ആ കണ്ണിൽ നിന്നും പൊഴിഞ്ഞത് അയാളുടെത്തന്നെ മോശം കാലമാണ്
പരിക്ക് വിട്ടുമാറാത്തവൻ, പ്രതീക്ഷകൾക്കൊത്ത് ഉയരാത്തവൻ, ഗോളിലേക്ക് ഉന്നം വെക്കാൻ അറിയാത്തൻ... ഇങ്ങനെ പല ടാഗുകൾ സൃഷ്ടിച്ച ഹർഡിലുകൾ അയാൾക്ക് മറികടക്കേണ്ടി വന്നു.

- Updated:
2025-09-23 13:54:27.0

നിങ്ങൾ ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ അവഗണിക്കപ്പെട്ടവരോ പരിഹസിക്കപ്പെട്ടവരോ ആണോ? എങ്കിൽ നിങ്ങൾക്ക് ഈ മനുഷ്യനിൽ മാതൃകയുണ്ട്. ഫുട്ബോളെന്ന ലോകത്തെ ഏറ്റവും ജനകീയ വിനോദത്തിന്റെ സിംഹാസനത്തിൽ കൈയ്യിലൊരു ഗ്ളോബും പിടിച്ച് അയാൾ ഇരിക്കുകതാണ്. എതിരഭിപ്രായങ്ങളോ വിവാദങ്ങളോ ഇല്ലാതെ ഫുട്ബോൾ ലോകം ഒന്നടങ്കം പറയുന്നു, ഈ സിംഹാസനം ഇയാൾ അർഹിച്ചതാണ്. ഇന്നത്തെ ദിവസം ലോകം തന്നെ അയാളിലേക്ക് ചുരുങ്ങിയിരിക്കുന്നു.
പക്ഷേ ഈ യാത്ര അയാൾക്ക് ഒരിക്കലും എളുപ്പമായിരുന്നില്ല. പരിക്ക് വിട്ടുമാറാത്തവൻ, പ്രതീക്ഷകൾക്കൊത്ത് ഉയരാത്തവൻ, ഗോളിലേക്ക് ഉന്നം വെക്കാൻ അറിയാത്തൻ... ഇങ്ങനെ പല ടാഗുകൾ സൃഷ്ടിച്ച ഹർഡിലുകൾ അയാൾക്ക് മറികടക്കേണ്ടി വന്നു. പക്ഷേ ഇതൊന്നും വകവെക്കാതെയുള്ള ഓട്ടം ഒടുവിൽ ചെന്നുനിന്നത് ഈ ഭൂമിയിൽ ഒരു ഫുട്ബോളർക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും മികച്ച ഫിനിഷിൽ പോയന്റിലാണ്.
ആരാണീ ഒസ്മാനെ ഡെംബലെ? മൗറീത്വാനിയൻ സെനഗൽ വേരുകളുള്ള ഫാത്തിമാതക്കും മാലിക്കാരനായ ഒസമാനെക്കും പിറന്ന മൂത്ത പുത്രൻ. യൂറോപ്പിലെ മനോഹര ജീവിതം സ്വപ്നം കണ്ട് മെഡിറ്ററേനിയൻ കടൽ മുറിച്ചുകടക്കുന്ന അനേകം ആഫ്രിക്കൻ കുടുംബങ്ങളിലൊന്നിൽ ജനനം. കുടിയേറ്റ കുടുംബങ്ങളുടെ കൂടെയുണ്ടാകാറുള്ള ഇല്ലായ്മകളും വല്ലായ്മകളും ഒുരുപോലെ അനുഭവിച്ച ബാല്യം. 13ാം വയസ്സിൽ റെന്നസ് അക്കാഡമിയിലേക്കുള്ള പോക്കാണ് അവന്റെ ജീവിതത്തെ മാറ്റുന്നത്. റെന്നസിന്റെ രണ്ടാം നിര ടീമിലേക്കും അവിടെ നിന്നും സീനിയർ ടീമിലേക്കും വളർന്നു. ഒരു കാലത്ത് മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധ ഭടനായിരുന്ന മികേൽ സിൽവെസ്റ്ററാണ് അന്ന് റെന്നസിന്റെ സ്പോർടിങ് ഡയറക്ടർ. ക്രിസ്റ്റ്യാനോയുടെ കൗമാരം നേരിട്ടു കണ്ട സിൽവസ്റ്റർ അന്നേ ഡെംബലെയെ റൊണാൾഡോയുമായി താരതമ്യം ചെയ്തു. വൈകാതെ അഞ്ചുവർഷത്തെ കരാറിൽ ജർമനിയിൽ ഡോർട്ട് മുണ്ടിനൊപ്പം. കൂടെ ദെഷാംപ്സിന്റെ ഫ്രഞ്ച് ടീമിലും സ്ഥിരമായിത്തുടങ്ങി.
