മൂന്ന് ചാമ്പ്യൻസ് ലീഗ് സ്‌പോട്ടിനായി അഞ്ച് ടീമുകൾ; പ്രീമിയർ ലീഗ് ഫൈനൽ ഡേയിൽ തീപാറും
ഞായറാഴ്ച രാത്രി 8.30ന് പത്ത് വേദികളിലായി ഒരേസമയത്താണ് മത്സരം

അഞ്ച് ടീമുകൾ... അവശേഷിക്കുന്നത് മൂന്ന് സ്‌പോട്ടുകൾ. ഓരോ ഗോളും നിർണായകം. ഞായറാഴ്ച ഇംഗ്ലീഷ് മണ്ണിലെ പത്ത് മൈതാനങ്ങളിലായി പ്രീമിയർ ലീഗ് ഫൈനൽ ഡേ അരങ്ങേറുമ്പോൾ അതൊരു അത്യാവേശകരമായ പര്യവസാനമാകുമെന്നുറപ്പ്. 2025-26 സീസൺ ചാമ്പ്യൻസ് ലീഗ് ബെർത്ത്. മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി, ആസ്റ്റൺ വില്ല, നോട്ടിങ്ഹാം ഫോറസ്റ്റ് എന്നീ ടീമുകൾ ഒരേയൊരു ലക്ഷ്യത്തിലേക്ക് പന്തുതട്ടുമ്പോൾ കളി ഗാലറികൾ ആവേശത്തിൻറെ പാരമ്യത്തിലെത്തും.
പോയ സീസണുകളിൽ ടൈറ്റിൽ റേസിലാണ് ആവേശം അവസാനം വരെയും നീണ്ടുനിന്നതെങ്കിൽ ഇത്തവണ കിരീടം വളരെ നേരത്തെ ലിവർപൂൾ ഉറപ്പിച്ചിരുന്നു. തുടക്കത്തിൽ ചെമ്പടക്ക് കടുത്ത വെല്ലുവിളി ഉയർത്തിയ ആർസനൽ രണ്ടാം പകുതിയിൽ കളിമറന്നതോടെ നാല് മത്സരങ്ങൾ അവശേഷിക്കെ തന്നെ ലിവർപൂൾ ലീഗ് കിരീടം സ്വന്തമാക്കി. അപ്പോഴും ചാമ്പ്യൻസ് ലീഗ് സ്‌പോട്ടിനുള്ള പോരാട്ടം മാറിയും മറിഞ്ഞും തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ ആ ചിത്രം തെളിയാൻ അവസാനദിനം വരെയും കാത്തിരിക്കേണ്ടിവന്നു. നിർണായകമായ 38ാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ ഓരോ ടീമുകളുടേയും സാധ്യകൾ പരിശോധിക്കാം.
ചെൽസി വെഴ്‌സസ് നോട്ടിങ്ഹാം ഫോറസ്റ്റ്. ടോപ് ഫൈവ് ലക്ഷ്യമിടുന്ന രണ്ട് ടീമുകൾ മുഖാമുഖം വരുമ്പോൾ അതിലൊരാളുടെ വിധി ഞായറാഴ്ച കുറിക്കപ്പെടുമെന്നകാര്യമുറപ്പാണ്. നിലവിൽ 37 മാച്ചിൽ 19 ജയവുമായി 66 പോയന്റുള്ള ചെൽസി ടേബിളിൽ അഞ്ചാംസ്ഥാനത്താണ്. ഇത്രയും മാച്ച് കളിച്ച നോട്ടിങ്ഹാം ഒരു പോയന്റ് കുറവിൽ ഏഴാമതും. നിർണായകമായ ആ മൂന്ന് പോയന്റ് സ്വന്തമാക്കുന്ന ടീമിന് യുസിഎൽ സ്‌പോട്ട് ഉറപ്പിക്കാം. കഴിഞ്ഞ രണ്ട് സീസണുകളിലായി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ നീലപടക്ക് ഇത്തവണ എന്തുവിലകൊടുത്തും അഞ്ചിൽ ഇടംപിടിക്കണം. സമനിലയാണെങ്കിൽ പോലും ഇരുടീമുകളുടേയും സാധ്യതകൾക്ക് മങ്ങലേൽക്കും. അതേസയമം, മത്സരം നടക്കുന്നത് സ്വന്തം തട്ടകമായ സിറ്റിഗ്രൗണ്ടിലാണെന്നത് ഫോറസ്റ്റിന് ആത്മവിശ്വാസം നൽകുന്നു. കഴിഞ്ഞ സീസണിൽ റെലഗേഷന്റെ വക്കിലെത്തിയവരുടെ മികച്ചൊരു കംബാക്കാണ് ഇത്തവണ ആരാധകർ കണ്ടത്. ചെമ്പട്ട് പുതച്ച ഗാലറിയിലവെ പതിനായിരങ്ങളുടെ ആരവങ്ങൾക്ക് നടുവിൽ വിജയമെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് എൻസോ മരെസ്‌കക്കും സംഘത്തിനും പന്തുതട്ടണം. നേരത്തെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.
