Quantcast

റയൽ മാഡ്രിഡ് പോസ്റ്ററിൽ കേരളം; വള്ളം തുഴഞ്ഞ് ടോണി ക്രൂസ്, കാഴ്ചക്കാരനായി അൻസലോട്ടി

അത്‌ലറ്റികോ മാഡ്രിഡുമായി ഇന്ന് നടക്കുന്ന ഡർബി മാച്ച് ഡേ പോസ്റ്ററിലാണ് മലയാളം ഇടം പിടിച്ചത്.

MediaOne Logo

Sports Desk

  • Published:

    4 Feb 2024 12:20 PM GMT

റയൽ മാഡ്രിഡ് പോസ്റ്ററിൽ കേരളം; വള്ളം തുഴഞ്ഞ് ടോണി ക്രൂസ്,   കാഴ്ചക്കാരനായി അൻസലോട്ടി
X

മാഡ്രിഡ്: ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബുകളിലൊന്നാണ് റയൽ മാഡ്രിഡ്. കിരീട നേട്ടത്തിലും മറ്റു ക്ലബുകളെ ബഹുദൂരം പിന്നിലാക്കിയാണ് യൂറോപ്യൻ ക്ലബിന്റെ കുതിപ്പ്. കേരളത്തിലും ആരാധകരുടെ എണ്ണത്തിൽ മുന്നിലാണ് ഈ സ്പാനിഷ് ക്ലബ്. ഇപ്പോഴിതാ കേരളത്തിലെ ആരാധകർക്കായി സ്‌പെഷ്യൽ പോസ്റ്ററുമായി ടീം രംഗത്തെത്തിയിരിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് കുട്ടനാടിന്റെ മനോഹര കാഴ്ചകളുമായി മാച്ച് ഡേ പോസ്റ്റർ പുറത്ത് വിട്ടത്. തോണി തുഴഞ്ഞ് മുന്നോട്ട് നീങ്ങുന്ന ടോണിക്രൂസാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തൊട്ടപ്പുറത്തെ വള്ളത്തിൽ നിലയുറപ്പിച്ച് പരിശീലകൻ അൻസലോട്ടിയും ക്യാപ്റ്റൻ നാചോയും.

അത്‌ലറ്റികോ മാഡ്രിഡുമായി ഇന്ന് നടക്കുന്ന ഡർബി മാച്ച് ഡേ പോസ്റ്ററിലാണ് മലയാളം ഇടംപിടിച്ചത്. ലോസ് ബ്ലാങ്കോസ് എന്ന് വള്ളത്തിൽ മലയാളത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഡർബി മത്സരത്തിന് നിങ്ങൾ തയ്യാറാല്ലെ എന്നാണ് പോസ്റ്ററിന് അടികുറിപ്പായി നൽകിയത്. കേരളത്തെ ഹാഷ് ടാഗിൽ രേഖപ്പെടുത്താനും ക്ലബ് അധികൃതർ മറന്നില്ല. അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം പോസ്റ്റർ വൈറലായി കഴിഞ്ഞു.

പോസ്റ്ററിന് താഴെ മലയാളത്തിൽ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റയൽമാഡ്രിഡ്-കേരള ബ്ലാസ്റ്റേഴ്‌സ് ഫ്രണ്ട്‌ലി മാച്ചിനെ കുറിച്ചും ആരാധകർ പറയുന്നു. ടോണി ക്രൂസിനെ തോണിക്രൂസാക്കിയും കമന്റുകളെത്തി. നേരത്തെ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയുമടക്കമുള്ള ക്ലബുകളും ഇത്തരത്തിൽ കേരള പശ്ചാത്തലമാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്ററുമായെത്തിയിരുന്നു. നിലവിൽ ലാലീഗ പോയന്റ് ടേബിളിൽ ഒന്നാമതാണ് റയൽ. കഴിഞ്ഞ കോപ്പ ഡെൽറ ഫൈനലിൽ അത്‌ലറ്റികോ മാഡ്രിഡിനോടേറ്റ തോൽവിക്ക് കണക്ക് ചോദിക്കാൻകൂടിയാണ് ടീം ഇന്ന് ഇറങ്ങുന്നത്.

TAGS :

Next Story