ശമ്പളം കൂട്ടിനൽകാനാവില്ലെന്ന് ബാഴ്‌സ; ഉസ്മാൻ ഡെംബലെ പുറത്തേക്ക്
കരാർ പുതുക്കാതെ താരം ക്ലബ്ബിൽ തുടർന്നാൽ ബാഴ്സക്ക് വൻ സാമ്പത്തിക നഷ്ടം

ലയണൽ മെസി, ലൂയിസ് സുവാരസ്, ആന്റോയ്ൻ ഗ്രീസ്മാൻ എന്നീ വൻതോക്കുകൾക്കു പിന്നാലെ സൂപ്പർ താരം ഉസ്മാൻ ഡെംബലെയും ബാഴ്‌സലോണയിൽ നിന്ന് പുറത്തേക്ക്. അടുത്ത വേനലോടെ അവസാനിക്കുന്ന ഡെംബലെയുടെ കരാർ പുതുക്കുന്നതു സംബന്ധിച്ച് ബാഴ്‌സയും താരത്തിന്റെ ഏജന്റും തമ്മിൽ നടത്തിയ ചർച്ച അലസിയതോടെയാണ് ഫ്രഞ്ച് താരം ക്ലബ്ബ് വിടാനുള്ള സാധ്യത ശക്തമായത്. ക്ലബ്ബിൽ തുടരാൻ ഡെംബലെക്ക് താൽപര്യമുണ്ടെങ്കിലും താരം ആവശ്യപ്പെടുന്ന ശമ്പളം നൽകാൻ കഴിയില്ലെന്ന് ബാഴ്‌സ വ്യക്തമാക്കിയതോടെയാണ് ചർച്ച വഴിമുട്ടിയത്.
ഇതോടെ, ജനുവരിയിലെ ട്രാൻസ്ഫർ കാലയളവിൽ താരത്തിനെ മറ്റേതെങ്കിലും ക്ലബ്ബിന് വിൽക്കാൻ ബാഴ്‌സ ശ്രമം നടത്തിയേക്കും. അതേസമയം, ഫ്രീ ഏജന്റായി വരികയാണെങ്കിൽ ഡെംബലെയെ വൻ തുക ശമ്പളം നൽകി സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് രണ്ട് പ്രീമിയർ ലീഗ് ക്ലബ്ബുകൾ രംഗത്തെത്തിയിട്ടുണ്ട്. ജനുവരിയിൽ ക്ലബ്ബ് മാറാതെ 11-ാം നമ്പർ താരം ബാഴ്‌സയിൽ തുടരുകയും കരാർ പുതുക്കാതിരിക്കുകയും ചെയ്താൽ വൻ സാമ്പത്തിക നഷ്ടമാണ് ബാഴ്‌സയെ കാത്തിരിക്കുന്നത്.
2017-ൽ നെയ്മർ ക്ലബ്ബ് വിട്ടതിനു പിന്നാലെ ബൊറുഷ്യ ഡോട്മുണ്ടിൽ നിന്നെത്തിയ ഡെംബലെക്ക് ഈ സീസൺ അവസാനം വരെയാണ് ബാഴ്‌സയുമായി കരാറുള്ളത്. നിലവിലെ കരാർ പ്രകാരം, ജനുവരി ഒന്ന് മുതൽ മറ്റ് ക്ലബ്ബുകളുമായി ട്രാൻസ്ഫർ ചർച്ച നടത്താൻ താരത്തിന് സ്വാതന്ത്ര്യമുണ്ട്. 2021 അവസാനിക്കുന്നതിനു മുമ്പ് കരാർ പുതുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡെംബലെ തന്റെ പദ്ധതിയിലെ സുപ്രധാന താരമാണെന്നും ബാഴ്‌സ കോച്ച് ഷാവി ഹെർണാണ്ടസ് ഈയിടെ വ്യക്തമാക്കിയിരുന്നു.
പ്രീമിയർ ലീഗിൽ നിന്നടക്കം വലിയ ക്ലബ്ബുകൾ താൽപര്യം പ്രകടിപ്പിച്ചു രംഗത്തുവന്നെങ്കിലും ബാഴ്‌സയിൽ തുടരാൻ ഡെംബലെയെ സമ്മതിപ്പിക്കുന്നതിൽ ഷാവി വിജയിച്ചിരുന്നു. നിലവിൽ സ്വീകരിക്കുന്ന വേതനത്തിൽ കുറവ് വരുത്തി താരം സ്പാനിഷ് ക്ലബ്ബിൽ തുടരുമെന്നായിരുന്നു ആദ്യ സൂചന. എന്നാൽ, ഇരുകൂട്ടരും നടത്തിയ ചർച്ചയിൽ ഡെംബലെയുടെ പ്രതിനിധികൾ നികുതി കഴിച്ച് 40 ദശലക്ഷം യൂറോ(337 കോടി രൂപ) പ്രതിവർഷ വേതനമായും 20 ദശലക്ഷം (168 കോടി) ഒപ്പുപണമായും ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത്രയും വലിയ തുക നൽകാൻ നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് ബാഴ്‌സ വ്യക്തമാക്കിയതോടെ ചർച്ച അലസി.
110 ദശലക്ഷം യൂറോയ്ക്ക് നാലുവർഷം മുമ്പ് ബാഴ്‌സ വാങ്ങിയ ഡെംബലെക്ക് നിലവിൽ കുറഞ്ഞത് 50 ദശലക്ഷമെങ്കിലും വിപണിമൂല്യമുണ്ടെന്നാണ് കരുതുന്നത്. കരാർ പുതുക്കുന്നില്ലെങ്കിൽ താരത്തെ വിൽക്കാനും ആ പണം അടുത്ത ട്രാൻസ്ഫർ കാലയളവിൽ ഉപയോഗിക്കാനുമാവും ബാഴ്‌സ താൽപര്യപ്പെടുക. ഇംഗ്ലീഷ് ക്ലബ്ബ് ന്യൂകാസിൽ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കൂടുമാറാതെ ആറു മാസം കാത്തിരുന്നാൽ ഫ്രീ ഏജന്റാവാൻ കഴിയുമെന്നതിനാലും അപ്പോൾ പുതിയ ക്ലബ്ബുമായി ശമ്പളക്കാര്യത്തിൽ വലിയ വിലപേശൽ നടത്താമെന്നതിനാലും ഡെംബലെ സീസൺ അവസാനം വരെ ബാഴ്‌സയിൽ തുടരാനാവും ശ്രമം നടത്തുക.
Strike Ousmane Dembele unlikely to renew his contract with Barcelona after fee talk collapsed
Adjust Story Font
16

