ലെവർകൂസനല്ല റയൽ; സാബിയുടെ തന്ത്രങ്ങൾ വർക്കാവാൻ ഇനിയും എത്ര സമയമെടുക്കും
എംബാപ്പെ-വിനീഷ്യസ് കോംബോ അവസരത്തിനൊത്ത് ഉയരാത്തതും പിഎസ്ജിക്കെതിരായ മത്സരത്തിൽ റയലിന് തിരിച്ചടിയായി
- Published:
13 July 2025 4:59 PM IST

ഫുട്ബോളിൽ ഒട്ടേറെ അനർഘ നിമിഷങ്ങൾക്ക് അയാൾ സാക്ഷിയായിരുന്നു. വിഖ്യാതമായ ഇസ്താംബൂൾ മിറാക്കിൾ സംഭവിക്കുമ്പോൾ ലിവർപൂളിന്റെ മുന്നണി പോരാളി... പതിറ്റാണ്ടിന്റെ ചാമ്പ്യൻസ് ലീഗ് വരൾച്ചക്ക് ലിസ്ബണിൽ റയൽ അറുതിവരുത്തുമ്പോൾ തൂവെള്ളക്കുപ്പായത്തിലും അരാധകർ അയാളെ കണ്ടു... പെപ് ഗ്വാർഡിയോള ബുണ്ടെസ് ലീഗയെ യൂറോപ്പിന്റെ നവീകരണ ഫാക്ടറിയാക്കി മാറ്റിയപ്പോൾ ബയേൺ മ്യൂണികിന്റെ ചുവപ്പും വെളുപ്പും കലർന്ന ജഴ്സിയിലും പ്രത്യക്ഷപ്പെട്ടു... ഏറ്റവും ഒടുവിൽ ബയർ ലെവർകൂസന്റെ സ്വപ്ന കിരീടത്തിലും ആ പേര് പതിഞ്ഞു.
സാബി അലോൺസോ. വന്നെത്തിയ ഇടങ്ങളെല്ലാം തന്റേതാക്കിയ മുൻ സ്പാനിഷ് മിഡ്ഫീൽഡർക്ക്, ഇപ്പോൾ എത്തി നിൽക്കുന്ന സാന്റിയാഗോ ബെർണബ്യുവിലെ ആകാശവും ഒട്ടും അപരിചിതമല്ല. എന്നാൽ ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ പിഎസ്ജിയോടേറ്റ വമ്പൻ തോൽവി നൽകുന്ന സൂചനകൾ എന്താണ്?. തന്റെ കളിശൈലിയിലേക്ക് ടീമിനെയെത്തിക്കുക അത്ര എളുപ്പമല്ലെന്ന കൃത്യമായ സിഗ്‌നലാണത്. എന്തായിരുന്നു സാബിയുടെ ലെവർകൂസനിലെ പ്ലെയിങ് ശൈലി. റയലിൽ പിഎസ്ജിക്കെതിരെ ഈ ശൈലി വർക്കാകാതിരുന്നത് എന്തുകൊണ്ട്... പരിശോധിക്കാം.
ബയേർ ലെവർകൂസനിൽ ചാർജെടുത്ത ശേഷം സാബി മുഖ്യമായും ആവിഷ്‌കരിച്ചത് 3-2-4-1 എന്ന ഫോർമേഷനായിരുന്നു. എന്നാൽ പേപ്പറിൽ ഇതാണെങ്കിലും കളിക്കളത്തിൽ അതൊരു സ്ഥിരം ശൈലിയായിരുന്നില്ല. അതായത് ബിൽഡ് അപ്പ് പൊസിഷനിലാണ് ടീം എങ്കിൽ 4-2-4 എന്ന ഷെയ്പ്പിലായിരുന്നു ജർമൻ ക്ലബ്. ഇത് എങ്ങനെയാണ് സാബി എക്സിക്യൂട്ട് ചെയ്തതെന്ന് നോക്കാം.
