലബ്ബ് ബ്രുഗ്ഗിന്റെ മൈതാനത്ത് മെസ്സിക്കൊപ്പം നെയ്മറും എംബാപ്പെയും കൂടി ബൂട്ടുകെട്ടുമ്പോൾ കളി കാണാൻ കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ആരാധകർ.

നെയ്മറിനെ വലതും എംബാപ്പെയെ ഇടതും വശങ്ങളിൽ നിർത്തി മൂന്നംഗ അറ്റാക്കിന്റെ മധ്യത്തിലാണ് മെസ്സിയെ കോച്ച് പ്ലേസ് ചെയ്യുന്നത്. ബാഴ്‌സയിലേതു പോലെ മെസ്സി ഒരൽപം പിന്നോട്ടിറങ്ങി ക്രിയേറ്റീവ് റോളിൽ കളിക്കുമോ അതോ കൂടുതൽ ഗോൾ നേടാൻ കഴിയുംവിധത്തിൽ അറ്റാക്കിങ്ങിൽ പങ്കാളിയാകുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്ന കൗതുകം. അർജന്റീനക്കൊപ്പം കോപ അമേരിക്ക നേടിയതോടെ ബാളൻ ഡോർ സാധ്യതാ പട്ടികയിൽ മുന്നിലെത്തിയ മെസ്സിക്ക് ചാമ്പ്യൻസ് ലീഗിലെ മികവ് കൂടുതൽ ഗുണം ചെയ്യും.

ചാമ്പ്യൻസ് ലീഗിനായുള്ള 22 അംഗ സംഘത്തിൽ ലഭ്യമായ മികച്ച കളിക്കാരെയെല്ലാം പൊചറ്റിനോ ഉൾപ്പെടുത്തിയിട്ടുണ്ട്. അർജന്റീനയിൽ മെസ്സിയുടെ സഹതാരം എയ്ഞ്ചൽ ഡി മരിയ സസ്‌പെൻഷനിലായതു കാരണം ടീമിലില്ല. പരിക്ക് പൂർണമായി ഭേദമാകാത്തതിനാൽ മറ്റൊരു സൂപ്പർ താരമായ സെർജിയോ റാമോസിനും ടീമിൽ ഇടം ലഭിച്ചിട്ടില്ല. അതേസമയം, വൈനാൽഡം, അഷ്‌റഫ് ഹകീമി, ഡോണറുമ്മ എന്നിവരെല്ലാം 22 അംഗ ടീമിലുണ്ട്.

പി.എസ്.ജി സാധ്യതാ ഇലവൻ

ഗോൾകീപ്പർ: ഡോണറുമ്മ

പ്രതിരോധം: അഷ്‌റഫ് ഹകീമി, പ്രസ്‌നൽ കിംപെംബെ, മാർക്വിഞ്ഞോസ്, നുനോ മെൻഡസ്.

മധ്യനിര: ഡാനിലോ പെരേര, ആന്ദർ ഹെരേര, ജോർജിന്യോ വൈനാൽഡം.

മുന്നേറ്റം: നെയ്മർ, ലയണൽ മെസ്സി, കെയ്‌ലിയൻ എംബാപ്പെ.

ഇന്ത്യൻ സമയം നാളെ രാത്രി 12.30 നാണ് മത്സരത്തിന്റെ കിക്കോഫ്.

TAGS :

Next Story