നോർവേ - ഇസ്രായേൽ ; ഹാട്രിക്കിന് മുകളിൽ നിലപാടുകൾ ചർച്ചയായ മത്സരം

- Published:
12 Oct 2025 4:45 PM IST

ഏർലിങ് ഹാലൻഡിന്റെ 27 ആം കരിയർ ഹാട്രിക്കോ, ദേശീയ കുപ്പായത്തിലെ 50 ആം ഗോളോ, എന്തിന് ആ മത്സരത്തിന്റെ സ്‌കോർ നിലയോ പോലുമല്ല അതിനെ എന്നും ഓർമിക്കപ്പെടുന്ന ഒന്നാക്കി മാറ്റുന്നത്. ആഴ്ചകൾക്ക് മുമ്പേ പ്രഖ്യാപിച്ച നിലപാടിലുറച്ച് ബൂട്ടുകെട്ടിയിറങ്ങിയ നോർവേ ടീം, സ്റ്റേഡിയത്തിനകത്തും പുറത്തും തിങ്ങി നിറഞ്ഞ ഐക്യദാർഢ്യ ബാനറുകളും ഫലസ്തീൻ കൊടികളും, മത്സരത്തിന്റെ 90 മിനുട്ടും ഗാലറികളിൽ നിന്ന് മുഴങ്ങിയ ഫ്രീ ഫലസ്തീൻ മുദ്രാവാക്യങ്ങൾ, ഗസ്സയിൽ ഇസ്രേയേൽ നടത്തുന്ന ഫൗൾ പ്ലേക്കുനേരെ ഒരു മഞ്ഞക്കാർഡ് വീശാൻ പോലും ഫിഫയും യുവേഫയും മടിക്കുമ്പോൾ, യൂറോപ്പിലേതടക്കമുള്ള സകല ഗാലറികളും ഇസ്രേയലിന് ഇതിനോടകം ഡയറക്റ്റ് റെഡ് വിധിച്ചു കഴിഞ്ഞു.
ഇന്നലെ ഓസ്ലോയിലെ ഉല്ലെവാൽ സ്റ്റേഡിയത്തിന് പുറത്ത് നോർവേ ആരാധകർ നടത്തിയ പ്രീ മാച്ച് റാലിയിൽ ഉയർന്നതിൽ ഏറെയും ഫലസ്തീൻ പതാകകൾ ആയിരുന്നു, ഒരു പക്ഷെ നോർവെയുടെ കൊടികൾ പോലും എണ്ണത്തിൽ അത്രത്തോളം ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. ഇസ്രായേലിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്നും ലഭിക്കുന്ന മൊത്തം വരുമാനവും ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി കൈമാറുമെന്ന് പ്രഖ്യാപിച്ച തങ്ങളുടെ ദേശീയ ടീമിനോടുള്ള ഐക്യപ്പെടൽ കൂടിയായിരുന്നു ആ റാലി. അതിന്റെ അലയൊലികൾ മത്സരത്തിന്റെ ഫുൾ ടൈം വിസിൽ വരെ ഗാലറികളിലും നമ്മൾ കണ്ടു. LET THE CHILDREN LIVE , ആ കുഞ്ഞുങ്ങളെ ജീവിക്കാൻ വിടൂ, യോഗ്യത റൗണ്ടിലെ ആറാം മത്സരത്തിൽ ഇസ്രായേൽ പന്തുതട്ടുമ്പോൾ നോർവീജിയൻ ഗാലറിയിൽ ഉയർന്ന നെടുനീളൻ ബാനറിൽ കുറിച്ച വാചകങ്ങൾ ഇങ്ങനെയായിരുന്നു. ഫലസ്തീൻ പെലെ സുലൈമാൻ ഒബൈതും അൽ മുഹ്തറിഫീൻ ഫുട്‍ബോൾ അക്കാദമിയിലെ പിഞ്ചു ബാല്യങ്ങളുമടക്കം ആയിരക്കണക്കിന് ആളുകൾക്കാണ് ഇസ്രായേലിന്റെ നരനായാട്ടിൽ ഇതിനോടകം ജീവൻ നഷ്ട്ടമായത്.