ടീം ബിൽഡ് അപ്പ് സമയത്ത് റൈറ്റ്ബാക്കായി കളിക്കുന്ന പ്ലെയർ റൈറ്റ് വിങ്ങറായി ഓവർലാപ്പ് ചെയ്ത് മുന്നേറും. ഈ സമയം ഡിഫൻസ് ബാക് ത്രിയിൽ നിന്ന് ബാക് ഫോറിലേക്ക് ചുവടുമാറ്റും. സെൻട്രൽ ഡിഫൻഡർമാർക്കായിരിക്കും ബിൽഡപ്പ് ദൗത്യം. പ്രതിരോധ താരങ്ങളിൽ നിന്ന് ലെഫ്റ്റ് ബാക്കിലേക്ക്. തുടർന്ന് ലെഫ്റ്റ് ബാക്ക് പന്തുമായി നേരെ മധ്യനിരയിലേക്ക്. ഈ സമയം ഒരുമിഡ്ഫീൽഡർ പലപ്പോഴും വലതു ഫ്ളാങ് പൊസിഷനിലേക്ക് മാറും. ലെഫ്റ്റ് വിങ്-സെൻട്രൽ മിഡ്ഫീൽഡർ കോമ്പിനേഷനിൽ പന്ത് മധ്യനിരയിൽ നിന്ന് അറ്റാക്കിങ് തേർഡിലേക്ക്. അതായത് സെൻട്രൽ ബാക്കിൽ നിന്ന് മധ്യനിരയിലേക്കും തിരിച്ച് ബാക്ക് പാസും നൽകുമ്പോൾ എതിർ താരങ്ങളുടെ പ്രസിങ് ഈ ദിശയിലേക്ക് കേന്ദ്രീകരിക്കും.
എന്നാൽ മറ്റൊരു മിഡ്ഫീൽഡറെ ഉൾപ്പെടുത്തി മധ്യനിരയിലെ ഫ്രീ സ്പെയിസിലൂടെ പന്ത് നേരെ മുന്നേറ്റതാരത്തിന്റെ കാലുകളിലേക്ക്. അവിടെ നിന്ന് സ്ട്രൈക്കറിലേക്കും ഗോളിലേക്കും. എതിരാളികളുടെ പ്രസിങ് ഫുട്ബോളിനെതിരായ കൃത്യമായ മറുമരുന്നായിരുന്നു ലെവർകൂസനിലെ സാബിയുടെ ഈ ടാക്റ്റിക്സ്. ഡിഫൻസ്-മിഡ്ഫീൽഡർ-സ്ട്രൈക്കർ-വിങർമാർ എന്നിവരെല്ലാം ഒരുചരടിൽ കോർത്തിണക്കിയപോലെ കളത്തിലുണ്ടെങ്കിൽ മാത്രം സാധ്യമാകുന്ന ടാക്റ്റിക്സ്. ബാഴ്സലോണയിൽ പെപ് ഗ്വാർഡിയോളയും ബ്രൈറ്റനിൽ ഡിസർബിയും ഫലപ്രദമായി നടപ്പിലാക്കിയ പ്ലെയിങ് ശൈലിയുടെ കോമ്പിനേഷനാണ് ഇത്. എതിരാളികളുടെ പ്രസിങ് ഫുട്ബോളിനെ മറികടക്കാൻ സാധിക്കുമെന്ന് ഈ ടാക്റ്റിക്സിലൂടെ സാബി ബുണ്ടെസ് ലിഗയിൽ പലകുറി തെളിയിക്കുകയും ചെയ്തു.
ഇനി ടീം അറ്റാക്കിങ് ശൈലിയിലേക്ക് വന്നാൽ 4-2-4 ഫോർമേഷൻ 3-2-5 സ്ട്രക്ചറിലേക്ക് ചെയ്ഞ്ച് വരുത്തുന്നതും കളത്തിൽ കാണാം. എന്നാൽ 5-4-1 ശൈലിയിൽ കളിക്കുന്ന ക്ലബുകളുടെ പ്രതിരോധം മറികടന്ന് ലക്ഷ്യംകാണുക അത്ര എളുപ്പമായിരുന്നില്ല. ഇത് മറികടക്കാനായി ഫോർവേഡായി കളിക്കുന്ന താരത്തെ ഡീപ്പായി കളിപ്പിക്കുന്ന തന്ത്രമാണ് സ്പാനിഷ് കോച്ച് എക്സിക്യൂട്ട് ചെയ്തത്. പലപ്പോഴും ഫ്ളോറിയാൻ വിർട്സിനെയാണ് ഇതിനായി നിയോഗിച്ചത്. പ്രോപ്പർ നമ്പർ 10 പൊസിഷനിലേക്ക് സ്ട്രൈക്കർ മാറുമ്പോൾ എതിരാളികളുടെ താളംതെറ്റും. ഇത്തരത്തിൽ എവിടെയും കളിപ്പിക്കാവുന്ന താരസാന്നിധ്യം ജർമൻ ക്ലബിൽ താരത്തിനുണ്ടായിരുന്നു. തന്റെ ശൈലിയ്ക്ക് പറ്റിയ താരങ്ങളുടെ സാന്നിധ്യം ബയേർ ലെവർകൂസനിൽ സാബിക്ക് കാര്യങ്ങൾ എളുപ്പമാക്കി. ജാനിക് ഷാക്കയായിരുനുന പ്ലേമേക്കറുറെ റോളിൽ അവിടെയുണ്ടാത്. സാബിയുടെ കൗണ്ടർ അറ്റാക്കിങിൽ പ്രധാന റോളും ഈ മിഡ്ഫീൽഡർക്കായിരുന്നു. ലെഫ്റ്റ് വിങ്ബാക്കായാണ് പൊസിഷനെങ്കിലും ഗ്രിമാൾഡോ ടീമിലെ ഓൾറൗണ്ടറായി. ഗ്രിമാൾഡോ ഡിഫൻസിലേക്ക് പോയാൽ റൈറ്റ്ബാക്ക് ജർമി ഫ്രിങ്പോങ് അറ്റാക്കിങ് ഡ്യൂട്ടി ഏറ്റെടുക്കും. ബോക്സ് ടു ബോക്സ് പ്ലെയറായി മിഡ്ഫീൽഡർ പലാസിയോ, പ്രതിരോധത്തിൽ ജൊനാഥൻ ഥാ എന്നിവരുടെയെല്ലാം പ്രകടനം ലെവർകൂസനിലെ സാവി റെവല്യൂഷനിൽ സുപ്രധാനമായിരുന്നു.
