Quantcast

മധ്യനിരയിൽ സിറ്റിയുടെ നിർണായക നീക്കം; റോഡ്രിയുടെ റോളിൽ കളം നിറയാൻ നിക്കോ

ബാഴ്‌സലോണ ലാമാസിയ അക്കാദമിയിലൂടെയാണ് യുവതാരം കളിക്കളത്തിൽ ചുവടുറപ്പിച്ചത്

MediaOne Logo

Sports Desk

  • Updated:

    2025-02-07 14:06:59.0

Published:

7 Feb 2025 2:00 PM GMT

Citys crucial move in midfield; Nico to fill Rodris role
X

ട്രാൻസ്ഫർ വിൻഡോയുടെ അവസാനദിനം സംഭവബഹുലമായ വാർത്തകളുടേതാകാറുണ്ട്. അവസാന മണിക്കൂറിലെ അപ്രതീക്ഷിത നീക്കങ്ങൾ ഫുട്ബോൾ ലോകത്തെ മാറ്റിമറിക്കുന്നതും നാം കണ്ടിട്ടുണ്ട്. ഇത്തവണ ജനുവരി ട്രാൻസ്ഫറിലും ഇത്തരമൊരു സർപ്രൈസ് നീക്കമുണ്ടായി. നിക്കോ ഗോൺസാലസ്. 23 കാരൻ സ്പാനിഷ് പയ്യനെ 50 മില്യൺ മുടക്കി ഏകദേശം 546 കോടിക്ക് മാഞ്ചസ്റ്റർ സിറ്റി കൂടാരത്തിലെത്തിച്ചിരിക്കുന്നു. എഫ്.സി പോർട്ടോയിൽ നിന്ന് മധ്യനിര താരത്തെയെത്തിച്ച സിറ്റിയുടെ ചടുലനീക്കം ഫുട്ബോൾ ലോകത്തും വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു.



കാറ്റലോണിയയുടെ അഭിമാനമായ ലാമാസിയ പ്രോഡക്ട്, മുൻ ബാഴ്സലോണ താരം, മാഞ്ചസ്റ്റർ സിറ്റി അക്കാദമി മുൻ പരിശീലകനായ ഫ്രാനിന്റെ മകൻ... ഒട്ടേറെ വിശേഷണങ്ങളുമായാണ് യുവതാരം എത്തിഹാദിന്റെ പടിചവിട്ടുന്നത്. 2023 സീസൺ മുതൽ പോർട്ടോക്കായി കളിക്കുന്ന ഇഇ യങ് മിഡ്ഫീൽഡർ 42 മത്സരങ്ങളിൽ നിന്നായി ഏഴു ഗോളുകളും പേരിലാക്കിയിട്ടുണ്ട്. കെവിൻ ഡിബ്രുയിനെ, മതേയസ് കൊവസിച്, ബെർണാഡോ സിൽവ, ഗുണ്ടോഗൻ...എന്നിങ്ങനെ നീളുന്ന പരിചയസമ്പന്നരായ ഒരുപിടി താരങ്ങളുള്ള സിറ്റി മധ്യനിരയിൽ എന്തായിരിക്കും നിക്കോ ഗോൺസാലിന്റെ റോൾ. പെപ് ഗ്വാർഡിയോള അദ്ദേഹത്തിന് ഏൽപ്പിച്ചു നൽകുന്ന ദൗത്യം എന്തായിരിക്കും. വരും ദിവസങ്ങൾ അതിനുള്ള ഉത്തരം നൽകും



