Quantcast

നിത്യതയിലേക്ക് പെലെ; കണ്ണീർപൂക്കളർപ്പിച്ച് ലോകം

പെലെ കളിച്ചുവളർന്ന, ഇതിഹാസജീവിതത്തിലേക്ക് പന്തുതട്ടിയ മൈതാനമുറ്റത്ത്, സാന്റോസ് ക്ലബിന്റെ സ്വന്തം തട്ടകമായ ബെൽമിറോയിൽ പൊതുദർശനം പുരോഗമിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-01-03 07:37:18.0

Published:

3 Jan 2023 7:28 AM GMT

നിത്യതയിലേക്ക് പെലെ; കണ്ണീർപൂക്കളർപ്പിച്ച് ലോകം
X

സാവോപോളോ: ഇതിഹാസങ്ങളുടെ ഇതിഹാസം നിത്യനിദ്രയിലേക്ക്. ലോകത്തെ ഫുട്‌ബോൾ എന്ന മായികവലയത്തിലേക്ക് വലിച്ചടുപ്പിച്ച മാന്ത്രികൻ, എഡ്‌സോ അരാഞ്ചസ് ഡൂ നാസീമെന്റോ എന്ന പെലെ ചരിത്രത്തിലേക്ക്. കളിച്ചുവളർന്ന, ഇതിഹാസജീവിതത്തിലേക്ക് പന്തുതട്ടിയ മൈതാനമുറ്റത്ത്, സാന്റോസ് ക്ലബിന്റെ സ്വന്തം തട്ടകമായ ബെൽമിറോയിൽ പെലെയ്ക്ക് അവസാനനിദ്ര. കുടുംബത്തിനും കായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർക്കും പുറമെ പ്രിയതാരത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ ലക്ഷങ്ങളാണ് സാന്റോസിലേക്ക് ഒഴുകിയെത്തിയത്.

പെലെയുടെ അന്ത്യാഭിലാഷം പോലെത്തന്നെയായി മടക്കവും. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയോടെയാണ് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽനിന്ന് ഭൗതികദേഹം വില ബെൽമിറോയിലേക്ക് പൊതുദർശനത്തിനായി എത്തിച്ചത്. ഇവിടെ ഭാര്യ മാർഷ്യയും മക്കളും അടക്കമുള്ള കുടുംബം അവസാന ചുംബനമർപ്പിച്ചു. ഫിഫ തലവൻ ജിയാന്നി ഇൻഫാന്റിനോ അടക്കമുള്ള പ്രമുഖരും അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. നെയ്മർ, വിനീഷ്യസ് ജൂനിയർ, സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് അടക്കമുള്ളവർ പുഷ്പചക്രം സമർപ്പിച്ചു.


പൊതുദർശനം ഇന്നലെ രാത്രിയും തുടർന്നു. ബെൽമിറോയിൽ 24 മണിക്കൂർ പൊതുദർശനം പൂർത്തിയാക്കി പ്രാദേശിക സമയം ഇന്ന് ഉച്ചയോടെ സംസ്‌കാരചടങ്ങുകൾക്കായി ഭൗതികദേഹം കൊണ്ടുപോകും. വിലാപയാത്ര സാന്റോസ് നഗരം വലംവച്ച ശേഷമായിരിക്കും എക്യൂമെനിക്കൽ മെമോറിയൽ നെക്രോപോളിസിൽ സ്വകാര്യ ചടങ്ങോടെ അടക്കം ചെയ്യുക.


അന്ത്യചടങ്ങിൽ പങ്കെടുക്കാൻ പുതിയ ബ്രസീൽ പ്രസിഡന്റ് ലൂല ഡ സിൽവ, വൈസ് പ്രസിഡന്റ് ജെറാൾഡോ ആൽക്മിൻ തുടങ്ങിയ വി.ഐ.പികളും എത്തും. ലക്ഷക്കണക്കിനു ആരാധകർ അന്ത്യയാത്രയ്ക്കായി സാന്റോസിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചടങ്ങ് റിപ്പോർട്ട് ചെയ്യാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 5,000ത്തോളം മാധ്യമപ്രവർത്തകർക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് സാന്റോസ് ക്ലബിന്റെ പ്രസ് ഓഫിസ് അറിയിച്ചു. സംസ്കാര ചടങ്ങിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ വളരെ ശാസ്ത്രീയമായ സജ്ജീകരണമാണ് പൊതുദര്‍ശനത്തിനായി ഒരുക്കിയിരുന്നത്.

2022 ഡിസംബർ 29നാണ് ഫുട്‌ബോൾ ചരിത്രം കണ്ട എക്കാലത്തെയും വലിയ ഇതിഹാസം വിടപറയുന്നത്. 2021 മുതൽ അർബുദബാധിതനായി ചികിത്സയിലായിരുന്നു. അർബുദത്തിന് പുറമേ ഹൃദയ, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളും താരം നേരിട്ടിരുന്നു.


ബ്രസീലിനായി 1958, 1962, 1970 വർഷങ്ങളിൽ ലോകകപ്പ് നേടിയ താരമാണ് പെലെ. ഫുട്‌ബോൾ ചരിത്രത്തിൽ മൂന്ന് ലോകകിരീടങ്ങൾ നേടിയ ഏക താരം കൂടിയാണ്. ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് നൂറ്റാണ്ടിലെ ലോക കളിക്കാരനായി പെലെയെ തെരഞ്ഞെടുത്തിരുന്നു.

കൂടാതെ ഫിഫ പ്ലെയർ ഓഫ് ദി സെഞ്ച്വറി നേടിയ രണ്ട് ജേതാക്കളിൽ ഒരാളെന്ന നേട്ടത്തിനും പെലെ അർഹനായി. സൗഹൃദ മത്സരങ്ങൾ ഉൾപ്പെടെ 1,363 കളികളിൽനിന്ന് 1,281 ഗോളുകൾ നേടിയതിന് ഗിന്നസ് വേൾഡ് റെക്കോർഡും പെലെയുടെ പേരിലുണ്ട്.

Summary: Football world bids farewell to the Soccer legend Pele with 24-hour wake at the Vila Belmiro stadium, home of the Santos Football Club.

TAGS :

Next Story