ജർമനിയിൽ നിന്ന് സ്പെയിനിലേക്ക് ചുവടുമാറ്റുമ്പോൾ അലോൺസോക്ക് നഷ്ടമായതും ഈ ടീം കോമ്പിനേഷനാണ്. സാബി യുഗത്തിൽ റയലിന്റെ വലിയ പരീക്ഷണ വേദിയായിരുന്നു പിഎസ്ജിക്കെതിരായ മത്സരം. 4-3-1-2 ശൈലിയിൽ ടീമിനെ വിന്യസിച്ച സ്പാനിഷ് കോച്ച് പിഎസ്ജി ഹൈ പ്രസിങിനെ അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള പദ്ധതികളാണൊരുക്കിയത്. എന്നാൽ വർത്തമാനകാല ഫുട്ബോളിലെ ഏറ്റവും വലിയ അറ്റാക്കിങ് നിരക്കെതിരെ തന്ത്രങ്ങളെല്ലാം പാളി. തുടക്കത്തിലെ പ്രതിരോധത്തിലെ രണ്ട് അബദ്ധങ്ങൾക്ക് ശേഷം ലോസ്ബ്ലാങ്കോസിന് കോൺഫിഡൻസ് നഷ്ടമായി.
ജൂഡ് ബെല്ലിങ്ഹാം, ആർദ ഗുള്ളർ എന്നീ മിഡ്ഫീൽഡർമാർ സാബിയുടെ ദീർഘകാല പ്ലാനിലെ സുപ്രധാന താരങ്ങളാകുമെന്ന് ഇതിനോടകം വ്യക്തമായ കാര്യമാണ്. ആഞ്ചലോട്ടി യുഗത്തിൽ പകരക്കാരന്റെ റോളിൽ മാത്രം കണ്ട ഗുള്ളർ സാബിയുടെ ഫസ്റ്റ് ചോയ്സ് പ്ലെയറായി മാറിയിട്ടുണ്ട്. അറ്റാക്കിങിലും പ്രതിരോധത്തിലും ഒരുപോലെ കോൺഡ്രിബ്യൂട്ട് ചെയ്യുന്ന ഫെഡർ വാൽവെർഡെയെ മാറ്റിനിർത്തിയുള്ള പരീക്ഷണത്തിനും സാബി തയ്യാറല്ല. ഫോർവേഡായി കളിക്കുന്ന ഗോൺസാലോ ഗാർഷ്യ, ലെഫ്റ്റ് വിങർ ഫ്രാൻ ഗാർഷ്യ, പ്രതിരോധ താരം ഡീൻ ഹ്യൂസൻ, റൈറ്റ് ബാക്ക് ട്രെൻഡ് അലക്സാണ്ടർ അർണോൾഡ് എന്നിവരും കുറഞ്ഞ ദിവസം കൊണ്ടുതന്നെ വ്യത്യാസത്തിൽ സാബിയോടടുത്തുകഴിഞ്ഞു. പിഎസ്ജിക്കെതിരായ മത്സരത്തിൽ റയലിനെ കാര്യമായി ബാധിച്ചത് ഹ്യൂസന്റേയും ട്രെൻഡിന്റേയും അസാന്നിധ്യം കൂടിയാണ്.