സീസൺ പകുതി പിന്നിട്ടിട്ടും റോഡ്രിയുടെ വിടവ് പരിഹരിക്കാൻ ഇതുവരെ ചാമ്പ്യൻ ക്ലബിനായിട്ടില്ല. ക്ലബ് മുന്നോട്ട് പോകുന്നത് സമീപകാലത്തെ ഏറ്റവും മോശം ഫോമിലാണ്. റയൽ സോസിഡാഡിൽ നിന്ന് മാർട്ടിൻ സുബിമെൻഡിയെയടക്കം കൊണ്ടുവരുമെന്ന് സൂചനുണ്ടായിരുന്നെങ്കിലും നീക്കം ഫലംകണ്ടില്ല. ആർസനലിനെതിരെ അവസാനം നടന്ന പ്രീമിയർലീഗ് മാച്ചിലടക്കം തുറന്ന് കാട്ടപ്പെട്ടത് മധ്യനിരയിലെ പ്രശ്നങ്ങളാണ്. ഇതിനൊരു പരിഹാരം വേണം. മുന്നേറ്റത്തേയും പ്രതിരോധത്തേയും ബാലൻസ് ചെയ്തുകൊണ്ടുപോകുന്ന ഒരു ബോക്സ് ടു ബോക്സ് താരം വേണം. പുതിയ സൈനിങിലൂടെ സിറ്റിയുടെ ലക്ഷ്യമിടുന്നത് ആ സ്‌പെയിസ് പരിഹരിക്കലാണ്.



ബാഴ്സലോണയിലെ ചാവിയുഗത്തിൽ മധ്യനിരയിലെ പ്രധാനിയായിരുന്നു ഗോൺസാലസ്. ചാവിയുടെ വിശ്വസ്തനായ അന്നത്തെ കൗമാരക്കാരൻ 27 ലാലീഗ മത്സരങ്ങളിലാണ് ബൂട്ടുകെട്ടിയത്. 12 മാച്ചിലും സ്റ്റാർട്ട് ചെയ്തു. കറ്റാലൻമാരുടെ ഇതിഹാസ താരം സെർജിയോ ബുസ്‌കെറ്റസിന്റെ റീപ്ലെയ്സ്മെന്റായാണ് അന്ന് ഈ മധ്യനിരതാരത്തെ കണ്ടിരുന്നത്. എന്നാൽ പിന്നീട് ബാഴ്സയിൽ സംഭവിച്ചത് വലിയ അട്ടിമറികൾ. തുടർ തോൽവികളിൽ പരിശീലക സ്ഥാനത്തുനിന്ന് സാവി പുറത്തേക്ക്. അവസരങ്ങൾ നഷ്ടമായതോടെ 2022-23 സീസണിൽ 23 കാരൻ വലൻസിയയിലേക്ക് ലോണിലേക്ക് പോയി. തൊട്ടടുത്ത സീസണിൽ കണ്ടത് പോർച്ചുഗീസ് മൈതാനങ്ങളിൽ.



ഒരു എഞ്ചിൻ പോലെ നിർത്താതെ പണിയെടുക്കുന്നതിനൊപ്പം നിർണായക മത്സരങ്ങളിൽ ടീമിന്റെ രക്ഷകറോളിൽ അവതരിക്കുക... സിറ്റിയിൽ റോഡ്രിയുടെ റോൾ അതായിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിലടക്കം ഗോൾനേടിയാണ് റോഡ്രി സിറ്റിയിൽ തന്റെറോൾ എത്രത്തോളം സ്പെഷ്യലാണെന്ന് തെളിയിച്ചത്. ഇതിന് സമാനമാണ് പോർച്ചുഗീസ് ക്ലബിനൊപ്പമുള്ള നിക്കോ ഗോൺസാലസിന്റേയും പ്രകടനം. മധ്യനിരയിൽ നിന്ന് ബോക്സിലേക്കുള്ള ആ അപ്രതീക്ഷിതറൺ എതിർബോക്സിനെ ചിതറിക്കാൻ പോന്നതാണ്. പോയ യൂറോപ്പ ലീഗ് പ്ലേഓഫ് മത്സരത്തിൽ ടീമിനെ കൈപിടിച്ചുയർത്തിയ ഗോൾ പിറന്നതും ആ ബൂട്ടിൽ നിന്നായിരുന്നു.