മിന്നും യുവതാരമെന്ന ലേബലിൽ ഓടിക്കൊണ്ടിരുന്ന ഡെംബലെയുടെ കരിയർ മാറുന്നത് 2017ലെ സമ്മർ സീസണിലാണ്. റെക്കോർഡ് തുകക്ക് സാക്ഷാൽ നെയ്മർ ജൂനിയർ ബാഴ്സലോണ വിട്ട് പി.എസ്.ജിയിലേക്ക് പോയതിന് പിന്നാലെയുള്ള ദിവസങ്ങൾ. നെയ്മറെ വിറ്റുകിട്ടിയതിന്റെ കോടികൾ കൈയ്യിലുള്ള ബാഴ്സലോണ പകരക്കാരെ തേടി നടക്കുന്ന കാലം. ഒടുവിൽ ബാഴ്സ ക്യാമ്പ് എത്തിയ പേരുകളിൽ ഒന്നായിരുന്നു ഒസ്മാനെ ഡെംബലെ. ഡോർട്ട്മുണ്ടിൽ നിന്നും വിട്ടുകിട്ടുന്നതിനായി കൊടുത്തത് ഫീയും ആഡ് ഓണുമടക്കം 158 മില്യൺ യൂറോ. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ട്രാൻസ്ഫർ. വലിയ ഹൈപ്പിൽ ക്യാമ്പ്നൗവിലേക്ക് വന്നിറങ്ങിയ ഡെംബലെക്ക് കാറ്റലോണിയ നൽകിയത് മറക്കാനാഗ്രഹിക്കുന്ന രാത്രികൾ.
നെയ്മറിന്റെ പകരക്കാരൻ, റെക്കോർഡ് ട്രാൻസ്ഫർ തുക.. ഈ രണ്ട് ടാഗ് ലൈനുകളും 20കാരനായ ഡെംബലെക്ക് നൽകിയത് എടുക്കാനാകാത്ത വിധമുള്ള ഭാരമാണ്. പിന്നാലെ പരിക്കുകളുടെ ഘോഷയാത്രയും വരികയായി. ബാഴ്സയിൽ 784 ദിനങ്ങളും നൂറോളം മത്സരങ്ങളുമാണ് ഡെംബലെക്ക് നഷ്മമായത്. കൂടെ മോശം ഫോമും അച്ചടക്കമില്ലായ്മയും കൂടിച്ചേർന്നതോടെ ഡെംബലെക്ക് ബാഴ്സലോണ ഒരു നരകമായിത്തുടങ്ങി. അയാളുടെ കാലുകളുടെ വേഗവും ഡ്രിബ്ലിങ് സ്കില്ലുകളും ബാഴ്സയുടെ താളത്തിനോട് അലിഞ്ഞുചേർന്നില്ല. ബോൾ മിസ്സിങ്ങും ഗോളിലേക്കുള്ള ലക്ഷ്യവും ചേർന്നതോടെ ആ പതനം പൂർത്തിയായി. അതിനിടയിൽ വർഷങ്ങൾ കടന്നുപോയി. വലിയ തുകക്ക് വാങ്ങിയ ഡെംബലെയെ എന്തുചെയ്യണമെന്നതിൽ ബാഴ്സക്കും വ്യക്തതയുണ്ടായിരുന്നില്ല.
അതിനിടെ ജന്മ നാട്ടിലെ പാരിസിൽ പുതിയ സംഭവ വികാസങ്ങൾ അരങ്ങേറുന്നത്. സ്പെയിൻ പരിശീലക സ്ഥാനം വിട്ടിറങ്ങേണ്ടി വന്ന ലൂയിസ് എന്റിക്വ പി.എസ്.ജിയിൽ പുതിയ പരീക്ഷണങ്ങൾക്ക് കോപ്പ് കുട്ടുന്ന സമയം. അദ്ദേഹത്തിന്റെ പ്രത്യേക താൽപര്യത്തിൽ 50 മില്യണിന് ഡെംബലെ പാരിസിൽ വന്നിറങ്ങി. പി.എസ്.ജിയിൽ അത് കിലിയൻ എംബാപ്പെ നിറഞ്ഞുകളിക്കുന്ന കാലമാണ്. 44 ഗോളുകളുമായി എംബാപ്പെ കുതിച്ചുപായുന്ന കാലത്ത് ഡെംബലെക്ക് അവിടെ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആദ്യ സീസണിൽ നേടിയത് ആറ് ഗോളും 14 അസിസ്റ്റും മാത്രം. വൈകാതെ കരിയർ ബെസ്റ്റ് സീസണിന് പിന്നാലെ എംബാപ്പെ മാഡ്രിഡിലേക്ക് വണ്ടികയറിപ്പോയി.