സ്വന്തം തട്ടകമായ ഓൾഡ് ട്രഫോർഡിൽ വിജയത്തോടെ സീസൺ അവസാനിപ്പിക്കാനാകുമോ യുണൈറ്റഡിന്. ടോട്ടനത്തിന് മുന്നിൽ യൂറോപ്പ ലീഗ് കിരീടം അടിയറവ് വെച്ച നിരാശയിലാണ് റൂബെൻ അമോറിമിന്റെ സംഘം അവസാന ലീഗ് മാച്ച് കളിക്കൊനൊരുങ്ങുന്നത്. ടേബിളിൽ 16ാം സ്ഥാനത്തുള്ള യുണൈറ്റഡിന് ഇനിയൊന്നും നഷ്ടപ്പെടാനില്ലെങ്കിലും എതിരാളികളായ ആസ്റ്റൺവില്ലക്ക് അങ്ങനെയല്ല. 37 മാച്ചിൽ 66 പോയന്റുള്ള വില്ല ഇപ്പോൾ ടേബിളിൽ ആറാം സ്ഥാനത്താണ്. അഞ്ചാമതുള്ള ചെൽസിയുമായി തുല്യപോയന്റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ ഒരു സ്റ്റെപ്പ് താഴേക്കിറങ്ങി യൂറോപ്പ സ്‌പോട്ടിലാണിപ്പോൾ. അവസാന മാച്ചിൽ യുണൈറ്റഡിനെ വീഴ്ത്തി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനായി ഉനൈ എമറിയുടെ കളിക്കൂട്ടം പതിനെട്ടടവും പയറ്റുമെന്നുറപ്പാണ്. എന്നാൽ ജയം മാത്രം മതിയാകില്ല വില്ലക്ക്. ചെൽസി, ന്യൂകാസിൽ ടീമുകളുടെ പരാജയം ഉറപ്പാക്കുകയും വേണം. തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം ജനുവരി ട്രാൻസ്ഫറിൽ മികച്ച താരങ്ങളെയെത്തിച്ചതോടെയാണ് വില്ലയുടെ തലവരമാറിയത്. അവസാന അങ്കത്തിൽ യുണൈറ്റഡിനെതിരെ മുൻതൂക്കം വില്ലക്കാണെങ്കിലും ഒറ്റക്ക് കളം പിടിക്കാൻ കെൽപുള്ള ഒട്ടേറെ താരങ്ങളാണ് എതിർ നിരയിലുള്ളത്.
ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലാതെ സീസൺ അവസാനിപ്പിക്കുമോ മാഞ്ചസ്റ്റർ സിറ്റി... ആരാധകർക്ക് ഇങ്ങനെയൊരു സാഹചര്യം സങ്കൽപ്പിക്കാനാവില്ല. വർഷങ്ങളായി കിരീടങ്ങളിൽ അഭിരമിച്ച പെപ് ഗ്വാർഡിയോളുടെ സംഘം ഇത്തവണ ഒരു ട്രോഫിയുമില്ലാതെയാണ് മടങ്ങുന്നത്. ഏറ്റവുമൊടുവിൽ എഫ്എ കപ്പ് കലാശപോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിനോടേറ്റ തോൽവി പെപ് ഗ്വാർഡിയോളയുടെ സംഘത്തിന്റെ നെഞ്ചുപിളർക്കുന്നതായി. പ്രീമിയർലീഗിലും ഇനിയൊരു തിരിച്ചടി നേരിടാനുള്ള ശേഷി നീലപടക്കില്ല. അതിനാൽ അവസാന ലീഗ് മാച്ചിൽ അവസാന ശ്വാസം വരെയും പോരാടാനുറച്ചാണ് നിലവിലെ ചാമ്പ്യൻമാർ ഞായറാഴ്ച ഫുൾഹാമിനെ നേരിടുക. സമനില നേടിയാൽ പോലും അവർക്ക് സ്ഥാനമുറപ്പിക്കാനാകും. 37 മാച്ചിൽ 68 പോയന്റുമായി ആർസനലിന് താഴെ പോയന്റ് ടേബിളിൽ മൂന്നാംസ്ഥാനത്താണ് സിറ്റി. എന്നാൽ നിർണായക മാച്ചിൽ തോൽവിയാണെങ്കിൽ മൂന്നിൽ നിന്ന് നേരെ ആറിലേക്ക് പതിക്കാനുള്ള സാഹചര്യമാണ് പെപിനേയും സംഘത്തേയും കാത്തിരിക്കുന്നത്. അട്ടിമറികൾക്ക് പേരുകേട്ട ഫുൾഹാമിനെതിരെ അവരുടെ തട്ടകമായ ക്രാവൻ കോട്ടേജിൽ നേരിടുമ്പോൾ മൂന്ന് പോയന്റ് കവർന്നെടുക്കുക സിറ്റിക്ക് ഒട്ടും എളുപ്പമാകില്ല
ഈ സീസണിൽ അവിശ്വസനീയ കുതിപ്പ് നടത്തിയ ടീമുകളിലൊന്നാണ് ന്യൂകാസിൽ യുണൈറ്റഡ്. എഡീ ഹോയുടെ ആ നക്ഷത്രസംഘം കരബാവോ കപ്പിൽ മുത്തമിട്ട് ഏഴ് പതിറ്റാണ്ടിന്റെ കിരീട ദാരിദ്ര്യത്തിനാണ് 2025ൽ അറുതിവരുത്തിയത്. ഇനി മുന്നിലുള്ളത് ചാമ്പ്യൻസ് ലീഗ് യോഗ്യത. ഹോംഗ്രൗണ്ടായ സെന്റ് ജെയിംസ് പാർക്കിൽ എവർട്ടനെ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ന്യൂകാസിലിന് മതിയാകില്ല. 66 പോയന്റുള്ള ടീം നിലവിൽ നാലാം സ്ഥാനത്താണ്. ഇതേ പോയന്റിൽ തുടരുന്ന ചെൽസിക്കും ആസ്റ്റൺവില്ലക്കും മുകളിൽ സ്ഥാനമുറപ്പിച്ചത് ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്യത്തിൽ. ഈ സീസണിൽ ഒട്ടേറെ അനർഘ നിമിഷങ്ങൾ സമ്മാനിച്ച ന്യൂകാസിൽ ജയത്തോടെ യു. സി. എല്ലിലേക്ക് കംബാക്ക് നടത്തുന്നതും കാത്ത് വലിയൊരു ആരാധകകൂട്ടമാണ് നാളെ സെറ്റ് ജെയിംസ് പാർക്കിലുണ്ടാവുക. പോരാട്ടവീര്യത്തിൽ മറ്റേത് ലീഗിനേക്കാളും ഏറെ മുന്നിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. അൺപ്രെഡിക്ടബിൾ എന്നതു തന്നെയാണ് ഇപിഎല്ലിന്റെ പ്രത്യേകത. അവസാന ചിരിയുമായി ചാമ്പ്യൻസ് ലീഗിലേക്ക് ആരൊക്കെയെത്തും. അനിശ്ചിതത്വങ്ങൾ അവസാനിക്കാൻ ഇനി ഒരുദിനത്തിന്റെ ദൂരം മാത്രം....
Adjust Story Font
16