നോമ്പ് തുറ ബ്രേക്കിനിടയിലെ കൂവൽ ; ലീഡ്സ് ആരാധകരുടെ പ്രവൃത്തിയെ അപലപിച്ച് പെപ് ഗ്വാർഡിയോള

ലണ്ടൻ : മുസ്‌ലിം താരങ്ങൾക്ക് നോമ്പ് തുറക്കുന്നതിന് വേണ്ടി മത്സരം നിർത്തിവെച്ചപ്പോൾ കൂവിയ ലീഡ്സ് ആരാധകരുടെ പ്രവൃത്തിയെ അപലപിച്ച് പെപ് ഗ്വാർഡിയോള. എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ ആളുകൾ പഠിക്കണമെന്നാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന സിറ്റി - ലീഡ്‌സ് മത്സരത്തിനിടേയാണ് സംഭവം അരങ്ങേറുന്നത്.
ലീഡ്‌സിന്റെ ഹോം ഗ്രൗണ്ടായ എല്ലാണ്ട് റോഡിലാണ് മത്സരം നടക്കുന്നത്. പതിമൂന്നാം മിനുട്ടിൽ റഫറി നോമ്പ് തുറക്കുന്നതിന് വേണ്ടി മത്സരം നിർത്തിവെച്ചതിന് പിന്നാലെ ഗാലറിയിൽ ഇരുന്ന ഒരു പറ്റം ലീഡ്സ് ആരാധകർ കൂവി വിളിച്ചു. ഇതിനെതിരെയാണ് പെപ് പ്രതികരിച്ചത്.
'പ്രീമിയർ ലീഗ് നിയമപരമായി അനുവദിച്ച ഒന്നോ രണ്ടോ മിനുട്ട് മാത്രമാണ് ഞങ്ങൾ എടുത്തത്. ദിവസം മുഴുവൻ ഒന്നും കഴിക്കാതെ ഇരുന്ന ചെർക്കിയും എയ്റ്റ് നൗറിയും ഒരല്പം പോഷകാഹാരം കഴിച്ചതിൽ എന്താണ് തെറ്റ് പറയാനുള്ളത്. അവർക്കത് ചെയ്യാൻ പാടില്ലേ?' പെപ് ചോദിച്ചു.
'എന്റെ താരങ്ങൾ ഇത് ആദ്യമായല്ല നോമ്പെടുക്കുന്നത്. അവർക്ക് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായി അറിയാം' പെപ് കൂട്ടിച്ചേർത്തു.
ലീഡ്സിനെ പ്രതിനിതീകരിച്ച് മത്സരശേഷം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത സഹപരിശീലകൻ എഡ്‌മണ്ട് റെയ്മർ തങ്ങളുടെ ആരാധകരുടെ പ്രവൃത്തിയെ വിമർശിച്ചു. 'അവർ ചെയ്തത് തീർത്തും നിരാശ നൽകുന്ന കാര്യമാണ്. ഇത് തിരുത്താനുള്ള ശ്രമം ഞങ്ങളിൽ നിന്നുമുണ്ടാവും' റെയ്മർ പറഞ്ഞു.
Adjust Story Font
16