വരും നാളുകളിൽ ടീം റീബിൽഡിൽ സാബിയുടെ ഏറ്റവും ശ്രമകരമായ ദൗത്യം കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ എന്നിവരെ തന്റെ സ്റ്റൈലിലേക്ക് എത്തിക്കുകെയെന്നതാണ്. ആഞ്ചലോട്ടി ശൈലിയിൽ നിന്ന് മാറാൻമടിച്ചുനിൽക്കുന്ന വിനീഷ്യസിനെയാണ് ക്ലബ് ലോകകപ്പിലുടനീളം കളത്തിൽ കണ്ടത്. എംബാപ്പെയുമൊന്നിച്ചുള്ള ലിങ്ക്അപ്പ് പ്ലേയും പെർഫെക്ടായില്ല. അപ്പോഴും അയാളുടെ പ്രതിഭയിൽ ആർക്കും സംശയുമുണ്ടാവില്ല. അറ്റാക്കിങിന് പുറമെ പിറകിലേക്കിറങ്ങി പന്ത് തിരിച്ചുപിടിക്കേണ്ട ദൗത്യം ലെവർകൂസനിൽ സാബി മുന്നേറ്റതാരങ്ങൾക്കുണ്ടായിരുന്നു. എന്നാൽ റയലിലേക്ക് വരുമ്പോൾ അറ്റാക്കിങ് താരങ്ങൾ ഡിഫൻസീവ് ഡ്യൂട്ടിയിലേക്കെത്തതും തിരിച്ചടിയാണ്.
ടോണി ക്രൂസിനെ പോലെ മിഡ്ഫീൽഡിൽ ഡോമിനേറ്റ് ചെയ്ത് കളിക്കുന്ന താരത്തിന്റെ അസാന്നിധ്യവും സാബിയെ അലട്ടുന്നു. ക്രൂസിന് പിന്നാലെ മോഡ്രിച്ച് കൂടി പടിയിറങ്ങിയതോടെ മികച്ചൊരു മിഡ്ഫീൽഡറെയെത്തിക്കുകയെന്നത് റയലിന്റെ ഫ്യൂച്ചർ പ്ലാനിലുള്ളതാണ്. ന്യൂജേഴ്‌സിയിൽ പിഎസ്ജിയുടെ ലോകോത്തര മിഡ്ഫീൽഡുമായി കൊമ്പുകോർക്കുമ്പോൾ റയൽ അനുഭവിച്ചതും മിഡ്ഫീൽഡിൽ ക്രൂസ് ശൂന്യമാകികയ ആ റോളാണ്. അറ്റാക്കിനൊപ്പം പ്രതിരോധവും സാബി ഗെയിമിൽ പ്രധാനമാണ്. ബോൺമൗത്തിൽ നിന്ന് അടുത്തിടെയെത്തിച്ച ഡീൻ ഹ്യൂസൻ ഏതാനും മത്സരങ്ങൾകൊണ്ടുതന്നെ ഇംപാക്ടുണ്ടാക്കിയിട്ടുണ്ട്. ആന്റോണിറോ റൂഡിഗർ, റൗൾ അസൻസിയോ, പരിക്കുമാറിയെത്തിയ എഡർ മിലിറ്റാവോ എന്നിവർക്കൊപ്പം ഏറ്റവും അവസാനം സൈൻ ചെയ്ത അൽവാരോ കരേറസും കൂടി ക്ലിക്കായാൽ അടുത്ത സീസണിൽ അത്ഭുതം തീർക്കാൻ സാബിയുടെ റയലിനാകും. ക്ലബ് ലോകകപ്പിൽ ബെഞ്ചിലായിരുന്ന റോഡ്രിഗോ തന്റെ പ്ലാനിലില്ലെന്നും സ്പാനിഷ് കോച്ച് പറയാതെ പറഞ്ഞിട്ടുണ്ട്.
.''ഞങ്ങൾ പുതിയ മാനേജറുടെ കളി ശൈലിയുമായി പരുവപ്പെട്ടു വരികയാണ്. അതൊരിക്കലും നാല് ദിവസങ്ങൾ കൊണ്ട് സംഭവിക്കുന്നതല്ല. കഴിഞ്ഞ നാല് വർഷമായി ആഞ്ചലോട്ടിയുടെ ടാക്റ്റിക്സുകളാണ് പിന്തുടർന്നത്. അതിൽ നിന്നുമാറാനുള്ള കഠിനശ്രമത്തിലാണ്''... ക്ലബ് ലോകകപ്പിനിടെ റയൽ ഗോൾകീപ്പർ തിബോ കോർട്വോ പറഞ്ഞത് ഇങ്ങനെയായിരുന്നു. സ്പാനിഷ് ക്ലബിന് ഇതൊരു ട്രാൻഫർമേഷൻ പിരീഡാണ്. പാളിച്ചകൾ പരിഹരിച്ച് റയലിനെ ഫുൾേഫ്‌ലായിൽ കളത്തിൽ കാണാനാകുമോ... അടുത്ത സീസണിനായി കാത്തിരിക്കാം.
Adjust Story Font
16
