പാരയായി സെൽഫ് ഗോൾ: ഇന്ത്യാ-കുവൈത്ത് മത്സരം സമനിലയിൽ
ഒന്നാം പുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു ഇന്ത്യയുടെ ഗോൾ വന്നത്. മിന്നും ഫോമിലുള്ള സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി ഗോൾ നേടിയത്.

ഇന്ത്യാ-കുവൈത്ത് മത്സരത്തില്‍ നിന്നും
ബംഗളൂരു: പൊരിഞ്ഞ പോരിനൊടുവിൽ സെൽഫ് ഗോൾ ഇന്ത്യക്ക് വില്ലനായപ്പോൾ കുവൈത്തിനെതിരെ സമനില. സാഫ് കപ്പിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇന്ത്യയും കുവൈത്തും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനുറ്റിലാണ് ഇന്ത്യക്ക് പാരയായി സെൽഫ് ഗോൾ വന്നത്. പന്ത് ക്ലിയർ ചെയ്യാനുള്ള അൻവർ അലിയുടെ ശ്രമം ഗോളിലെത്തുകയായിരുന്നു.
അതുവരെ ഇന്ത്യയായിരുന്നു മുന്നിട്ട് നിന്നത്. ഒന്നാം പുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു ഇന്ത്യയുടെ ഗോൾ വന്നത്. മിന്നും ഫോമിലുള്ള സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. വാശിയേറിയ പോരാട്ടം അവസാന മിനുറ്റിലെത്തിയപ്പോള്‍ കൈവിട്ടു, ഇതോടെ ഇരു ടീമുകളിയും രണ്ട് പേര്‍ക്ക് ചുവപ്പ് കാർഡ് കാണേണ്ടി വന്നു. മത്സരത്തിന്റെ അവസാനത്തിലായിരുന്നു റഫറി ചുവപ്പ് കാർഡ് പുറത്തെടുത്തത്. ഇന്ത്യയുടെ റഹീം അലിയും കുവൈത്തിന്റെ ഹമദ് അൽ ഖല്ലഫുമാണ് ചുവപ്പ് കാർഡ് പുറത്തായത്.
ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു ഇന്ത്യയുടെ ഗോൾ. കുവൈത്ത് പെനൽറ്റി ബോക്‌സിന്റെ മധ്യഭാഗത്ത് നിന്ന് വോളിയിലൂടെയാണ് ഛേത്രി വലകുലുക്കിയത്. അനിരുദ്ധ് ഥാപ്പ എടുത്ത കോർണർ കിക്കിൽ നിന്നായിരുന്നു ഗോൾ. ടൂർണമന്റിൽ ഛേത്രിയുടെ അഞ്ചാം ഗോളായിരുന്നു ഇത്. മികച്ച കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. ഗോളടിക്കാൻ ഇരു ടീമുകൾക്കും അവസരം ലഭിക്കുകയും ചെയ്തു. ടൂർണമെന്റിൽ ഇന്ത്യയുടെ വാശിയേറിയ മത്സരമായാണ് കുവൈത്തിനെതിരെ വിശേഷിപ്പിച്ചിരുന്നത്. ഫിഫ റാങ്കിങിൽ ഇന്ത്യയെക്കാൾ പിന്നിലാണെങ്കിലും സമീപകാലത്തെ ഫോംവെച്ച് ഇന്ത്യക്ക് വെല്ലുവിളിയുയർത്താൻ കുവൈത്തിനാകും എന്നായിരുന്നു കരുതിയിരുന്നത്.
Adjust Story Font
16