ബോൾ റിക്കവറിയിലും ടാക്ലിങിലുമെല്ലാം മുന്നിലാണ്. റോഡ്രിയുടെ അഭാവമെന്ന പ്രതിസന്ധിക്ക് താൽക്കാലികമായെങ്കിൽ ഇവനൊരു ഉത്തരം കാണുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നതും അതുകൊണ്ടാണ്. പോയ സീസണിൽ പോർച്ചുഗീസ് ലീഗിലും യൂറോപ്പ ലീഗിലുമായി 2010 മിനിറ്റാണ് നിക്കോ കളത്തിലുണ്ടായിരുന്നത്. ഇതിൽ 58 ശതമാനവും ഡിഫൻസീവ് മിഡ്ഫീൽഡറുടെ പൊസിഷനിണെന്നതും ശ്രദ്ധേയമാണ്. 14ശതമാനം മാത്രമാണ് സെൻട്രൽ മിഡ്ഫീൽഡിൽ പന്തുതട്ടിയത്. പൊസിഷൻ റീഗെയിൻ, ടാക്ലിങ്, ഏരിയൽ ഡ്യുവൽ എന്നിവയിലെല്ലാം മറ്റേതൊരു പോർട്ടോ താരത്തേക്കാളും ഏറെ മുന്നിലായിരുന്നു ഈ സ്പാനിഷുകാരൻ. ഓൾ ആക്ഷൻ ഡൈനാമിക് മിഡ്ഫീൽഡർ എന്ന വിശേഷണവും പോർട്ടോയിൽ നിക്കോ ഗോൺസാലസിന് ചാർത്തികിട്ടി.



ഗണ്ണേഴ്‌സ് പെപ് ഗ്വാർഡിയോളക്ക് ഭീകരരാത്രി നൽകിയ ആ മത്സരത്തിൽ കൊവാസിച്-ബെർണാഡോ സിൽവ-ഒമർ മർമോഷ് ത്രയം അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമായിരുന്നു. ഗോൺസാലസിന്റെ വരവോടെ കൊവാസിചിന് മുന്നേറ്റത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാവും. ഡിഫൻസീവ് ദൗത്യം യുവതാരം ഏറ്റെടുത്താൽ സിറ്റിക്ക് പ്രതാപകാലത്തെ പ്ലെയിങ് ശൈലിയിൽ മുന്നേറാനാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.



മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള വരവിലൂടെ പിതാവിന്റെ സ്വപ്നം കൂടിയാണ് നിക്കോ ഗോൺസാലസ് യാഥാർത്ഥ്യമാക്കിയത്. വർഷങ്ങൾക്ക് മുൻപ്, നിക്കോ സ്പെയിനിൽ കാലുറച്ചുനടക്കുന്ന കാലത്ത് സിറ്റി അക്കാദമിയുടെ പരിശീലകനായിരുന്നു പിതാവ് ഫ്രാൻ. അവസരം ലഭിച്ചാൽ ഇംഗ്ലീഷ് ക്ലബിനൊപ്പം ചേരണമെന്ന് അന്നേ പിതാവ് കുഞ്ഞ് നിക്കോയോട് ആവശ്യപ്പെട്ടിരുന്നു. ലാമാസിയ അക്കാദമിയിലൂടെ കളിപഠിച്ച ആ യുവതാരം ഒടുവിൽ പെപ് ഗ്വാർഡിയോളയുടെ തട്ടകത്തിലെത്തുകയാണ്... റോഡ്രിയുടെ റോളിൽ സിറ്റിയുടെ മധ്യനിരയെ ചലിപ്പിക്കാൻ ഈ സ്പാനിഷ് താരത്തിന് സാധിക്കുമോ... വലിയ ഉത്തരവാദിത്തവും വെല്ലുവിളിയുമാണ് മുന്നിലുള്ളത്.

TAGS :

Next Story