നെയ്മർ പഴയ തട്ടകമായ സാന്റോസിലേക്ക്; ലക്ഷ്യം 2026 ഫിഫ ലോകകപ്പ്- റിപ്പോർട്ട്
2009 മുതൽ 2013 വരെയായി സാന്റോസിനായി 177 മത്സരങ്ങളിൽ നിന്നായി 107 ഗോളുകളാണ് ബ്രസീലിയൻ അടിച്ചുകൂട്ടിയത്.

റിയാദ്: സീസൺ അവസാനത്തോടെ സൗദി ക്ലബ് അൽ-ഹിലാലുമായി കരാർ അവസാനിക്കുന്ന ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇന്റർ മിയാമിയിലേക്ക് പോകില്ലെന്ന് റിപ്പോർട്ട്. ബ്രസീലിലെ തന്റെ ആദ്യകാല ക്ലബായ സാന്റോസുമായി കരാറിലെത്താനാണ് 32 കാരൻ ലക്ഷ്യമിടുന്നതെന്നാണ് വിവരം. 2023ൽ റെക്കോർഡ് തുകക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്ന് അൽ-ഹിലാലിലെത്തിയ നെയ്മറിന് പരിക്ക് കാരണം സൗദി പ്രോ ലീഗിലെ ഭൂരിഭാഗം മത്സരങ്ങളിലും കളത്തിലിറങ്ങാനായില്ല. ഏഴ് മത്സരങ്ങളിൽ ക്ലബിനായി ഇറങ്ങിയ നെയ്മർ ഒരു ഗോളാണ് നേടിയത്. ഇതോടെ സീസൺ അവസാനത്തോടെ താരം ക്ലബ് വിടുമെന്ന അഭ്യൂഹം ശക്തമായി.
അമേരിക്കൻ ക്ലബായി ഇന്റർ മിയാമിയിലേക്ക് നെയ്മർ ചേക്കേറുമെന്നും വാർത്ത പ്രചരിച്ചു. പിഎസ്ജിൽ സഹതാരമായിരുന്ന ലയണൽ മെസ്സിയുടെ ഇന്റർ മയാമിയിലെ സാന്നിധ്യവും ഈ നീക്കത്തിന് ശക്തി പകർന്നു. മുൻ ബാഴ്‌സ സഹതാരം ലൂയി സുവാരസും കരിയറിലെ അവസാനകാലത്ത് അമേരിക്കൽ ക്ലബിലാണ് കളിക്കുന്നത്. നെയ്മർ കൂടി എത്തിയാൽ ബാഴ്‌സയിലെ പഴയ എംഎസ്എൻ ത്രയം വീണ്ടും കളത്തിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. 2017ൽ നെയ്മർ സ്പാനിഷ് ക്ലബ് വിട്ടതോടെയാണ് ഈ ത്രയം അവസാനിച്ചത്.
ഫുട്‌ബോൾ കരിയറിൽ വഴിത്തിരിവായ സാന്റോസിലേക്ക് മടങ്ങുക വഴി 2026 ഫിഫ ലോകകപ്പും നെയ്മർ ലക്ഷ്യമിടുന്നു. സാന്റോസിനായി 177 മത്സരങ്ങളിൽ നിന്നായി 107 ഗോളുകളാണ് ബ്രസീലിയൻ അടിച്ചുകൂട്ടിയത്. നെയ്മർ ക്ലബ് വിടുന്നതോടെ ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹിനെയെത്തിക്കാനാണ് അൽ-ഹിലാൽ ശ്രമം നടത്തുന്നത്.
Adjust Story Font
16