ഗാലറികൾ നിലപാടിന്റെ വേദിയാവുന്നത് ഫുട്‍ബോളിൽ പുതിയ കാര്യമൊന്നുമല്ല, യൂറോപ്പിലെ ടോപ് 5 ലീഗുകൾ മുതൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലടക്കമുള്ളവ ഫലസ്തീൻ വിമോചനത്തിന് വേണ്ടി ശബ്ദമുയർത്തുന്നതിന് നാം സാക്ഷിയായതാണ്. ഏറ്റുവുമൊടുവിൽ അത്‌ലറ്റിക് ക്ലബിന്റെ ഹോം ഗ്രൗണ്ടായ സാൻ മാമേസ് സ്റ്റേഡിയവും അതിന് വേദിയായി. മയോർക്കേക്കെതിരായ ല ലീഗ മത്സരത്തിന് മുന്നോടിയായി ഫലസ്തീൻ അഭയാർത്ഥികൾക്ക് ഗ്രൗണ്ടിൽ പ്രേത്യേക ആദരവ് ഒരുങ്ങി. ഗസ്സൻ തീരം തേടി പുറപ്പെട്ട സുമുദ് ഫ്ലോട്ടില ഇസ്രായേൽ സൈന്യം പിടിച്ചടക്കിയപ്പോൾ ലോകത്താകമാനം ഉയർന്ന പ്രതിഷേധ സ്വരങ്ങളിൽ ഫുട്‍ബോൾ ലോകത്തെ പ്രധാന പേരുകളിൽ ഒന്നുമുണ്ടായിരുന്നു. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയുടേത്. ഇസ്രായേലിനെതിരെ ബാഴ്സലോണ വീഥികളിൽ നടക്കുന്ന പ്രതിഷേധ പരിപാടികളിൽ കൂടുതൽ ആളുകൾ പങ്കെടുക്കണമെന്ന് ആഹ്വാനവുമായി പെപ് അന്ന് രംഗത്ത് വന്നിരുന്നു. ഇതാദ്യമായല്ല പെപ് ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കുന്നത്, മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്റ്ററേറ്റ് ഏറ്റ് വാങ്ങിയ ശേഷം അദ്ദേഹം നടത്തിയ വികാരാധീദമായ പ്രസംഗം നാമെല്ലാം കേട്ടതാണ്. ഗസ്സയിലെ കുഞ്ഞുങ്ങളിൽ താൻ തന്റെ മക്കളെ കാണുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
തുടർച്ചയായ രണ്ടാം തോൽവിയോടെ ലോകകപ്പ് യോഗ്യത തുലാസിലായ ഇസ്രായേലിന് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്, അതിനാൽ തന്നെ ഒക്ടോബർ 15 ന് നടക്കുന്ന ഇറ്റലി - ഇസ്രായേൽ പോരാട്ടം ഇതിനോടകം കൂടുതൽ ജനശ്രദ്ധ നേടി കഴിഞ്ഞു. ലോകത്താകമാനം നടക്കുന്ന ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ ഏറ്റവും ശബ്ദമുയരുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. ആയതിനാൽ സ്റ്റാഡിയോ ഫ്രൂലിയിൽ നടക്കുന്ന ഈ മത്സരത്തിന് കനത്ത സുരക്ഷയൊരുക്കാനുള്ള നീക്കങ്ങൾ ഇപ്പോഴേ തുടങ്ങി കഴിഞ്ഞു, ഗാലറിയിലേക്കുള്ള കാണികളുടെ പ്രവേശനത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീൻ ജനതക്ക് സംഭവിക്കുന്നത് എനിക്ക് ഹൃദയവേദന നൽകുന്നു, എന്നാൽ ഞങ്ങൾ ലോകകപ്പിൽ നിന്നും പുറത്താവുമെന്ന് ഉള്ളതിനാലാണ് ഇസ്രായേലിനെതിരെ മത്സരിക്കുന്നത്, ഇറ്റാലിയൻ ദേശീയ ടീം പരിശീലകൻ ഗനാരോ ഗട്ടൂസോ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലിനെ ഫുട്‍ബോൾ മത്സരങ്ങളിൽ പൂർണമായും വിലക്കണമെന്ന ആവിശ്യം ഉന്നയിച്ച് ഇറ്റാലിയൻ സോക്കർ കോച്ചസ് അസോസിയേഷൻ നേരത്തെ രംഗത്ത് വന്നിരുന്നു.
രാഷ്ട്രീയ വിഷയങ്ങളിൽ പരിഹാരം കാണലല്ല ഞങ്ങളുടെ പണി, ഫുട്‍ബോൾ നടത്തലാണ്. ലോകമാകെ ഫലസ്തീനിന് വേണ്ടി ശബ്ദമുയർത്തുമ്പോൾ ഫിഫ പ്രസിഡന്റ ജിയാനി ഇൻഫാന്റിനോ നൽകിയ മറുപടി ഇതായിരുന്നു, പന്തുകൊണ്ട് സംസാരിക്കുവെന്ന് ബാനർ ഉയർത്തിയ ഇസ്രായേലി ആരാധകരുടെ നിലപാടിന്റെ മറ്റൊരു രൂപം. എന്നാൽ ഫലസ്തീൻ വിമോചനമെന്ന ഗോളിലേക്ക് നിലപാടോടെ പന്തുതട്ടുന്നവർ ഏറെയാണ്. സുലൈമാൻ ഒബൈദിന്റെ മരണത്തിനുത്തരവാദി ആരെന്ന ചോദ്യമായർത്തിയ മുഹമ്മദ് സലാഹ്, ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി സഹായമഭ്യർത്ഥിച്ച സൺ ഹ്യുങ് മിൻ, ഗാരി ലിനേക്കർ, സാദിയോ മാനെ, പോൾ പോഗ്ബയെന്നിങ്ങനെ ആ നിരയിൽ ഇനിയും അനേകം പേരുകളുണ്ട്. ഇസ്രായേൽ യോഗ്യത നേടിയാൽ ലോകകപ്പ് കളിക്കണമോ എന്നത് പുനർപരിശോധിക്കുമെന്ന് പറഞ്ഞ സ്പെയിനും, ഐക്യദാർഢ്യ നിലപാടുകൾ വിളിച്ചുപറഞ്ഞ സ്കോട്ലൻഡിലെയും അയർലണ്ടിലെയും ഗാലറികളും ഫലസ്തീനിന് ഒപ്പം നിന്നവരിലുണ്ട്. ഉക്രൈനിൽ റഷ്യ നടത്തിയത് ഫൗളാണെന്ന് വിധിക്കാൻ ഫിഫക്ക് വേണ്ടി വന്നത് നാലേ നാല് ദിവസമാണ്, എന്നാൽ ഫലസ്തീനിൽ കഴിഞ്ഞ രണ്ട് വർഷമായി നടക്കുന്നതെന്താണെന്ന് അവർ ഒരിക്കൽ പോലും തങ്ങളുടെ വി.എ.ആറിൽ പരിശോധിച്ചിട്ട് പോലുമില്ല, കളത്തിനകത്തും പുറത്തും ഐക്യദാർഢ്യ ശബ്‌ദമുയരുമ്പോൾ, അധികാരികൾ കണ്ണും കാതുമടച്ച് മൗനം പാലിച്ച് നിൽപ്പാണ്.
Adjust Story Font
16