അവിടെ വെച്ച് പി.എസ്.ജിയുടെ ചരിത്രം ഒരു പുതിയ പാതയിലേക്ക് തിരിയുകയാണ്.നക്ഷത്രങ്ങൾ ഓരോന്നായി കൂടുവിട്ട പാരിസിലെ ആകാശത്ത് ലൂയിസ് എന്റിക്വ പുതിയ താരകങ്ങളെ തുന്നിച്ചേർത്തുതുടങ്ങി. ഇതുതന്നെയാണ് തന്റെ അവസരമെന്ന തിരിച്ചറിവിൽ ഡെംബലെയും ബൂട്ടുകെട്ടി. പിന്നീടൊരു കൊടുങ്കാറ്റിന്റെ വരവായിരുന്നു. ഒസ്മാനെ ഡെംബലെ എൻറിക്വയുടെ കളരിയിൽ അൺലോക്ക്ഡായിത്തുടങ്ങി. ഒരു ഫുട്ബോൾ സീസണെ ഒന്നടങ്കം മുൾമുനയിൽ നിർത്തി പി.എസ്.ജി എക്സ്പ്രസ് വേഗത്തിൽ കുതിച്ചുപായുമ്പോൾ ഡെംബലെ അതിന്റെ അമരക്കാരനായി. 35 ഗോളുകളും 16 അസിസ്റ്റുകളാണ് ആ കാലിൽനിന്നും വിരിഞ്ഞിറങ്ങിയത്. മൊണാക്കോക്കെതിരെ ട്രോഫി ഡെ ചാമ്പ്യൻസിൽ, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചാമ്പ്യൻസ് ലീഗിൽ, ഗണ്ണേഴ്സിനെതിരെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ .. ആ ഗോളുകളിൽ പലതും പോയത് ചരിത്രത്തിലേക്കാണ്. കോടികൾ ചൊരിഞ്ഞിട്ടും സൂപ്പർ സ്റ്റാറുകളെ പി.എസ്.ജി കുപ്പായത്തിൽ വരിനിർത്തിയിട്ടും കിട്ടാത്ത യൂറോപ്യൻ കിരീടം പാരിസിലെത്തിയതോടെ ഡെംബലെ വീരനായകനായി. ബാഴ്സലോണ ഫ്ളോപ്പ് പാരിസിൽ ഉണർന്നെണീറ്റെന്ന് പത്രങ്ങൾ തലക്കെട്ടിട്ടു. ഉണർന്നെണീറ്റു ഡെംബലെയെ ചങ്ങല പൊട്ടിച്ച് വിടുകയും സ്വതന്ത്രനാക്കുകയും ചെയ്ത ലൂയിസ് എന്റിക്വക്കും ഈ നേട്ടത്തിൽ ഒരു കൈയ്യൈാപ്പുണ്ട്.
ഈ തേരോട്ടത്തിന് തിലകക്കുറിയാകാൻ ബാലൺ ദ്യോറുമുണ്ടാകുമെന്ന് നേരത്തെ പ്രതീക്ഷിക്കപ്പെട്ടതാണ്. ഏതാണ്ട് അത് ഉറപ്പിച്ചതുമാണ്. അവസാന നിമിഷം മാറ്റം വരുമോ എന്ന കാത്തിരിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ എതിരഭിപ്രായങ്ങളോ വിവാദങ്ങളോ ഇല്ലാതെ അർഹിച്ച കനക കിരീടം ആ കൈകളിലേക്ക്.
മെസ്സിക്കും ബാഴ്സലോണക്കും ദെഷാംപ്സിനുമടക്കമുള്ള പലർക്കും ഡെംബലെ നന്ദി പറഞ്ഞിട്ടുണ്ട്. പക്ഷേ ഡെംബലെ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് രണ്ട് സ്ത്രീകളോടാണ്. ഒന്ന് മാതാവായ ഫാതിമത. മറ്റൊന്ന് ഭാര്യ റിമ എഡ്ബോഷെ. തന്റെ ജീവിതത്തെയും കരിയറിനെയും മാറ്റിമറിച്ചതിൽ ഇവർക്കുള്ള പങ്ക് ഡെംബലെ തുറന്നുപറഞ്ഞിരുന്നു.
Adjust Story Font
16
